നവമാധ്യമങ്ങളും പെന്തെകോസ്തു വിരുദ്ധതകളും

വിജു അമ്പാട്ട്
കേരളത്തിലെ പെന്തെകോസ്ത് ആത്മീയ നേതൃത്വത്തിന്റെ പരസ്പര വെല്ലുവിളികളും ആക്രോശങ്ങളും അധിക്ഷേപങ്ങളും നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുമ്പോൾ, വിശ്വാസ സമൂഹം ഒരേസമയം ഞെട്ടലും ചിരിയും ഗൗരവമായ തിരിച്ചറിവും അനുഭവിക്കുന്നു. ആത്മീയതയുടെ വസ്ത്രം ധരിച്ചിരുന്നവർ, അധികാരവും സ്ഥാനമാനവും ഭൗതിക സ്വാർത്ഥതകളും മുൻനിർത്തി പരസ്യമായി കാണിക്കുന്ന പെരുമാറ്റങ്ങൾ, ഉള്ളിൽ ഉറങ്ങിക്കിടന്ന യഥാർത്ഥ മനുഷ്യനെ പുറത്തുകൊണ്ടുവരുന്ന കാഴ്ചകളായി മാറിയിരിക്കുന്നു.
സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം തുടങ്ങിയ ആത്മാവിന്റെ ഫലങ്ങളെക്കുറിച്ച് ഘോഷിക്കുന്നവരാണ് ഇന്ന് പരസ്പരം നിന്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഞായറാഴ്ചകളിൽ വചനപീഠങ്ങളിൽ നിന്ന് സ്വർഗ്ഗരാജ്യത്തിന്റെ കവാടം തുറക്കാമെന്ന ഭാവത്തിൽ പ്രസംഗിക്കുന്നവരും, കർത്താവിന്റെ മേശയിൽ ശുശ്രൂഷിക്കുന്നവരുമാണ്, സാധാരണ മനുഷ്യരെ പോലും ലജ്ജിപ്പിക്കുന്ന ഭാഷയും പെരുമാറ്റവും പ്രകടിപ്പിക്കുന്നത്.
സ്നാനം, വിവാഹം, ശവസംസ്കാരം തുടങ്ങി മനുഷ്യജീവിതത്തിലെ ഏറ്റവും പരിശുദ്ധമായ നിമിഷങ്ങളിൽ ആത്മീയ കാർമികത്വം വഹിച്ചവർ, ഇന്ന് അധികാരത്തിനും സംഘടനാ നിയന്ത്രണത്തിനും വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ, ഇവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്ത വിശ്വാസികൾക്ക് ഉണ്ടാകുന്ന വേദന ചെറുതല്ല. “ഇവരാണ് ഞങ്ങളെ സുവിശേഷം പഠിപ്പിച്ചത്” എന്ന ഓർമ്മ തന്നെ പലർക്കും അസ്വസ്ഥതയാകുന്നു.
ഇവരുടെ പ്രസംഗങ്ങൾ കേട്ട് ഇനി ആരെങ്കിലും വിശ്വസിക്കുമോ എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. സുവിശേഷം വാക്കുകളിൽ മാത്രം പ്രസംഗിക്കപ്പെടുകയും ജീവിതത്തിൽ നിഷേധിക്കപ്പെടുകയും ചെയ്യുന്നിടത്ത്, ഇവർ വിശ്വാസികൾക്ക് ആശ്വാസകേന്ദ്രമാകാതെ ഒരു ബാധ്യതയായി മാറുന്നു. ആത്മീയ നേതൃത്വം വിശ്വാസികളെ ക്രിസ്തുവിലേക്കല്ല, വ്യക്തിപൂജയിലേക്കും ഗ്രൂപ്പിസത്തിലേക്കും നയിക്കുന്ന അവസ്ഥ അത്യന്തം അപകടകരമാണ്.
അതിനാൽ, ആത്മീയ ശുശ്രൂഷ എന്നത് വേദിയിലോ മൈക്കിലോ മാത്രം നിലനിൽക്കുന്ന അവകാശമല്ലെന്നും, അത് ജീവിതത്തിലൂടെ തെളിയിക്കപ്പെടേണ്ട ഉത്തരവാദിത്വമാണെന്നും ഗൗരവത്തോടെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആത്മനിയന്ത്രണം നഷ്ടപ്പെട്ട, പരസ്യമായി കലഹിക്കുന്ന നേതാക്കളെ കൺവെൻഷൻ സ്റ്റേജുകളിൽ നിന്നും ആത്മീയ ശുശ്രൂഷകളിൽ നിന്നും മാറ്റിനിർത്തുന്നത് പ്രതികാരമല്ല; മറിച്ച് സഭയെയും സുവിശേഷത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കുന്ന നടപടിയാണ്.
ക്രിസ്തുവിനെ പ്രതിനിധീകരിക്കേണ്ടവരിൽ ക്രിസ്തുവിന്റെ സ്വഭാവം നഷ്ടപ്പെടുമ്പോൾ, നഷ്ടപ്പെടുന്നത് അവരുടെ സ്ഥാനമല്ല, വിശ്വാസികളുടെ വിശ്വാസമാണ്. ആ നഷ്ടം തിരികെ പിടിക്കണമെങ്കിൽ, സഭകൾ വ്യക്തികളെക്കാൾ മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ആത്മീയത വാക്കുകളിൽ അല്ല, പ്രവൃത്തികളിലാണ് തെളിയേണ്ടത് എന്ന സത്യം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കപ്പെടേണ്ട സമയമാണിത്.
Advt.






































Advt.
























