വനിതാ ദിനത്തിൽ ഷീന ജിൻസണ് എ.എസ്.ആർ.ടി.യു. എക്‌സലൻസ് അവാർഡ്

ചാക്കോ കെ തോമസ്, ബെംഗളൂരു
നിലമ്പൂർ:ലോക വനിതാ ദിനത്തിൽ ഷീനാ സാമിന് ഓൾ ഇന്ത്യ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ എക്‌സലൻസ് അവാർഡ്.
ഡൽഹിയിൽ നടന്ന ചടങ്ങിൽ പുതുച്ചേരി മുൻ ലെഫ്റ്റനന്റ് ഗവർണർ ഡോ. കിരൺ ബേദിയിൽ നിന്നും(ഐപിഎസ് -റിട്ട.) ഷീനാ ജിൻസൺ പുരസ്ക്കാരം ഏറ്റ് വാങ്ങി .
കേരളത്തിൽ നിന്നുള്ള രണ്ട് കെഎസ്ആർടിസി വനിതാ ഡ്രൈവർമാരിൽ ഒരാളാണ് ഷീന.
കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളുടെ വളയംപിടിച്ച പെന്തെക്കോസ്തുകാരിയാണ് ഷീന.
കഴിഞ്ഞ ഒന്നര വർഷമായി ഡ്രൈവറും കണ്ടക്ടറുമായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ജോലി ചെയ്യുന്ന ഷീന എടക്കര ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗമായ പാലാങ്കര കോടകേരി ജിൻസൺ സാമുവേലിന്റെ ഭാര്യയാണ്.
സംസ്ഥാനത്തെ ആദ്യ കെഎസ്ആർടിസി സ്വിഫ്റ്റ് വനിതാ ഡ്രൈവർമാരിലൊരാളായ ഷീന ഇപ്പോൾ പൊതുജനങ്ങൾക്കായി കെഎസ്ആർടിസി തുടങ്ങിയ ആട്ടക്കുളങ്ങര ഡ്രൈവിങ് സ്ക്കൂളിലെ പരിശീലകയാണ്.
ചെറുപ്പം മുതൽ ഷീനയ്ക്കു വാഹനങ്ങളോടു കമ്പമായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പിതൃസഹോദരൻ സജി ചാക്കോയുടെ ഇരുചക്രവാഹനത്തിലായിരുന്നു ഡ്രൈവിംഗിന്റെ ആദ്യപാഠം. പിന്നീട് പിതാവിന്റെ ഗുഡ്‌സ് വണ്ടി, ഓട്ടോറിക്ഷാ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ഓടിച്ചിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ ഇരുചക്രവാഹന ലൈസൻസും 22-ാമത്തെ വയസ്സിൽ ഭാരവണ്ടി ഓടിക്കാനുള്ള ലൈസൻസും കരസ്ഥമാക്കി. ബികോം ബിരുദധാരിയാണ്.
എടക്കര ജെ.സി ഡ്രൈവിംഗ് സ്‌കൂളിൽ പരിശീലകയായിരുന്നു. എർത്ത് മൂവിങ്ങ് ബിസിനസ് നടത്തിയിരുന്ന ഭർത്താവ് ജിൻസന്റെ ടിപ്പർ ലോറിയിലായിരുന്നു ഭാരവണ്ടി ഡ്രൈവിംഗ് പഠനം. ഭാരവണ്ടി ഡ്രൈവറായി ജോലിചെയ്യണം എന്ന മോഹം ചിറകുവച്ചുവരുമ്പോഴായിരുന്നു കെഎസ്ആർടിസിയിൽ വനിതാ ഡ്രൈവർമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടത്.
അഭിമുഖവും പേപ്പർ വേരിഫിക്കേഷനും ഡ്രൈവിംഗ് ടെസ്റ്റും പൂർത്തിയാക്കി 2023 മുതൽ തിരുവനന്തപുരം അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിങ് സെന്ററിൽ പരിശീലനവും പൂർത്തിയാക്കി. അത് കഴിഞ്ഞ് സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസിൽ. അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മാനസിക പരിശീലനവും ഓറിയൻ്റേഷനും ലഭിച്ചു.
ചെറുപ്പം മുതൽ ആത്മികകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്ന ഷീന സണ്ടേസ്‌കൂൾ അധ്യാപികയായിരുന്നു. കെഎസ്ആർടിസിയിലെ പെന്തെക്കൊസ്ത്കാ രിയായ ഏക വനിതാഡ്രൈവറും പരിശീലകയുമായ ഷീന ജോലിമികവിനായി ഗുഡ്‌ന്യൂസ് വായനക്കാരുടെ പ്രാർഥന തുടർന്നും അഭ്യർഥിച്ചിട്ടുണ്ട്. ഏകമകൻ ഹെയ്ഡൻ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
Advertisement