ഓടുവാൻ ശക്തി പകരുന്ന ദൈവം

ഓടുവാൻ ശക്തി പകരുന്ന ദൈവം

ദൈവം ക്ഷീണിക്കുന്നില്ല തളർന്നു പോകുന്നതുമില്ല. അവന്റെ ബുദ്ധി അപ്രമേയം അത്ര. ക്ഷീണിച്ചിരിക്കുന്നവനു ശക്തി നൽകുന്നു. ബലമില്ലാത്തവനും ബലം വർദ്ധിപ്പിക്കുന്നു. ബാലകർ ക്ഷീണിച്ചു തളർന്നുപോകും, യവനക്കാരും ഇടറി വീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും. അവർ കഴുകന്മാരെ പോലെ ചിറകടിച്ചു കയറും. അവർ തളർന്നു പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും. ദൈവം ക്ഷീണിച്ചിരിക്കുന്നവനു ശക്തി നൽകുന്നു. ദൈവം ബലമില്ലാത്ത ബലം നൽകുന്നു. യെശയ്യാ 40:12. നമ്മുടെ ദൈവം വലിയ ദൈവമാണ്. തന്റെ ഉള്ളം കൈകൊണ്ട് വെള്ളം അളക്കുകയും ചാണു കൊണ്ട് ആകാശത്തിന്റെ പരിണാമം എടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും പർവതങ്ങൾ വള്ളിക്കോൽ കൊണ്ടും കുന്നുകൾ തുലാസിലും തൂക്കുയും ചെയ്യുന്നവൻ തന്നെ. അപ്പോൾ തന്നെ കൈകളുടെ വലിപ്പവും നാഴിയുടെ വലിപ്പവും നമുക്ക് അറിയാമല്ലോ. എനിക്ക് ശക്തിയില്ല എന്ന് സമ്മതിക്കുന്നവനെയാണ് ദൈവം ശക്തികൊടുത്തു അനുഗ്രഹിക്കുന്നത്. സഹോദരങ്ങളെ നിങ്ങൾ ക്ഷീണിച്ചിരിക്കുന്നുവോ? ജീവിതത്തിൽ ഓട്ടം ഓടി തളർന്നിരിക്കുന്നുവോ?നമ്മുടെ ദൈവം ശക്തി നൽകുവാൻ ശക്തനാണ്. നമ്മുടെ ദൈവം ഒരുനാളും ക്ഷീണിച്ചു പോകുന്നില്ല, തളർന്നു പോകുന്നില്ല. 

എന്നാൽ യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും. അവർ കഴുകന്മാരെ പോലെ ചിറകടിച്ച് കയറും. അവർക്കൊരു കാര്യം അറിയാം, യഹോവയെ കാത്തിരുന്നാൽ  ശക്തിയെ പുതുക്കുവാൻ സാധിക്കുമെന്ന്.  നമ്മുടെ ജീവിതത്തിലും ഈ ശക്തി നമുക്ക് പ്രാപിച്ച് എടുക്കാം.  

ഞാൻ നിനക്കു മുമ്പായി ചെന്ന് ദുർഘടങ്ങളെ നിരപ്പാക്കി താമ്രവാതിലുകളെ തകർത്തുകളയും.  നമുക്ക് ശക്തി ഇല്ലെന്നു തോന്നുമ്പോഴാണ് ദൈവം കോരിസിനോട് അരുളി ചെയ്തത് പോലെ ദൈവം നമുക്ക് മുമ്പായി  ചെന്ന് നമ്മുടെ വഴികളിലെ തടസങ്ങൾ മാറ്റുന്നത്.

മാത്രമല്ല അവൻ നമ്മുടെ മുമ്പേ ചെന്ന് ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്ത് ഇരുമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും (യെശ.45:2)  യെശ.45:4-ൽ അവിടെ ഒരു വലിയ വാഗ്ദത്തം നമുക്ക് തരുന്നു. നിനക്ക് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരിക മാത്രമല്ല നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്ന ദൈവം കൂടിയാണ്. ഇതിൽപരം കൂടുതലായി കരുതുന്ന വേറെ ഏതു ദൈവമാണ് ഉള്ളത്? നമ്മുടെ ദൈവം സർവ്വശക്തൻ അഖിലാണ്ഡങ്ങളെ സൃഷ്ടിച്ചവൻ തന്നെ. അവൻ അൽഫയും ഒമേഗയും ആണ്. പ്രവാസത്തിലേക്ക് പോയ ബലം ക്ഷയിച്ച, ഒരു കൂട്ടരേ നോക്കി യിരമ്യാവ് പ്രവചിച്ച പ്രവചനഭാഗങ്ങൾ നമുക്ക് നോക്കാം. എന്റെ അവകാശം എനിക്ക് കാട്ടിലെ സിംഹം പോലെ ആയിരിക്കുന്നു.

യിരമ്യാവ് 12 :8-ൽ കാലാളുകളോടുകൂടെ ഓടിയിട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്തുചെയ്യും?.  ഒരു മത്സരമായാണ് പ്രവാചകന്‍ കാണുന്നത്. അവരോടുകൂടെ ഓടിയാൽ ജയം പ്രാപിക്കും. എന്നാലും നാം ക്ഷീണിച്ചു പോകുന്നു. പ്രയാസം കുറഞ്ഞ കാര്യം ചെയ്യുമ്പോൾ നീ ക്ഷീണിക്കുന്നെങ്കിൽ യോർദ്ദാൻ്റെ വൻകാട്ടിൽ നീ എന്തു ചെയ്യും? അവിടം കടന്നു കിട്ടിയാലേ നിനക്ക് വാഗ്ദത്തദേശം കിട്ടുകയുള്ളൂ. അവിടെയുള്ള സിംഹത്തിന്റെ ഗർജനം കരടിയുടെ ഭീഷണിയൊന്നും നിന്നെ ഭയപ്പെടുത്തരുത്. കൊയ്ത്തു കാലത്തൊക്കെയും കവിഞ്ഞൊഴുകുന്ന യോർദാനേ നീ പേടിക്കരുത്. മുള്ളുകൾ നിറഞ്ഞ കാടുകൾ നിന്നെ ഭയപ്പെടുത്തരുത്. അതിനെയൊക്കെ കീഴടക്കാനും എതിരിടാനുമുള്ള ശക്തി ദൈവം നൽകും. മോശയ്ക്കും അഹരോനും കാലേബിനും ശക്തി കൊടുത്തവരെ ദൈവം നടത്തിയെങ്കിൽ നമ്മെയും നടത്തുവാൻ ശക്തണെന്ന് ഉറച്ചു വിശ്വസിക്കുക. കുതിരകളോടുകൂടി ഓടുവാൻ ദൈവം ഏലിയാവിനെ ബലപ്പെടുത്തിയെങ്കിൽ നമുക്കും ഓടാം.