പരീക്ഷ എന്തിനുവേണ്ടി? I യേശു പാദാന്തികം 6

പരീക്ഷ എന്തിനുവേണ്ടി? I യേശു പാദാന്തികം 6

യേശു പാദാന്തികം 6

പിശാചിനാല്‍ പരീക്ഷിക്കപ്പെടേണ്ടതിന് ആത്മാവു നടത്തുകയോ?

ന്തിനുവേണ്ടിയാണു പരീക്ഷ? നിങ്ങളുടെ ഭക്തിയുടെ ശുദ്ധി തെളിയിക്കുന്നതിനായി! നിങ്ങളുടെ ഭക്തിയെ സംശയിക്കുന്നതും ചോദ്യം ചെയ്യുന്നതും ദൂതന്മാരല്ലല്ലോ, പിശാചല്ലേ? അപ്പോള്‍ അവന്‍റെ ആരോപണങ്ങള്‍ക്ക് അറുതിവരുത്തണമെങ്കില്‍ പരീക്ഷ നടത്തുവാന്‍ അവനെത്തന്നെ ഏല്പിച്ചേ മതിയാകൂ?

വായനാഭാഗം: മത്തായി 4:1-11

"അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശഉവിനെ ആത്മാവ് മരുഭൂമിയിലേക്കു നടത്തി" (മത്തായി4:1)

ഇതു ഒരു കുഴയ്ക്കുന്ന പ്രശ്നമായിരിക്കുന്നു.. അല്ലേ? പിശാചിനാല്‍ പരീക്ഷിക്കപ്പെടേണ്ടതിന് ആത്മാവ് നമ്മെ മരുഭൂമിയിലേക്കു നടത്തുകയെന്നാല്‍.. നമ്മെ സഹായിക്കാനായി അയയ്ക്കപ്പെട്ടിരിക്കുന്ന ആത്മാവ് ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുമോ? നമുക്കു വിശ്വസിക്കുവാന്‍ പ്രയാസമാണെങ്കിലും ഇവിടെ എഴുതിയിരിക്കുന്നത് അതാണ്.

"ദൈവം ആരെയും പരീക്ഷിക്കുന്നില്ല" എന്നു യാക്കോബ് പറയുന്നു (യാക്കോബ്1:13) എന്താണതിന്‍റെഅര്‍ത്ഥം? ദൈവം അബ്രഹാമിനെ പരീക്ഷിച്ചില്ലേ? (ഉല്പത്തി 22:1).

പരീക്ഷ എന്ന വാക്കു വ്യത്യസ്ത അര്‍ത്ഥങ്ങളില്‍ വേദപുസ്തകം ഉപയോഗിച്ചിട്ടുണ്ട്. അബ്രഹാമിന്‍റെ കാര്യത്തില്‍ ദൈവം അവനെ "പരിശോധന" കഴിക്കുകയാണ്. എന്നാല്‍ യാക്കോബ് പറയുന്നത് ദൈവം ദോഷങ്ങളാല്‍ തെറ്റു ചെയ്യുവാന്‍ ആരെയും പ്രലോഭിപ്പിക്കുക ഇല്ലെന്നാണ്.

യാക്കോബിന്‍റെ ലേഖനത്തിലെ ആ വേദഭാഗത്തിന്‍റെ അര്‍ഥ പൂര്‍ണമായ ഒരു തര്‍ജ്ജമ ഇങ്ങനെയാണ്: "ഒരുവനില്‍ പാപംചെയ്യാനുള്ള പ്രലോഭനമുണ്ടാകുമ്പോള്‍ ദൈവം എന്നെ പ്രലോഭിപ്പിച്ചു എന്നു പറയരുത്. ദൈവം ഒരിക്കലും പാപത്തിനുവേണ്ടി (ദോഷങ്ങളാല്‍) പ്രലോഭിക്കപ്പെട്ടിട്ടില്ലാത്തവനാണ്. അവിടുന്ന് പാപം ചെയ്യാന്‍ ആരെയും പ്രലോഭിപ്പിക്കുകയുമില്ല" (1:13).

പരിശോധിക്കുന്നവനാണു ദൈവം; എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം ദൈവത്തോടുള്ള നമ്മുടെ ഭക്തി തെളിയിക്കാനുള്ള അവസരങ്ങളാു പ്രലോഭനങ്ങല്‍. അതു ഒരു ക്ലാസ് പരീക്ഷ പോലെയാണ്. പരീക്ഷ എഴുതാത്ത ഒരു കുട്ടിയുടെ ബുദ്ധിയെയും കഠിനാധ്വാനത്തയും തിരിച്ചറിയാനാവുമോ?

"അതു കുഴപ്പമില്ല", നാം പറഞ്ഞേക്കാം. "എന്നാല്‍ ഇവിടെ പരീക്ഷിക്കുന്നതു സാത്താനാണ് എന്നതാണു പ്രശ്നം. നമ്മെ പരീക്ഷിക്കണമെങ്കില്‍ ദൈവത്തിനു എന്തുകൊണ്ട് ഒരു ദൂതനെ അയച്ചു കൂടാ. അതാകുമ്പോള്‍..."

കൊള്ളാം! എന്തിനുവേണ്ടിയാണു പരീക്ഷ. നിങ്ങളുടെ ഭക്തിയെ സംശയിക്കുന്നതും ചോദ്യം ചെയ്യുന്നതും ദൂതന്മാരല്ലല്ലോ, പിശാചല്ലേ? അപ്പോള്‍ അവന്‍റെ ആരോപണങ്ങള്‍ക്ക് അറുതിവരുത്തണണമെങ്കില്‍ പരീക്ഷ നടത്താന്‍ അവനെത്തന്നെ ഏല്പിച്ചേ മതിയാകൂ.

നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമായ ഇയ്യോബിനെക്കുറിച്ചുപോലും സാത്താന്‍ ദോഷാരോപണം നടത്തി. "ഭൗതിക നന്മകളാല്‍ നീ അവനെ സമ്പന്നനാക്കിയിരിക്കുന്നു; ആടുമാടുകളും വസ്തുവകകളും മിടുക്കന്മാരായ മക്കളും ആരോഗ്യമുള്ള ശരീരവുമൊക്കെ ലഭിക്കാന്‍ നേണ്ടിയാണ് അവന്‍റെ ഈ ഭക്തിയൊക്കെ. അതില്ലെങ്കില്‍ അവന്‍ എല്ലാം ഇട്ടേച്ചു പോകും" (ഇയ്യോ. 1:9, 10) എന്നതായിരുന്നു സാത്താന്‍റെ ആരോപണം.

ദൈവം ഇയ്യോബിനുവേണ്ടി വാദിച്ചു. "അല്ല, അവന്‍റെ ഭക്തി അതുല്യം! ഒന്നുമില്ലെങ്കിലും അവന്‍ എന്നെ പിന്‍പറ്റും. അല്ലെങ്കില്‍ നിനക്കു പരീക്ഷിക്കാം".

നമുക്കെതിരെ സാത്താന്‍ ഒരു ദോഷാരോണം നടത്തുമ്പോള്‍ നമ്മെ പരീക്ഷിക്കേണ്ടതിനു ദൈവം സാത്താനു അനുവാദം കൊടുക്കുന്നു. "ചെല്ലൂ മകനേ, സാത്താന്‍റെ വെല്ലുവിളി ഏറ്റെടുത്തു നിന്‍എര വിശ്വസ്തത തെളിയിക്കുക, അവിടുന്നു പറയുന്നു."

ഇയ്യോബിന്‍റെ വസ്തുവകകള്‍ നഷ്ടപ്പെട്ടതല്ല അവന്‍റെ മേലുണ്ടായ യഥാര്‍ഥ പ്രലോഭനം. പരിശോധനയില്‍ ചിലപ്പോള്‍ എല്ലാം നഷ്ടപ്പെട്ടെന്നു വരാം. എന്നാല്‍, എല്ലാം നഷ്ടപ്പെട്ടപ്പോള്‍, ഭക്തിമുരുകെപിടിപ്പിക്കുന്നതുവിട്ടു ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളക (ഇയ്യോബ് 2:9) എന്ന ആലോചനയായിരുന്നു അവന്‍റെ മേലുണ്ടായ യഥാര്‍ഥ പ്രലോഭനം.

പ്രലോഭനങ്ങളെ അതിജീവിക്കുക അത്ര ലളിതമൊന്നുമല്ല. ചിലപ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട് ദൈവം ഏദെന്‍ തോട്ടത്തില്‍ അങ്ങനെയൊരു വൃക്ഷം എന്തിനു നട്ടു? വീണുപോകുമെന്ന് അറിയാമായിരുന്നിട്ടും ദൈവം എന്തിനു പരീക്ഷിക്കുവാന്‍ സാത്താനെ അനുവദിച്ചു?

ദൈവം അതു ചെയ്തിരുന്നില്ലെങ്കില്‍ അവിടുന്ന് തന്‍റെ മകന്‍ തോല്ക്കുമോ എന്നു പേടിച്ച് അവനെ പരീക്ഷയ്ക്കിരുത്തുവാന്‍ തയ്യാറാകാത്ത ഒരു പിതാവിനെപ്പോലെ ആയിത്തീര്‍ന്നേനെ!

"അതുപോട്ടെ", ചിലര്‍ പറയും "ഹവ്വ ആ പഴം പറിക്കുന്നതിനു മുമ്പ് ദൈവത്തിനു അവളുടെ കൈ ഒന്നു പിടിച്ചുകൂടായിരുന്നോ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ ദൈവം മകനു പരീക്ഷയെഴുതുന്ന ഒരു അപ്പനെപ്പോലെ ആയിത്തീര്‍ന്നേനെ!". പ്രലോഭിക്കപ്പെട്ട് വിജയികളായി മടങ്ങിവരുന്ന മക്കളെ ദൈവം അഭിമാനത്തോടെ നോക്കുന്നു. "ഇതാ, എന്‍റെ മകന്‍റെ ഭക്തി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇനി ആരും അവനെതിരെ അപവാദം പറയുകയില്ല."

സമര്‍പ്പണ പ്രാര്‍ത്ഥന

കര്‍ത്താവേ, ഞാന്‍ ബലഹീനന്‍. എന്നാല്‍ ശക്തനായ പരിശുദ്ധാത്മാവ് എനിക്കു കൂട്ടാളിയായുണ്ടല്ലോ. പ്രലോഭനങ്ങളില്‍ വിജയിക്കുവാന്‍ എന്നെ സഹായിക്കണമേ, ആമേന്‍

തുടര്‍വായനയ്ക്ക്: ഉല്പത്തി 39:1-29; യാക്കോബ് 1:12-25.