റാഹാബിനെ രക്ഷിച്ച ടിക്വാ!
റാഹാബിനെ രക്ഷിച്ച ടിക്വാ!
ഡോ. ഷാജി ജോർജ് ഒക്കലഹോമ
നമുക്ക് ഏവർക്കും വളരെ സുപരിചിതമായ ഒരു ബൈബിൾ വാക്യമാണ്, യിരെമ്യാവ് 29:11.
"നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു."
ഇംഗ്ലീഷിൽ ഈ വാക്യം രേഖപ്പെടുത്തിയ ടീഷർട്ടുകൾ, കോഫി കപ്പുകൾ, ഗ്രാജുവേഷൻ ഗിഫ്റ്റുകൾ എന്നിവ സർവ്വസാധാരണമാണ്. നമ്മുടെ വീടുകളിലും ഈ വാക്യം പ്രദർശിപ്പിക്കാറുണ്ട്. ഇംഗ്ലീഷിൽ ഹോപ്പ് അഥവാ പ്രത്യാശ എന്ന പദത്തിൽ അവസാനിക്കുന്ന ഈ വാക്യം എബ്രായഭാഷയിൽ "ടിക്വാ" എന്ന പദത്തിൽ ആണ് അവസാനിക്കുന്നത്.
എബ്രായ ഭാഷയിലെ പദങ്ങൾ മിക്കപ്പോഴും മൂന്ന് അക്ഷരങ്ങൾ ചേർന്നുള്ള ഒരു മൂല വാക്കിൽ നിന്നും ഉരിത്തിരിയുന്നതാണ് . ഇത്തരത്തിൽ മൂല വാക്ക് മനസ്സിലാക്കിയാണ് ആ പദത്തിൻറെ അർത്ഥം യഹൂദന്മാർ ഗ്രഹിക്കുന്നത്. 'ക്വവാ' എന്ന റൂട്ടിൽ നിന്നാണ് "ടിക്വാ" എന്ന പദം വരുന്നത്. ഈ ക്രിയാ പദത്തിനു ക്ഷമയോടെ കാത്തിരിക്കുക, പ്രത്യാശ എന്നൊക്കെയാണ് അർത്ഥം. രണ്ട് സിലബിളുകളുള്ള ഈ പദത്തിന്റെ
അവസാനത്തെ സിലബിളാണ് സ്ട്രെസ്സ് ചെയ‌് ഉച്ചരിക്കുന്നത്. "ടിക് -വാ".
ടിക്വായുടെ ആകർഷകമായ പ്രയോഗങ്ങളിൽ ഒന്ന് യോശുവയുടെ പുസ്‌തകം രണ്ടാം അധ്യായത്തിലാണ് നാം കാണുന്നത്. "ടിക്വാ" എന്ന പദത്തിന് പ്രത്യാശ എന്നതിന് പുറമെ, ചരട്, രേഖ എന്നും കൂടെ അർത്ഥങ്ങളുണ്ട്. യോശുവയുടെ പുസ്‌തകം 2:18 ൽ നാം കാണുന്ന ചരട് എന്ന പദത്തിന്, എബ്രായ ബൈബിളിൽ ടിക്വാ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
'ക്വവാ' എന്ന മൂലപദം ഒരു കയറിൻ്റെ നാരുകൾ പോലെ ഒന്നിച്ചു ചേർക്കുക എന്ന ആശയം ഉൾക്കൊള്ളുന്നതാണ്. വേദപുസ്‌തകത്തിൽ നാം കാണുന്ന പ്രത്യാശ അഥവ ടിക്വാ വെറും ഒരു "വിഷ്ഫുൾ തിങ്കിങ്" അഥവാ ഒരു ആഗ്രഹ ചിന്തയല്ല പിന്നെയോ ഒരു വാഗ്‌ദത്വത്തോട് ദൃഢമായി ചേർന്നുള്ള ഉറച്ച പ്രത്യാശയാണ്.
യോശുവയുടെ പുസ്‌തകത്തിൽ നാം ഒരു ചുവപ്പ് ചരടിന്റെ പരാമർശമാണ് കാണുന്നത്. ഇസ്രായേലിൻറെ നായകനായ യോശുവ യെരിഹോ പട്ടണം ഒറ്റുനോക്കുവാൻ അയക്കുന്നവർ റാഹാബിന്റെ ഭവനത്തിൽ എത്തി. ഇവർ ദേശം ഒറ്റു നോക്കുവാൻ വന്ന വിവരമറിഞ്ഞ യെരിഹോ രാജാവിന്റെ ആളുകളുടെ കയ്യിൽ നിന്നും റാഹാബ് അവരെ രക്ഷപ്പെടുത്തി തൻ്റെ വീടിന്റെ മുകളിൽ ഒളിപ്പിച്ചു. അവൾ അവരെ ഒളിപ്പിച്ചു രക്ഷ ചെയ്തതിനാൽ റാഹാബ് തിരിച്ച് ഒരു സഹായം അവരോട് ആവശ്യപ്പെട്ടു.
യഹോവ ഈ ദേശം ഇസ്രായേൽ മക്കൾക്ക് നൽകുമ്പോൾ അവളോടും അവളുടെ പ്രിതുഭവനത്തോടും കരുണ കാണിച്ചു അവരുടെ ജീവൻ രക്ഷിക്കണമെന്നു റാഹാബ് അവരെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു. ഒറ്റുകാരെ രക്ഷപ്പെടുത്തി ഇറക്കിവിട്ട അതെ കിളിവാതിലിൽ അവർ നൽകിയ ഒരു ചുവപ്പ് ചരട് അടയാളമായി കെട്ടിയിടണം എന്നും അവളുടെ പ്രിതുഭവനത്തെ ആ ഭവനത്തിൽ വരുത്തി കൊള്ളണം എന്നും അവർ യെരിഹോ പട്ടണം പിടിക്കുമ്പോൾ ഈ ചുവപ്പ് ചരട് ഉള്ള ഭവനം സുരക്ഷിതമായിരിക്കും എന്നും അവർ റാഹാബിന് ഉറപ്പുനൽകി.
അവർ പോയ ഉടൻതന്നെ രാഹാബ് ആ ചുവപ്പ് ചരട് തന്റെ കിളിവാതിലിൽ കെട്ടിയിട്ടു. ഇവിടെ ചരട് എന്ന വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദം "ടിക്വാ" ആണ്. അക്ഷരാർത്ഥത്തിൽ അത് 'പ്രത്യാശയുടെ കയർ' എന്നാണ് അർത്ഥമാക്കുന്നത്. റാഹാബിനു ഒറ്റുകാർ നൽകിയ ഈ ചുവപ്പ് ചരട് വാസ്തവത്തിൽ അവളുടെ വിശ്വാസത്തിന്റെയും വിടുതലിന്റെ പ്രതീക്ഷയുടെയും ദർശ്യ അടയാളങ്ങളായ് മാറി.
ഇസ്രായേല്യരുടെ ദൈവം അവർക്കുവേണ്ടി മിസ്രയീം മുതൽ ചെയ്ത അത്ഭുതങ്ങളൊക്കെ യെരിഹോ പട്ടണക്കാർ കേട്ട് ഭയചകിതരായിരിക്കെ റാഹാബിന് ഇപ്പോൾ ഭയമില്ല. പിന്നെയോ വാഗ്ത്വത്തോടെയുള്ള തികഞ്ഞ പ്രത്യാശയാണ് ഈ ചുവന്ന ടിക്വാ കാണുമ്പോൾ അവളുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നത്. പല ബൈബിൾ വ്യാഖ്യാതാക്കളും ഇത് ക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പിന് മുൻ നിഴലാകുന്നതായി കാണുന്നു എങ്കിലും ഇത് പ്രധാനമായും റാഹാബിൻ്റെ കുടുംബം രക്ഷപ്പെടുന്നതിനുള്ള വ്യക്തമായ അടയാളമായിരുന്നു. നാളുകൾ കഴിഞ്ഞ് ഇസ്രായേൽ മക്കൾ യെരിഹോ പട്ടണം പിടിച്ചപ്പോൾ ഈ ചുവപ്പ് ചരട് ഉള്ള ഭവനം നശിപ്പിക്കാതെ അവർ റാഹാബിനെയും തൻ്റെ വീട്ടുകാരെയും രക്ഷിച്ചു അവർ തങ്ങളുടെ വാക്കുപാലിച്ചു.
സദൃശ്യവാക്യങ്ങൾ 23 :18 ൽ "നിൻ്റെ പ്രത്യാശയ്ക്ക് ഭംഗം വരികയുമില്ല" എന്ന് നാം വായിക്കുന്നു. ഇവിടെ കാണുന്ന പ്രത്യാശ എന്ന പദവും എബ്രായ ബൈബിളിൽ ടിക്വാ എന്നാണ്. ദൈവത്തിലുള്ള നിൻ്റെ പ്രത്യാശ നിന്നെ നിരാശപ്പെടുത്തുകയില്ല എന്നാണ് അതിന്റെ അർത്ഥം.
സങ്കീർത്തനം 71:5 ലും നാം ഈ ടിക്വാ കാണുന്നുണ്ട്. " യഹോവയായ കർത്താവേ നീ (എൻ്റെ ടിക്വാ), എൻ്റെ പ്രത്യാശയാകുന്നു." ദാവീദിൻ്റെ ആത്മവിശ്വാസം ദൈവത്തിൽ തന്നെയായിരുന്നു അതിഷ്‌ഠിതമായിരുന്നത്.
ഇംഗ്ലീഷിലെ ഹോപ്പും ഹീബ്രുവിലെ ടിക്വായും തമ്മിലുള്ള അർത്ഥവ്യാപ്തി വളരെയാണ്. ഇംഗ്ലീഷിൽ പ്രതീക്ഷ എന്നാൽ പലപ്പോഴും അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. അതിനുള്ളിലൊരു അനിശ്ചിതത്വം ഒളിഞ്ഞിരിപ്പുണ്ട്.
എന്നാൽ ദൈവത്തിൻ്റെ വിശ്വസ്‌തതയെ അടിസ്ഥാനമാക്കിയുള്ള ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയാണ് ഹീബ്രുവിലെ ടിക്വാ. ഒരു വാഗ്‌ദാനം ഇതിൽ അന്തർലീനമായിരിക്കുന്നു. അവിടെ സംശയത്തിനു ഇടമില്ല. ദൈവം തന്റെ വാഗ്ദാനം നിറവേറ്റും എന്ന് എനിക്കറിയാം അതിനാൽ ഞാൻ ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നു എന്നു പറയുന്നതാണ് ടിക്വാ. അത് ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ആണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത് അല്ലാതെ സാഹചര്യങ്ങളിൽ അല്ല. വാഗ്‌ദത്തം ചെയ്തവൻ, വാക്കു പറഞ്ഞവൻ, മാറുകയില്ല എന്ന് ഉറപ്പാണത്.
സഹിഷ്ണുതയോടെയുള്ള കാത്തിരിപ്പും ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയുമാണ് ടിക്കുവാ എന്ന പ്രത്യാശയിൽ ഉൾപ്പെട്ടിരിക്കുന്നത്. തന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്നവരെ ദൈവത്തിൻ്റെ വിശ്വസ്തതയുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ചരട് ആണ് ഈ ടിക്വാ. നമ്മുടെ കാത്തിരിപ്പ് നീണ്ടു പോയാലും വാഗ്ദത്വം അതിൻ്റെ സമയത്ത് സംഭവിച്ചിരിക്കും.
ദൈവം വിശ്വസ്തനും ഉടമ്പടി പാലിക്കുന്നവനുമാണ്. അതുകൊണ്ടാണ് യഥാർഥ പ്രത്യാശ - ടിക്വാ നിലനിൽക്കുന്നത്.
Advertisement








































































