ആശ്രയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥന നന്ദിയുടെ പാട്ടാണ്

ആശ്രയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥന നന്ദിയുടെ പാട്ടാണ്

യേശു പാദാന്തികം 9

ആശ്രയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥന നന്ദിയുടെ പാട്ടാണ്

സ്തുതി എന്നതു നന്ദിയുള്ള ഒരു ഹൃദയത്തിന്‍റെ സ്വാഭാവിക ബഹിര്‍സ്ഫുരണമാണ്. അതു സ്വാഭാവികമായിത്തന്നെ ഉണ്ടാകണം. നിര്‍ബന്ധത്താലുണ്ടാകുന്നത് സ്തുതിയല്ല, മുഖസ്തുതിയാണ്.

'നിങ്ങളില്‍ കഷ്ടം അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ സുഖമനുഭവിക്കുന്നവന്‍ പാടട്ടെ' (യാക്കോബ് 5:13).

ചില നേരങ്ങളില്‍ കഷ്ടം, ചിലപ്പോള്‍ സുഖം! ജീവിത തുലാസ് രണ്ടിടങ്ങളിലേക്കുമങ്ങനെ ചാഞ്ഞുചരിഞ്ഞും നീങ്ങുമ്പോള്‍, എന്തായിരിക്കും നമ്മുടെ പ്രതികരണം.

യാക്കോബ് പറയുന്നു: കഷ്ടമാണോ, ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊള്ളുക. ആത്യന്തികമായി കഷ്ടത്തില്‍ നിന്നും നമ്മെ വിടുവിക്കാനും സഹായിക്കാനും ദൈവത്തിനു മാത്രമേ കഴിയൂ. സുഖമാണെങ്കില്‍ സ്തുതിഗീതങ്ങളാല്‍ ദൈവത്തിനു നന്ദിപറയുക. കാരണം എല്ലാ സൗഖ്യങ്ങളുടെയും ഉറവിടം ദൈവമാണ്.

കഷ്ടങ്ങളോടും സുഖങ്ങളോടുമുള്ള മാനുഷിക പ്രതികരണങ്ങള്‍ മുകളില്‍ പറഞ്ഞതു പോലെ ആകണമെന്നില്ല. കഷ്ടത പലപ്പോഴും മനുഷ്യരെ അസഹിഷ്ണുതയുള്ളവരാക്കുന്നു. സുഖം നമ്മെ അഹങ്കാരികളാക്കുന്നു. എന്നാല്‍ ദൈവപൈതല്‍ വ്യത്യസ്തനാണ്.അവനു എല്ലാവരും പ്രതികരിക്കുന്നതു പോലെ പ്രതികരിക്കാനാവില്ല. കഷ്ടത്തിന്‍റെ നാളുകളില്‍ പ്രാര്‍ത്ഥിക്കാനും സുഖത്തിന്‍റെ നേരത്തു പാട്ടുപാടുവാനുമേ അവനു കഴിയൂ. സാഹചര്യങ്ങളോടുള്ള ദൈവിക പ്രതികരണം ഈ രണ്ടു രീതിയില്‍ മാത്രം..... ഇതിനിടയില്‍ മാറ്റൊന്നുമില്ല, മറ്റൊന്നുമുണ്ടാകാന്‍ പാടില്ല.

കഷ്ടം അനുഭവിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നവന്‍ വിനയമുള്ളവനാണ്. പ്രാര്‍ത്ഥനയില്‍ നാം ഏറ്റുപറയുന്ന ഒരു കാര്യം, "ദൈവമേ, എനിക്കിതു ചെയ്യുവാനുള്ള ത്രാണിയില്ല; അങ്ങ് ഇത് ഏറ്റെടുത്തു നിര്‍വ്വഹിക്കേണമേ" എന്നാണ്. പ്രാര്‍ത്ഥിക്കാത്തവന്‍ പറയുന്നത്, "സാരമില്ല, കാര്യങ്ങള്‍ ഞാന്‍ മാനേജ് ചെയ്തു കൊള്ളാം" എന്‍റെ കഴിവുകൊണ്ട്, പണം കൊണ്ട്, ആരോഗ്യം കൊണ്ട്, സ്വാധീനം കൊണ്ട്, ഞാന്‍ കാര്യം നടത്തിക്കൊള്ളാം. ഇതിനൊന്നും ദൈവം ഇറങ്ങിവന്നില്ലെങ്കിലും കുഴപ്പമില്ല എന്നു അയാള്‍ പറയുന്നു. അതിനാല്‍ പ്രാര്‍ത്ഥിക്കാത്തവന്‍ സ്വയാശ്രയിയാണ്. 

കഷ്ടമനുഭവിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ട് എന്ന് നാം ആശ്വസിച്ചേക്കാം. എന്നാല്‍, പ്രാര്‍ത്ഥനയോടൊപ്പം നാം ആകുലചിത്തരാകുകയും ചെയ്യുന്നു. ആകുലമില്ലാതെ പ്രാര്‍ത്ഥിക്കേണ്ടതിനു നമുക്കു ആത്മീയ അഭ്യസനം അത്യന്താപേക്ഷിതമാണ്.

നമ്മുടെ മിക്ക പ്രാര്‍ത്ഥനകളും ഭയത്തില്‍ നിന്നും ആകുലയില്‍ നിന്നും ഉയിരെടുക്കുന്നതാണ്- ഇപ്പോഴത്തെ സാഹചര്യം വഷളാകുമോ എന്ന പേടി, സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ ഭാവി എന്താകും എന്ന ആശങ്ക!

ആന കുത്താന്‍ വരുമ്പോള്‍ പെട്ടെന്ന്, "അയ്യോ, ദൈവമേ!" എന്നു പ്രാര്‍ത്ഥിക്കുന്നവന്‍ ദൈവഭയം കൊണ്ടല്ല, ആന ഭയം കൊണ്ടാണ് പ്രാര്‍ത്ഥിക്കുന്നത്. അവിടെ ആശ്രയമില്ല, ഭീതിയേയുള്ളു. ആശങ്കയും അങ്ങനെതന്നെ.

"പ്രാര്‍ത്ഥിക്കാത്തതുകൊണ്ടു ഇനി കുഴപ്പമൊന്നും ഉണ്ടാകേണ്ട... ദൈവമേ, എന്‍റെ കുഞ്ഞിനു എന്‍ട്രന്‍സിനു റാങ്ക് കൊടുക്കണേ.... അല്ലെങ്കില്‍ അവളുടെ ഭാവി അവതാളത്തിലാകുമല്ലോ" എന്നു പറയുമ്പോള്‍ ആശ്രയമല്ല, ആശങ്കയാണ് അവിടെ മുഴച്ചു നില്‍ക്കുന്നത്! 

ഭയവും ആകുലതയും ഇണക്കമുള്ള ഇരട്ടകളാണ്.

എന്നാല്‍ ആശ്രയവും ആകുലതയും ഒരിക്കലും ചേരാത്ത വാക്കുകളാണ്. ആകുലപ്പെടുന്നവനു ആശ്രയിക്കാനാവില്ല; ആശ്രയിക്കുന്നവനു ആകുലപ്പെടാനാവില്ല. ദൈവം നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നതു ആകുലചിത്തരായി പ്രാര്‍ത്ഥിക്കണമെന്നല്ല, ആശ്രയബോധത്തോടെ പ്രാര്‍ത്ഥിക്കണമെന്നാണ്. നാം കഷ്ടതയിലേക്കു കൂപ്പു കുത്തുമ്പോഴും നമ്മെ അറിയുന്ന, സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും, ഈ കഷ്ടതയില്‍നിന്നു വിടുവിക്കുവാന്‍ യേശുവിനു കഴിയുമെന്നും മനസ്സിലാക്കിക്കൊണ്ടാണ് നമ്മുടെ പ്രാാര്‍ത്ഥനയെങ്കില്‍ ആ പ്രാര്‍ത്ഥന ഭീതിയില്‍ നിന്നോ ആകുലതയില്‍ നിന്നോ അല്ല, ആശ്രയത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും ഉള്ളതായിരിക്കും (അവിടുത്തെ കഴിവിലുള്ള വിശ്വാസവും അവിടുത്തെ കരുണയിലുള്ള ആശ്രയവുമാണത്). അവനറിയുന്നു എന്നതാണ് യാഥാര്‍ഥ്യം. അവനറിയുന്നുവെന്ന് ഞാനറിയുന്നില്ലല്ലോ എന്ന അവന്‍റെ അറിവാണ് അവന്‍റെ ദുഃഖം!

ഇനി, സുഖമനുഭവിക്കുമ്പോള്‍- അനുഗ്രഹീതരാവുമ്പോള്‍ എന്തായിരിക്കണം നമ്മുടെ പ്രതികരണം? യാക്കോബ് ആവശ്യപ്പെടുന്നത് പാട്ടുപാടണമെന്നാണ്-സ്തുതിയുടേയും നന്ദിയുടെയും പാട്ട്!

സ്തുതി എന്നതു നന്ദിയുള്ള ഒരു ഹൃദയത്തിന്‍റെ സ്വാഭാവിക ബഹിര്‍സ്ഫുരണമാണ്. അതു സ്വാഭാവികമായിത്തന്നെ ഉണ്ടാകണം. നിര്‍ബന്ധത്താലുണ്ടാകുന്നത് സ്തുതിയല്ല, മുഖസ്തുതിയാണ്.

കഷ്ടമനുഭവിക്കുമ്പോള്‍ നാം പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍, കഷ്ടം തീരുമ്പോള്‍, സുഖത്തിന്‍റെ കാലത്തു നന്ദികരേറ്റുന്ന കാര്യം നാം മറന്നു പോകുന്നു. യിസ്രായേല്‍ ജനം മരുഭൂമിയില്‍ ദൈവത്തിന്‍റെ ആയിരക്കണക്കായ അനുഗ്രഹങ്ങളെ അനുഭവിച്ചവരാണ്. ചെങ്കടല്‍ക്കരയില്‍ അവര്‍ നിലവിളിച്ചു. ഫറവോന്‍റെ ലോകത്തുനിന്നും പൂര്‍ണമോചനം കൊടുക്കേണ്ടതിനു ദൈവം അവരെ ചെങ്കടല്‍ കടത്തി അക്കരെയെത്തിച്ചപ്പോള്‍, തിരിഞ്ഞുനോക്കി, ശത്രുവിന്‍റെ തകര്‍ന്നടിഞ്ഞ ശവകശരീരങ്ങളെ കണ്ട് അവര്‍ സ്തുതിപാടി.

മരുഭൂമിയില്‍ യിസ്രായേലിനു പിന്നീടു നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ എത്രയെത്ര! അപ്പോഴൊക്കെ ദൈവത്തിന്‍റെ കരുണയു ശക്തിയും അവരുട ജീവിതത്തില്‍ അവര്‍ കണ്ടെങ്കിലും പ്രാര്‍ത്ഥിക്കുന്നതിനുപകരം എപ്പോഴും അവര്‍ പിറുപിറുത്തു. വിടുവിക്കപ്പെട്ടപ്പോള്‍ നന്ദിയുടെ ഒരു സ്തുതിഗീതം പാടുന്നതിനു അവര്‍ മറന്നു പോയി. ഒരു ജനതയെന്ന നിലയില്‍ മരുഭൂമിയിലെ യിസ്രായേല്‍ നന്ദിയില്ലാത്ത ഒരു വര്‍ഗമായിരുന്നു.

പ്രാര്‍ത്ഥനയുടെ കാര്യത്തിലെന്നപോലെ സ്തുതിയും വിനയത്തിന്‍റെയും താഴ്മയുടെയും പ്രതിഫലമാണ്. ദൈവത്തില്‍ നിന്നും നിങ്ങള്‍ പ്രാപിച്ച ഓരോ അനുഗ്രഹത്തിനും നന്ദി പറയുമ്പോഴും അതു ലഭിക്കുന്നതിനു നിങ്ങള്‍ യോഗ്യനല്ല എന്നു നിങ്ങള്‍ ഏറ്റുപറയുകയാണ് (നിങ്ങളുടെ കഴിവു കൊണ്ട് നിങ്ങള്‍ നേടുന്ന കാര്യങ്ങള്‍ക്കു നന്ദി പറയേണ്ട ആവശ്യമില്ലല്ലോ). നന്ദി പ്രകാശനത്തില്‍ നിങ്ങളുടെ സൗഖ്യദിനങ്ങളുടെ ക്രെഡിറ്റ് നിങ്ങള്‍ ദൈവത്തിനു കൊടുക്കുകയാണ്.

സമര്‍പ്പണ പ്രാര്‍ത്ഥന

കര്‍ത്താവേ, പ്രാര്‍ത്ഥിക്കുമ്പോഴും പലപ്പോഴും ആകുലചിത്തനാകുന്നത് എന്നോടു ക്ഷമിക്കേണമേ. നിന്നില്‍ ആശ്രയിപ്പാന്‍ എനിക്കു ശക്തി തരണമേ, എന്‍റെ സുഖവേളകള്‍ നിന്‍റെ ദാനമാണെന്ന തിരിച്ചറിവില്‍ ഞാന്‍ നന്ദിയോടെ നിനക്കു സ്തുതി പാടുന്നു. ആമേന്‍.

തുടര്‍വായനയ്ക്ക്: ഫിലിപ്പിയര്‍ 4:4-7, മത്തായി 6:25-34

Advt.