നാവിൽ വിളയട്ടെ ലാവണ്യവാക്കുകൾ

നാവിൽ വിളയട്ടെ  ലാവണ്യവാക്കുകൾ

റവ. ജോർജ് മാത്യു പുതുപ്പള്ളി

'നുഗ്രഹിക്കുക' എന്ന വാക്കിന് വിശാലമായ വിവിധ അർത്ഥങ്ങളുണ്ട്. സൗഖ്യമോ വിശുദ്ധിയോ പ്രാപിക്കുവാനുള്ള ആഗ്രഹത്തെ പ്രകടിപ്പിക്കുന്ന വാചാപ്രയോഗമാണിത്. ഒരു വ്യക്തിയുടെ മേലോ സാഹചര്യത്തിന്റെ മേലോ ദൈവിക ആനുകൂല്യം ലഭിക്കുവാനുള്ള അപേക്ഷയെ അതു പ്രദർശിപ്പിക്കുന്നു. സന്തോഷിക്കുവാനും മഹത്വപ്പെടുത്തുവാനും സ്തുതിക്കുവാനുമുള്ള അഭിവാഞ്ചയെ വ്യക്തമാക്കുന്നതാകാം അത്. 'അനുഗ്രഹിക്കുക' എന്നു പറഞ്ഞാൽ ഒരു വ്യക്തിക്കോ സാഹചര്യത്തിനോ നന്മ കൈവരുത്തുക എന്നാണർത്ഥം. അനുഗ്രഹത്തിന്റെ വാക്കുകളിൽ വലിയ ശക്തി ഉള്ളടക്കം ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അനുഗ്രഹിക്കുന്ന വ്യക്തി തന്നെ അനുഗ്രഹത്തിനു വിധേയനാകുന്നു.

സംസാരിക്കുന്ന വാക്കുകളുടെ പ്രാധാന്യം പഴയനിയമകാലത്തും ജനങ്ങൾ മനസിലാക്കിയിരുന്നു. മറ്റുള്ളവരുടെമേൽ അനുഗ്രഹം വർഷിക്കുമ്പോഴും ശാപം ചൊരിയുമ്പോഴും അവർ തികച്ചും ശ്രദ്ധാലുക്കളായിരുന്നു. അവർ ഉച്ഛരിക്കുന്ന ഓരോ വാക്കും ദൈവം ശ്രദ്ധിക്കുന്നുവെന്ന് അവർ അറിഞ്ഞിരുന്നു. യാക്കോബ് പിൽക്കാലത്ത് ഒരു ആദ്യജാതന്റെ അനുഗ്രഹങ്ങളെല്ലാം പ്രാപിച്ചു. യിസഹാക്കിന്റെ അനുഗ്രഹം മുഖാന്തരം ദൈവത്തെ അബ്രഹാമിന്റെയും യാക്കോബിന്റെയും ദൈവം എന്നു വിളിക്കുവാൻ സംഗതിയായി.

അനുഗ്രഹത്തിന്റെ വചനങ്ങൾക്ക് നമ്മുടെ പരിതസ്ഥിതികളെ വ്യത്യാസപ്പെടുത്തുവൻ കഴിയും. നാം ഉപയോഗിച്ചിരിക്കുന്ന ഓരോ അനുഗ്രഹവചസുകളും ദൈവം കേൾക്കുന്നു. ആ പദപ്രയോഗങ്ങളെ നടപ്പിലാക്കുവാൻ അവൻ പ്രവർത്തിക്കുന്നു. ഈ കാരണത്താൽ നാം നമ്മുടെ സഹവിശ്വാസികളുടെ മേലും, സ്നേഹിതരുടെ മേലും, ബന്ധുക്കളുടെ മേലും, പരിതസ്ഥിതികളുടെ മേലും, നമ്മുടെ ശത്രുക്കളുടെമേൽപോലും അനുഗ്രഹം ആശംസിക്കുന്നവരായിത്തീരണം.

നമ്മുടെ ചുറ്റുമുള്ള എല്ലാറ്റിനെയും അനുഗ്രഹിക്കുന്നതിനാൽ അനുഗ്രഹം അവകാശമാക്കുവാൻ നാമും യോഗ്യരായിത്തീരുന്നു. തിരുവചനം പറയുന്നു : 'ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ' (1 പത്രൊസ് 3 : 9). നമ്മോടു തെറ്റ് ചെയ്യുന്നവരെ ശപിക്കുന്നതും നാം നേടണമെന്ന് ആഗ്രഹിച്ച വിജയം നേടിയവരോട് അസൂയ തോന്നുന്നതും സ്വാഭാവികമാണ്. അപ്രകാരമുള്ളവരെ വിമർശിക്കുവാനും അവരെപ്പറ്റി ദുഷ്ടത സംസാരിക്കുവാനും നാം പ്രേരിപ്പിക്കപ്പെടുന്നു. ആകയാൽ ഇനിമുതൽ നമുക്ക് എല്ലാവരെയും അനുഗ്രഹിക്കുന്നവരായി മാറാം.

ചിന്തക്ക് : 'യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ. നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും. നീ ഭാഗ്യവാൻ, നിനക്കു നന്മ വരും.നിന്റെ ഭാര്യ നിന്റെ വീട്ടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളിപോലെയും, നിന്റെ മക്കൾ നിന്റെ മേശെയ്ക്കുചുറ്റും ഒലിവ്തൈകൾപോലെയും ഇരിക്കും.യഹോവാഭക്തമായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും.നിന്റെ ആയുഷ്കാലമൊക്കെയും നീ യെരുശലേമിന്റെ നന്മയെ കാണും.നിന്റെ മക്കളുടെ മക്കളെയും നീ കാണും.യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ' (സങ്കീർത്തനങ്ങൾ 128 : 1...6).