സുവർണ ജൂബിലി നിറവിൽ ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി; ബിരുദദാന സർവീസ് ഫെബ്രുവരി 13ന്

സുവർണ ജൂബിലി നിറവിൽ ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി;  ബിരുദദാന സർവീസ് ഫെബ്രുവരി 13ന്

വാർത്ത: മോൻസി മാമൻ

പായിപ്പാട് : കേരളത്തിലെ പ്രശസ്തമായ വേദ പഠന സെമിനാരിയായ ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി സുവർണ ജൂബിലി നിറവിൽ. 

ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ (NIEA)  പ്രധാനപ്പെട്ട മിഷൻ പ്രവർത്തനങ്ങളിൽ ഒന്നാണ് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി (NIBS). 1975-ൽ പരേതനായ ഡോ. എബ്രഹാം ഫിലിപ്പിനാൽ സ്ഥാപിതമായ സെമിനാരി തദ്ദേശിയരായ യുവതീയുവാക്കൾക്ക് ബൈബിൾ വിഷയങ്ങളിലും സുവിശേഷ പ്രവർത്തനങ്ങളിലും പരിശീലനം കൃത്യതയാർന്ന രീതിയിൽ നൽകിയാൽ മാത്രമേ ഇന്ത്യയിൽ സുവിശേഷവൽക്കരണം സാധ്യമാകൂ എന്ന ദർശനത്തിലൂന്നിയാണ് പ്രവർത്തിക്കുന്നത്. 

സെമിനാരിയുടെ അൻപതാമത് ബിരുദദാന സമ്മേളനം ഫെബ്രുവരി പതിമൂന്നിന് സെമിനാരി ക്യാമ്പസിൽ നടക്കും. ഡോ. സുബ്രോ സർക്കാർ ബിരുദദാന സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. ന്യൂ ഇന്ത്യ ഇവാഞ്ചാലസ്റ്റിക് അസോസിയേഷൻ ബോർഡ്‌ ചെയർമാൻ റവ. ജോൺ വെസ്ലി അനുഗ്രഹ പ്രാർത്ഥന നടത്തും. ന്യൂ ഇന്ത്യ ഇവാഞ്ചാലസ്റ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അലക്സാണ്ടർ ഫിലിപ്പ് ബിരുദങ്ങൾ വിതരണം ചെയ്യും. ഡോ. ജോൺ അലക്സ്‌ സെമിനാരിയുടെ പ്രിൻസിപ്പാൾ ആയി സേവനം അനുഷ്ഠിച്ചു വരുന്നു.

ഫെബ്രുവരി പന്ത്രണ്ടിന് രാവിലെ ഒൻപത് മണി മുതൽ സെമിനാരിയുടെ നേതൃത്വത്തിൽ ബാക്കലോറിയേറ്റ് സർവീസ് നടക്കും. 2024-25 അധ്യായന വർഷത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപതിലേറെ വിദ്യാർത്ഥികൾ വിവിധ കോഴ്‌സുകളിലായി പഠനം പൂർത്തിയാക്കി ബിരുദങ്ങൾ സ്വീകരിക്കും.