യേശുക്രിസ്തു മടങ്ങിവരുന്ന തീയതി; ഇതാ ചില പ്രവചനങ്ങൾ...

യേശുക്രിസ്തു മടങ്ങിവരുന്ന തീയതി; ഇതാ ചില പ്രവചനങ്ങൾ...

 ഇവാ. എബിസൺ ഈപ്പൻ ഡാനിയേൽ

യേശുക്രിസ്തുവിന്റെ മടങ്ങി വരവ് എന്നായിരിക്കും എന്നുള്ളത് ക്രിസ്തീയ ലോകത്ത് എക്കാലത്തെയും ഒരു ചർച്ചാവിഷയമാണ്. അതുകൊണ്ടുതന്നെ ആരെങ്കിലും ചില പ്രത്യേക കാരണങ്ങളിൽ ഊന്നി ചില തീയതികൾ പ്രഖ്യാപിക്കുമ്പോൾ അതിനെക്കുറിച്ചുള്ള ചർച്ചകളും തർക്കങ്ങളും ആകാംക്ഷകളും നമ്മുടെ ഇടയിൽ സർവ്വസാധാരണമാണ്.

ക്രിസ്തീയ സഭാ ചരിത്രത്തിൻ്റെ ആദ്യ കാലഘട്ടം മുതലേ യേശുക്രിസ്തു വരുന്ന ദിവസം ഇന്നതായിരിക്കും എന്ന് പലരും പ്രവചിച്ചിട്ടുണ്ട്. പക്ഷേ ഇന്നുവരെ ഈ തീയതി പറഞ്ഞുള്ള പ്രവചനങ്ങൾ എല്ലാം പരാജയപ്പെട്ടതായി നമുക്ക് കാണാം. ചില പ്രവചനങ്ങൾ ഒക്കെ പിന്നീട് ദുരൂപദേശ പ്രസ്ഥാനങ്ങളുടെ ജനനത്തിന് കാരണമായി തീർന്നു. ഞാനിവിടെ ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ തലമുറയിൽ യേശുക്രിസ്തു  ഇന്ന തീയതിയിൽ വരുമെന്ന്  അവകാശപ്പെട്ട  ചില  പ്രവചനങ്ങളെ ആണ്.

1999 ലെ ആണ്ടറൂതി യോഗം ഇന്നും എൻറെ ഓർമ്മകളിൽ തങ്ങിനിൽക്കുന്നു. അന്ന് പതിവിൽ കവിഞ്ഞ ജനക്കൂട്ടം ആണ്ടറുതി യോഗത്തിൽ പങ്കെടുത്തു. 
സ്നാനപ്പട്ട എല്ലാവരും കർതൃമേശയിൽ പങ്കാളികളായി. എല്ലാവരും ഭയഭക്തിയോടെ ആരാധനയിൽ ഉടനീളം സംബന്ധിച്ചു. പക്ഷേ പലരും പ്രതീക്ഷിച്ചത് നടന്നില്ല. ആളുകളുടെ ഉള്ളിൽ അന്നുണ്ടായിരുന്ന ഒരു ചിന്ത രണ്ടായിരത്തിൽ യേശുക്രിസ്തു വരും എന്നായിരുന്നു. അതിന് പ്രധാന കാരണമായി തീർന്നത് ആ കാലഘട്ടങ്ങളിൽ ഉണ്ടായ പല പ്രവചനങ്ങളും രണ്ടായിരത്തിൽ യേശു ക്രിസ്തു വരും എന്ന് അവകാശപ്പെട്ടു കൊണ്ടുള്ളതായിരുന്നു. ഇവയെ ആസ്പദമാക്കിക്കൊണ്ട് കേരളക്കരയിൽ അനവധി നിരവധി വചന വ്യാഖ്യാനങ്ങളും ഉളവായി.

പിന്നീട് 2003 ൽ അമേരിക്കയും ഇറാക്കുമായി യുദ്ധം ഉണ്ടായപ്പോൾ, എനിക്ക് വളരെ പരിചയമുള്ള ഒരു ദൈവദാസൻ തൻറെ പ്രസംഗത്തിൽ പറഞ്ഞു ഇറാഖിനെ കേന്ദ്രമാക്കിക്കൊണ്ട് പുതിയ ബാബിലോൺ ഉയർന്നുവരും, 2014 ൽ യേശുക്രിസ്തു വരും.  പക്ഷേ 2014 ൽ യേശുക്രിസ്തു വന്നില്ല, ഇന്നും ആ പ്രസംഗകൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തെ കാണുമ്പോൾ എല്ലാം എനിക്ക് ആദ്യം ഓർമ്മ വരുന്നത് അദ്ദേഹത്തിൻറെ ഈ രാഷ്ട്രീയ പ്രവചനമാണ്. 

2012 ൽ കർത്താവ് വരുമെന്ന് അമേരിക്കൻ ടെലിവിഷൻ ഇവാഞ്ചലിസ്റ്റ് Jack Van Impe അവകാശപ്പെട്ടു. അദ്ദേഹം ഇതിനുമുമ്പും പല വർഷങ്ങളിലും കർത്താവ് വരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. 2012 കഴിഞ്ഞതിനു ശേഷം പിന്നീട് അദ്ദേഹം ഒരു തീയതിയും പറഞ്ഞിട്ടില്ല.

2012 ഡിസംബർ 21ന് ലോകം അവസാനിക്കും എന്ന ധ്വനി മായൻ കലണ്ടറിനെ ആസ്പദമാക്കി മീഡിയകളിലും കൂടാതെ ക്രിസ്തീയ പ്രസംഗങ്ങളിലും നിറഞ്ഞുനിന്നിരുന്നു. വാസ്തവത്തിൽ മായൻ കലണ്ടറുമായി നമുക്ക് ഒരു ബന്ധവുമില്ല. എന്നാലും കേട്ടപാതി കേൾക്കാത്ത പലരും അതിനെ ആസ്പദമാക്കി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നത് ഒരു ദുഃഖകരമായ വസ്തുത ആണ്. എന്നാൽ 2012 ഡിസംബർ 21 കഴിഞ്ഞു. ആ പ്രവചനവും സത്യമായില്ല. 

2015 സെപ്റ്റംബർ 28 ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട്  കർത്താവ് മടങ്ങി വരും എന്ന് അമേരിക്കൻ പാസ്റ്റർ മാർക്ക് ബിൽറ്റ്സ് 2008 മുതൽ അവകാശപ്പെടാൻ തുടങ്ങി. അനവധി രാഷ്ട്രീയ പ്രവചന ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചു.  രക്തചന്ദ്ര പ്രവചനം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ യേശുക്രിസ്തുവിന്റെ വരവിനെ കുറിച്ചുള്ള പ്രവചനങ്ങൾ പല പ്രമുഖ പാസ്റ്റർമാരുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ശ്രദ്ധ ആകർഷിച്ചു. 2015 ന് ശേഷവും അദ്ദേഹം ഗ്രന്ഥങ്ങൾ എഴുതി എന്നത് ഒരു വിരോധഭാസം .

2018 നും 2028 നൂം ഇടയിൽ ഉള്ള സമയത്ത് സഭ എടുക്കപ്പെടും. 2021ൽ യേശുക്രിസ്തു മടങ്ങിവരും എന്ന രീതിയിൽ ഉള്ള രാഷ്ട്രീയ പ്രവചനങ്ങളൂടെ പ്രധാന വക്താവായിരുന്നു “Dr F. Kenton Beshore" (Founder and President of World Bible Society). അദ്ദേഹം പറഞ്ഞത്  2021ൽ യേശു വരും അതിനു ശേഷം 2021 മുതൽ 2028 വരെ മഹോപദ്രവ കാലഘട്ടവും എതിർ ക്രിസ്തുവിൻറെ വാഴ്ചയും ആണ്. 

കൊറോണയും വെട്ടുകിളിയുടെ ആക്രമണവും ആ കാലഘട്ടങ്ങളിൽ ഉണ്ടായ മറ്റ് പ്രകൃതി ദുരന്തങ്ങളും ഈ വാദത്തിന് കൂടുതൽ ശക്തി പകർന്നു. 
എന്തിന് മലയാളം ന്യൂസ് ചാനലുകൾ പോലും വാർത്തയ്ക്ക് അകത്ത് ചോദിച്ച ചോദ്യമാണ്, ഇത് ലോക അവസാനത്തിന്റെ ലക്ഷണം ആണോ? ബൈബിളിൽ പറയുന്ന അന്ത്യ ബാധകളാണോ ഈ കാണുന്നത്?

ഈയടുത്ത കാലത്ത് ഒരു ദൈവദാസൻ പ്രസംഗിക്കുന്നത് ഞാൻ കേട്ടത് 2028ൽ യേശുക്രിസ്തു വരും എന്നാണ്. അതിന് അദ്ദേഹം പറഞ്ഞ കാരണം, 2028 ൽ ഇസ്രായേലിന് പൂർണ്ണ വളർച്ച എത്തും. അതായത് ഒരു മനുഷ്യൻറെ പ്രായം. അത് കണ്ടുപിടിച്ചത് 90 സങ്കീർത്തനം 10 ആം വാക്യത്തെ അടിസ്ഥാനമാക്കിയാണ്... മനുഷ്യൻറെ ആയുസ്സ് 70 ഏറെയായാൽ 80. അങ്ങനെയെങ്കിൽ 1948 വീണ്ടും രൂപീകരിക്കപ്പെട്ട ഇസ്രായേലിന് 2028 ആകുമ്പോൾ  80 വയസ്സാകും. അതുകൊണ്ട് യേശുക്രിസ്തു 2028 വരും.

2060ൽ യേശുക്രിസ്തു മടങ്ങി വരും എന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടൻ തൻറെ ജീവകാലത്ത് അവകാശപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക രീതിയിൽ കണക്കുകൂട്ടിയാണ് അദ്ദേഹം 2060 എന്ന വർഷം കണ്ടെത്തിയിരിക്കുന്നത്.

ഞാനിവിടെ രേഖപ്പെടുത്തിയ പ്രവചനങ്ങളിൽ പലതും അതിന്റെ തീയതികൾ കഴിഞ്ഞു കാലഹരണപ്പെട്ടു. ചിലത് ഇനി വരാനുള്ള വർഷങ്ങൾക്കായി ഉള്ളതാണ്.  ഞാനിവിടെ രേഖപ്പെടുത്താത്ത അനവധി പ്രവചനങ്ങളും ഉണ്ട്.

എന്നാൽ ഈ ലേഖനം അവസാനിപ്പിക്കുമ്പോൾ എനിക്ക് പറയാനുള്ളത് അനവധി നിരവധി  പ്രവചനങ്ങൾ യേശു ക്രിസ്തു ഇന്ന തീയതിയിൽ വരും എന്ന് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് എല്ലാകാലത്തും ഉണ്ടാകുന്നുണ്ട്. ഇന്നും അതിന് മാറ്റമൊന്നുമില്ല. പലപ്പോഴും ഇത്തരത്തിൽ പ്രവചനങ്ങൾ നടത്തുന്ന പലർക്കും പോയാൽ ഒരു വാക്ക്, ആളുകൾ ശ്രദ്ധിച്ചാൽ പ്രശസ്തിയും അംഗീകാരങ്ങളും, സ്റ്റേജുകളും. എങ്കിലും ഈ തീയതികൾ വെച്ചുള്ള പ്രവചനങ്ങൾ അനേകരുടെ ഇടർച്ചയ്ക്കും തകർച്ചക്കും ആത്മീക അധപതനത്തിനും കാരണമായി തീർന്നു, തീരുന്നു, തീരും എന്ന വസ്തുതയെ നാം വിസ്മരിച്ചു കൂടാ.

അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന പ്രവചനങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ അവയെ തിരസ്കരിക്കുക എന്നതാണ് ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നാം ചെയ്യേണ്ടത്. മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവത്തിനുള്ളതത്രെ. മറിച്ച് വെളിപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ഗുണീകരണത്തിനായി ദൈവം നൽകിയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ട്  ക്രിസ്തീയ ജീവിതം പ്രത്യാശയോടെ നയിക്കുക എന്നതാണ് നമ്മെ കുറിച്ചുള്ള ദൈവത്തിൻറെ ഉദ്ദേശം. "യേശുക്രിസ്തു എന്നുവരും എന്നുള്ളതിനെ ഓർത്ത് നാം ആശങ്കപ്പെടേണ്ട, വരുവാൻ ഉള്ളവൻ വരും നിശ്ചയം നാം ഒരുങ്ങിയിരിക്കുക."