ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലയാളം ഡിസ്ട്രിക്ട് സി.എ

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലയാളം ഡിസ്ട്രിക്ട് സി.എ
ad
ad
ad

പുനലൂർ: സംസ്ഥാനത്ത് തുടരുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് (സി.എ.)യുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിച്ചു.

ആദ്യഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് ടി. ജോർജ് പ്രാർത്ഥിച്ച് നിർവഹിച്ചു. തുടർന്ന് ഡിസ്ട്രിക്ടിലെ വിവിധ സെക്ഷനുകളിൽ നിന്നുള്ള യുവജനങ്ങൾ വിവിധ ദുരിതബാധിത പ്രദേശങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും യാത്രതിരിച്ച് ഭക്ഷ്യസാധനങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു.

 ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ടെത്തിയാണ് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തത്. ചെങ്ങന്നൂർ സെക്ഷനിലെ രണ്ട് ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യകിറ്റുകൾ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചനും ബ്രദർ ജെയ്സു ജോണും ഏറ്റുവാങ്ങി. അടൂർ സെക്ഷനിലെ ഇടയ്ക്കാട് സഭാംഗമായ ബ്രദർ ജെയിംസിന്റെ നേതൃത്വത്തിൽ സഭാകമ്മിറ്റിയും സഭാ പാസ്റ്റർ ഷാജി എസും ചേർന്ന് പ്രാരംഭ ദുരിതാശ്വാസ കിറ്റുകൾ സംസ്ഥാന സി.എ. സെക്രട്ടറിക്ക് കൈമാറി.

ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ രണ്ടാംഘട്ട ദുരിതാശ്വാസ കിറ്റ് വിതരണത്തിന് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. തോമസ് ഫിലിപ്പ് പ്രാർത്ഥിച്ച് തുടക്കം കുറിച്ചു. ആഗസ്റ്റ് 6-ാം തീയതി രാവിലെ 6 ന് ആരംഭിച്ച പ്രവർത്തനം ആഗസ്റ്റ് 7 ന് പുലർച്ചെ 5.30ന് ആലപ്പുഴ നോർത്ത് സെക്ഷനിൽ പൂർത്തിയായി.

 വിവിധ സെക്ഷനുകളിലൂടെ സഞ്ചരിച്ച് 23.5 മണിക്കൂർ നീണ്ടുനിന്ന ഈ സേവനപ്രവർത്തനം ശക്തമായ മഴയും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ യാത്രാ പ്രതിസന്ധികളും അതിജീവിച്ചാണ് പൂർത്തീകരിച്ചത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ദൈവത്തിന്റെ സഹായത്തിൽ ആശ്രയിച്ച് പ്രവർത്തനം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായി.

മലയാളം ഡിസ്ട്രിക്ടിലെ ചെങ്ങന്നൂർ, തിരുവല്ല, കോഴഞ്ചേരി, റാന്നി ഈസ്റ്റ്, റാന്നി വെസ്റ്റ്, ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത് എന്നീ സെക്ഷനുകളിൽ നിന്നുള്ള യുവജനങ്ങൾ രാത്രിയെ പകലാക്കി, ത്യാഗസന്നദ്ധതയോടെ ഈ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളായി. ദുരിതമനുഭവിക്കുന്നവരിലേക്ക് സ്നേഹവും കരുതലും ക്രിസ്തുവിന്റെ സന്ദേശവും എത്തിക്കുന്ന ഈ ദൗത്യത്തിൽ യുവജനങ്ങളുടെ ആത്മാർത്ഥമായ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. ഈ സെഷനുകളിൽ പ്രസ്ബിറ്റേഴ്സിനെ നേരിട്ട് കണ്ടാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

പാസ്റ്റർ സാം റോബിൻസന്റെ നേതൃത്വത്തിലുള്ള സി.എ. കമ്മിറ്റി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും പ്രത്യാശയും പകരുക എന്ന ലക്ഷ്യത്തോടെ സേവനപ്രവർത്തനങ്ങൾ വിവിധ ദുരിതബാധിത മേഖലകളിലേക്ക് തുടർന്നും വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.

മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ, ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയും നിരന്തരം നിർദ്ദേശങ്ങളും സഹായസഹകരണങ്ങളും നൽകി ഈ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകി.

യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി പാസ്റ്റർ പവീൻ എസ്. ജോർജ്ജിന്റെ നേതൃത്വത്തിൽ ചാരിറ്റി കൺവീനർ ജോഷിൻ വർഗീസ്, ഇവാഞ്ചലിസം കൺവീനർ  ജോൺസൺ ജോയി, വിവിധ സെക്ഷൻ ലീഡേഴ്സ് എന്നിവർ ചേർന്നാണ് മധ്യമേഖലയിലെ വിവിധ സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

 കൊല്ലം സെക്ഷൻ സി.എ. പ്രസിഡന്റ് പാസ്റ്റർ സാബു ചാരുമൂട്, സെക്രട്ടറി ഷിബിൻ സ്റ്റാൻലി, സാം പോളയത്തോട്, പത്തനംതിട്ട സെക്ഷൻ യുവജന പ്രതിനിധി ലിജിൻ എന്നിവരുടെയും മധ്യമേഖലയിലെ ഈ പ്രതിസന്ധിഘട്ടത്തിൽ സാമ്പത്തികമായും ശാരീരികമായും സേവനങ്ങളിൽ പങ്കാളികളായ ദക്ഷിണമേഖലയിൽ നിന്നുള്ള ഡിസ്ട്രിക്ട്, സെക്ഷൻ സി.എ. നേതാക്കളുടെയും വിവിധ സെക്ഷനുകളുടെയും സഭകളുടെയും സഹകരണം പ്രത്യേകം പ്രശംസനീയമായി.

 “Christ for All, and All for Christ” എന്ന ദർശനത്തെ മുൻനിർത്തിയാണ് എ.ജി. മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ്സ് അംബാസഡേഴ്സ് ഈ പ്രതിസന്ധിയുടെ വേളയിൽ ദുരിതമനുഭവിക്കുന്ന സമൂഹത്തോടൊപ്പം കൈകോർത്തത്. ക്രിസ്തുവിന്റെ സ്നേഹവും കരുതലും പ്രവർത്തികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായി സേവനപ്രവർത്തനങ്ങൾ തുടരുമെന്നും സി.എ. നേതൃത്വം അറിയിച്ചു.