ഇനിയുമൊരു പുതുയുഗം വിരിയുമോ..?
കാലികം
ഇനിയുമൊരു പുതുയുഗം വിരിയുമോ..?
സജി പീച്ചി
കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. ജനഹൃദയങ്ങളിൽ പുതിയ ഉണർവ്വും ഉന്മേഷവും പകരുന്നതാണ് ഈ അധികാര കൈമാറ്റം.
നവ കേരളം ഏറെ പ്രതീക്ഷയോടെയും പ്രത്യാശയോടെയുമാണ് പുതിയ മന്ത്രിസഭയെ വീക്ഷിക്കുന്നത്.
മനുഷ്യർ പൊതുവെ സമാധാന കാംക്ഷികളും സന്തുഷ്ടിയുള്ള ജീവനം കഴിക്കാൻ ആഗ്രഹിക്കുന്നവരുമാണ്.
അവരുടെ ശുഭ പ്രതീക്ഷകളുടെ നാമ്പുകൾ ഉയർന്നു വന്ന് പുഷ്പിക്കട്ടെയെന്ന് ആശിക്കാം, പ്രാർത്ഥിക്കാം. .
ഭരണ സംവിധാനങ്ങളാകുമ്പോൾ അല്ലറ ചില്ലറ അസ്വാരസ്യങ്ങളും ചെറിയ കല്ലുകടികളും സ്വാഭാവികമാണ്.
എല്ലാവരെയും ഏകോപിപ്പിച്ചും സമുന്വയിപ്പിച്ചും കൊണ്ടു പോകുന്നതിലാണ് അമക്കാരന്റെ വൈഭവം വെളിപ്പെടുന്നത്. ജന നന്മയ്ക്ക് ഉതകുന്ന പദ്ധതികളോടാണ് ജനങ്ങൾക്ക് താല്പര്യം. എന്തും സൗജന്യമായി ലഭിക്കണമെന്നതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കഠിനമായ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത് അവരിൽ രോഷവും അസ്വാസ്ഥ്യവുമാണുളവാക്കുന്നത്. അത് ഭരണചക്രം തിരിക്കുന്നവർക്ക് ഭൂഷണമല്ല. പുതിയ മുഖ്യമന്ത്രിയുടെ യാത്രാക്രമീകരണങ്ങൾ ജനങ്ങളിൽ മതിപ്പുളവാക്കുന്നതാണ്. ആഡംബര വാഹനങ്ങൾ ഒഴിവാക്കി പ്രോട്ടോകോൾ അനുസരിച്ചുള്ള വാഹനങ്ങൾ ഉപയോഗിക്കുകയും ജനങ്ങളുടെ യാത്രയ്ക്ക് വിഘ്നം വരുത്താതിരിക്കയും ചെയ്യുന്നത് ഏറെ ആശ്വാസമാണ്. എല്ലാവരെയും മാനിച്ചും സഹകരിപ്പിച്ചും കൊണ്ട് പോകാനാണ് നേതൃത്വം പരിശ്രമിക്കേണ്ടത്.
എന്നാൽ ഭരണപക്ഷത്തിന്റെ പ്രവർത്തനങ്ങളെ വികലമാക്കി കാണിക്കാനും സമാധാനം കെടുത്തിക്കളയാനും ചില തല്പര കക്ഷികൾ ശ്രമിക്കുമെന്നതിൽ സംശയമില്ല.
എന്നാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഭരണം കൊണ്ടു പോകുമ്പോഴാണ് യഥാർത്ഥ വിജയമുണ്ടാകുന്നത്.
പുതിയ മന്ത്രിസഭയുടെ വരവോടെ
പെന്തകോസ്ത് പ്രസ്ഥാനങ്ങൾക്കും ഏറെ പ്രതീക്ഷകളാണുള്ളത്.
അവരുടെ പ്രതീക്ഷയ്ക്ക് വക നൽകുന്ന മറ്റു ചില സംഗതികളും കൂടെയുണ്ട്.
ഇത്തവണ നിയമസഭയിൽ ചില പെന്തകോസ്ത് മെമ്പർമാർ കൂടെ ഉണ്ടെന്നുള്ളത് അഭിമാനാർഹമായ വസ്തുതയത്രേ.
അവരുടെ ചിരകാല അഭിലാഷമായ ഈ വസ്തുത പെന്തകോസ്ത് ജനതയ്ക്ക് ആശയ്ക്ക് വക നൽകുന്നതാണ്. പക്ഷെ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ സുഗമമാകുമോ എന്ന് പരീക്ഷിക്കേണ്ടതുണ്ട്..?
പൊതുവെ പെന്തകോസ്ത് പ്രസ്ഥാനത്തിനകത്തു തന്നെ സ്വസ്ഥത കെടുത്തുന്ന പല സംഗതികളും പുകഞ്ഞു കൊണ്ടിരിക്കുകയാണ്. അതൊന്ന് കെട്ടടങ്ങിയിട്ടു വേണം ബാക്കി കാര്യങ്ങളെക്കുറിച്ച് പുനർ വിചിന്തനം ചെയ്യാൻ ..!
ആധുനിക സംസ്ക്കാരവും കാലവും മാറിമറിഞ്ഞപ്പോൾ ആത്മീയതയെപ്പറ്റി അധികമൊന്നും ഉരിയാടാൻ ആർക്കും ധൈര്യമില്ല..!
ഭൗതീകതയ്ക്കാണ് മിക്കവരും മുൻതൂക്കം കൊടുക്കുന്നത്.
ഏറെ നാളത്തെ ആഗ്രഹത്തിന്റെ സാഫല്ല്യമാണ് പെന്തകോസ്തിന് നിയമസഭയിൽ ഒരു മെമ്പർ ഉണ്ടായി എന്നുള്ളത്.
അപ്രകാരം ആശിച്ച പലർക്കും സന്തോഷം പങ്കിട്ട് ഒരു പെന്തകോസ്ത് സ്ഥാനാർഥി ഇപ്രാവശ്യം നിയമസഭയിൽ കാലുകുത്തി.
ഇനി പെന്തകോസ്ത് മെമ്പറെ ആശ്രയിച്ച് കാര്യങ്ങൾ നടത്താമെന്ന വ്യാമോഹമൊന്നും ആരും വച്ചു പുലർത്താതിരിക്കുന്നതാണ് കരണീയം.
അത് ഒരു പരിധി വരെ നിരാശയിലായിരിക്കും കലാശിക്കുക. കാരണം പെന്തകോസ്ത്കാരാരും തന്നെ ഈ പെന്തകോസ്ത് സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിൽ
ചെറുവിരലനക്കിയിട്ടില്ല..
അവരെ തെരഞ്ഞെടുത്തു വിട്ടവരോട് ആ നിയമ സഭാംഗത്തിനു കടപ്പാടും പ്രതിബദ്ധതയുമുണ്ട്.
അത് കാണിച്ചേ മതിയാവൂ.
അത് വിസ്മരിച്ചുള്ള യാതൊരു പ്രവർത്തിക്കും അവർ കൂട്ടു നിൽക്കില്ല.
സഭയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാൽ അത് പെന്തകോസ്ത് സഭയ്ക്ക് കിട്ടുന്ന ഭാഗ്യമെന്നോ പുണ്യമെന്നോ മാത്രമേ പറയാനാകൂ.
അതിനപ്പുറം അമിത കൈകടത്തലുകളോ, സ്വാധീനങ്ങളോ പെന്തകോസ്ത് ലോകം പ്രതീക്ഷിക്കേണ്ടതില്ല.
സുവിശേഷം നന്നായി പ്രസംഗിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് മലയാളത്തിനു ദാനമായി കിട്ടിയിരിക്കുന്നുവെന്നതിൽ പെന്തകോസ്ത്കാർക്ക്
സന്തോഷിക്കാം ; അഭിമാനിക്കാം.
മുഖ്യമന്ത്രിയുടെ പ്രഭാഷണങ്ങളുടെ റീലുകളും പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ തിളച്ചു മറിയുകയാണ്. പലരും ആഘോഷപൂർവ്വം അവ പങ്കുവച്ച് അരങ്ങു തകർക്കുന്നു.
കൊട്ടിക്കലാശത്തിന്റെ ലഹരിയുടെ കെട്ട് പലരിലും വിട്ടു മാറിയിട്ടില്ല.
അയൽ സംസ്ഥാന മുഖ്യമന്ത്രി ജോസഫ് വിജയും ക്രൈസ്തവനായതിനാൽ തമിഴ് പെന്തകോസ്ത് സഭകൾക്ക് ഏറെ സന്തോഷം.
ക്രൈസ്തവ ചിന്താഗതി വച്ചു പുലർത്തുന്ന വ്യക്തി ആയതിനാൽ ശുഭപ്രതീക്ഷയുടെ പൊൻ കിരണങ്ങൾ അവിടെയും അനുസ്യൂതം പ്രകാശിക്കുന്നുണ്ട് .
സമൂഹത്തോട് കടപ്പാടുള്ളവരാണ്
പെന്തകോസ്ത് സഭകളും വിശ്വാസ സമൂഹവും.
സ്വസ്ഥതയും സ്വൈര്യവുമുള്ള ജീവനം പ്രതീക്ഷിക്കുന്നവരാണവർ. അതിനാൽ ഭരണാധികാരികൾക്കും അധികാരകേന്ദ്രങ്ങളിലുള്ളവർക്കും വേണ്ടി സ്വമേധയാ അവർ പ്രാർത്ഥിക്കുന്നു. ആ ഉത്തരവാദിത്വം ദൈവസഭയ്ക്കുണ്ട്..
രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും അഘണ്ഡതയ്ക്കും അത് അനിവാര്യമാണ്.
പുതിയ മേഖലയിൽ പെന്തകോസ്ത് സഭകൾ ചരിക്കുന്നത് ഇനി ശുഭ പ്രതീക്ഷയുടെ നാളുകളായിരിക്കുമോ എന്ന് കാത്തിരുന്നു കാണാം.

