നെതന്യാഹുവിന്റെ പാഴ്മോഹം 

നെതന്യാഹുവിന്റെ പാഴ്മോഹം 

നെതന്യാഹുവിന്റെ പാഴ്മോഹം 

പാസ്റ്റർ സണ്ണി പി. സാമുവൽ 

2025 ഡിസംബർ 26നു വെള്ളിയാഴ്ച യിസ്രായേൽ രാഷ്ട്രം സൊമാലിലാൻഡിനെ പരമാധികാര സ്വതന്ത്രരാജ്യമായി അംഗീകരിച്ചിരിക്കുന്നുവെന്ന നെതന്യഹുവിന്റെ പ്രഖ്യാപനം ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. അതിനടകീയവും നിർണ്ണായകവുമായ ഈ തീരുമാനത്തെ ഇസ്ലാമികലോകം മാത്രമല്ല ആഫ്രിക്കൻ യൂണിയനും തള്ളിപ്പറയുകയും വിമർശിക്കുകയും ചെയ്തു. കടുത്ത പ്രതിഷേധമാണു തീരുമാനം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. സോമാലിലാൻഡ്, സോമാലിയയുടെ അവിഭാജ്യപ്രവിശ്യയാണെന്നും യിസ്രായേലിന്റെ നയതന്ത്രനീക്കം അന്തർദ്ദേശീയനിയമങ്ങൾക്കു കടകവിരുദ്ധമാണെന്നും സോമാലിയൻ പ്രസിഡന്റ് ആരോപിച്ചു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു വർഷം നീണ്ടുനിന്ന നയതന്ത്രചർച്ചകൾക്കു ശേഷമാണു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നു “ദ യെരുശലേം പോസ്റ്റ്” റിപ്പോർട്ട് ചെയ്യുന്നു. അറബ്-യിസ്രായേൽ ബന്ധം അരക്കെട്ടുറപ്പിക്കുന്നതിനു സ്ഥാപിച്ച അബ്രഹാമിക് അക്കോഡിലേക്കു സോമാലിലാൻഡിനെ ക്ഷണിക്കുകയും അവർ ‘അബ്രഹാമിക് ഉടമ്പടിയുടെ ആത്മാവിൽ’ ഒപ്പുവെച്ചതായും സൺഡേ ടൈംസിൽ ഖദീജ അലി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അന്താരാഷ്ട്രതലത്തിൽ ഈ നീക്കത്തിനെതിരെ പ്രത്യേകിച്ചും അറബ് ലീഗിൽ നിന്നും, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനിൽ നിന്നും കാര്യമായി വിമർശനം ഉയർന്നുവന്നിട്ടുണ്ട്. സൊമാലിയയുടെ പരമാധികാരത്തിന്റെയും പ്രാദേശികമായ സമഗ്രതയുടെയും ലംഘനമായി അവർ ഈ നടപടിക്രമങ്ങളെയും അംഗീകാരത്തെയും കുറ്റപ്പെടുത്തി.

1977 ജൂലായ് മുതൽ 1978 വരെ നടന്ന യുദ്ധത്തിനുശേഷമാണു സൊമാലിലാൻഡ് സൊമാലിയയിൽ നിന്നു ധ്രുവീകരിക്കുവാൻ തുടങ്ങിയത്. അന്നത്തെ പ്രസിഡണ്ടായിരുന്ന മൊഹമെദ് സയദ് ബാറയുടെ ഏകാധിപത്യഭരണം വിഘടനത്തിനു ആക്കംകൂട്ടി. 1991 മെയ് 18-നു സോമാലിലാൻഡ് സ്വയംഭരണാവകാശമുള്ള സ്വതന്ത്ര പരമാധികാര “റിപ്പബ്ലിക് ഓഫ് സോമാലിലാൻഡ്” എന്ന നാമധേയം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. അന്നുമുതൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളാണു ഭരിക്കുന്നത്. എന്നാൽ ഈ പ്രഖ്യാപനത്തെ സൊമാലിയയോ ആഫ്രിക്കൻ രാജ്യങ്ങളോ ലോകരാജ്യങ്ങളോ അംഗീകരിച്ചിരുന്നില്ല. ആകെയാൽ അവർ നിരന്തരം അന്താരാഷ്ട്ര അംഗീകാരം തേടിക്കൊണ്ടിരിക്കുകയായിരുന്നു. തലസ്ഥാനനഗരിയായ ഹർഗീസിലേക്കു പ്രതിനിധികളെ അയച്ചു ചില വിദേശസർക്കാരുകൾ അവരുമായി അനൗപചാരികബന്ധം പുലർത്തുന്നുണ്ട്. എത്യോപ്യ, തായ്‌വാൻ എന്നിവ ഉൾപ്പെടെ ചിലരാജ്യങ്ങളുടെ പ്രതിനിധി ഓഫീസ് ഹർഗീസിൽ പ്രവർത്തിച്ചുവരുന്നു. ഈ പശ്ചാത്തലത്തിലാണു നെതന്യാഹുവിന്റെ ഞെട്ടിക്കുന്ന നയതന്ത്രപ്രഖ്യാപനം. യിസ്രായേലിന്റെ അംഗീകാരം സോമാലിലാൻഡിനു ഏറെ ഗുണകരമാകും എന്നു അവർ പ്രതീക്ഷിക്കുന്നു. കാരണം. അവർ ഒരു പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചനന്തരം, ഈ 34 വർഷത്തിനിടെ, യു.എൻ.-ൽ അംഗത്വമുള്ള ഏതെങ്കിലും ഒരു രാജ്യം സോമാലിലാൻഡിനെ ഇദംപ്രഥമായി അംഗീകരിക്കുന്നതു യിസ്രായേൽ മാത്രമാണ്. അതു ചരിത്രം. ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ പാർക്കുന്ന പലസ്തീൻ ജനതയെ കുടിയൊഴിപ്പിച്ചു സൊമാലിലാൻഡിലേക്കു മാറ്റിപ്പാർപ്പിക്കുക എന്ന ഗൂഢലക്ഷ്യം ഇതിനു പിമ്പിൽ ഉണ്ടെന്നു പറയപ്പെടുന്നു.

176120 ചതുരശ്രകിലോമീറ്റർ ആണ് സോമാലിലാൻഡിന്റെ വിസ്തീർണ്ണം. ജനസംഖ്യ 2024-ലെ കണക്കനുസരിച്ചു 6.2 മില്യൻ. അതായതു ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിനു 35.21 പേർ മാത്രം. കേരളത്തിന്റെ ജനസാന്ദ്രത 2025 കണക്കനുസരിച്ച് 945 ആണ്. ഒരു ദേശം പാരിസ്ഥിതികമായി സുസ്ഥിരമായി ആരോഗ്യകരമായി മുന്നേറി ആ രാജ്യം നിലനിന്നുപോകുന്നതിനു അനുയോജ്യമായ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 50 മുതൽ 100 പേർ ഉണ്ടായിരിക്കണം. പ്രാദേശികമായി ജനസംഖ്യ വർദ്ധന അമ്പതിൽ നിന്നു താഴേക്കു പോവുകയാണെങ്കിൽ ക്രമേണ ആ ജനതതി അപ്രത്യക്ഷമാകും. പാലസ്തീനികളുടെ ആഗോള ജനസംഖ്യ 15.2 മില്യൻ ആണെന്നാണു കണക്കാക്കപ്പെടുന്നത് -പാലസ്തീനിൽ മാത്രമായി 7.4 മില്യനും. ഇവരെ സോമാലിലാൻഡിലേക്കു കുടിയിറക്കിയാലും അവിടുത്തെ മൊത്തം ജനസംഖ്യ (6.2+7.4=) 13.6 മില്യൻ ആകും. അപ്പോഴും ജനസാന്ദ്രത 77.22 മാത്രമേ ആകുന്നുള്ളൂ. ആരോഗ്യകരമായ രാഷ്ട്രനിർമ്മിതിക്കും നിലനിൽപ്പിനും ഇതു ധാരാളം. 

ഇരുരാജ്യങ്ങളും ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിച്ചേർന്നോ എന്നു നമുക്കറിയില്ല. എന്നാൽ ഒരു വിമാനം നിറയെ പാലസ്തീനികളെ യാതൊരു രേഖയും ഇല്ലാതെ സൗത്ത് ആഫ്രിക്കയിലേക്കു നാടുകടത്തിയ സംഭവം നമുക്കു മുമ്പിൽ ഉണ്ടല്ലോ. 

ഈ തീരുമാനം എത്രത്തോളം പ്രായോഗികമാകുമെന്നു കണ്ടറിയണം. കാരണം ആഫ്രിക്കൻ സംസ്കാരം ഗോത്രസംസ്കൃതിയിലൂന്നിയതാണ് -തമ്മിൽ പൊരുതുന്നവരും. സോമാലിയലാൻഡിൽ ഇസാഖ്, ദിർ, ദാരോദ്, ഹവിയ, റഹൻവെയ്ൻ ഗോത്രങ്ങളാണുള്ളത്. അവിടെ കുലങ്ങൾ (clans) തമ്മിൽ പോരാട്ടമുണ്ട്. പലസ്തീനികളിൽ ബെദൂവിയൻ കമ്മ്യൂണിറ്റി അഞ്ചു പ്രധാന ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ഇടയിലും സമീപകാലത്തായി രാഷ്ട്രീയ ധ്രുവീകരണം, കുലങ്ങൾ തമ്മിലുള്ള അസഹിഷ്ണുത, മിലിറ്റൻഡ്  ഗ്രൂപ്പ്സ് തമ്മിലുള്ള വിഘടനം എന്നിവ ഉണ്ട്. ‘ബെയ്ത് അൽ മുഖദ്ദസ്’ യെഹൂദന്റെ കയ്യിൽ എത്തിയാലും ഹമാസിന്റെ കയ്യിൽ എത്തരുതെന്നു പറയുന്ന പണ്ഡിതർ മലയാളക്കരയിലും ഉണ്ടല്ലോ. ഇങ്ങനെയുള്ള ഫലസ്തീനികളെയും സോമാലിയൻ ഗോത്രങ്ങളെയും എങ്ങനെ സ്വരുമിപ്പിച്ചു കൊണ്ടുപോകും? യിസ്രായേൽരാഷ്ട്രം ഇല്ലാത്ത -യെഹൂദൻ തുടച്ചുനീക്കപ്പെട്ട- ഒരു സ്വതന്ത്രപലസ്തീൻ സ്വപ്നം കാണുന്ന ഹമാസ് പോലെയുള്ളവർ ഇതിനോടു എങ്ങനെ പ്രതികരിക്കും? 

അന്ത്യകാലപ്രവചനങ്ങൾ വിശകലനം ചെയ്താൽ നെതന്യാഹുവിന്റെ ആശയം വന്യമായ വെറും സ്വപ്നം മാത്രമാണെന്നു മനസ്സിലാകും. അതു എന്തെന്നാൽ, ഈ തീരുമാനം ദൈവിക പദ്ധതിയും ദൈവഹിതവും അല്ല. അഥവാ അതു നടപ്പിലായാൽത്തന്നെ -അതിനു ഒരു ശതമാനം പോലും സാദ്ധ്യതയില്ല- പിന്നെത്തേതിൽ അതു യിസ്രായേലിനുതന്നെ ദോഷമായി ഭവിക്കും. ബൈബിൾ പ്രവചനപ്രകാരം ആസന്നഭാവിയിൽ ജാതികൾ യെരൂശലേമിനെ ചവിട്ടിക്കളയുന്ന ഒരു കാലം വരുന്നു. യിസ്രായേൽഗൃഹം മുഴുവൻ താമ്രവും വെളുത്തീയവും ഇരുമ്പും കറുത്തീയവും വെള്ളിയോടു ചേർന്ന കിട്ടമായി (കൂട്ടുലോഹം=അതിന്റെ കാഠിന്യം ഇന്നവർക്കുണ്ട്) തീർന്നിരിക്കകൊണ്ടു ദൈവം അവരെ യെരൂശലേമിനു നടുവിൽ കൂട്ടുകയും കഷ്ടതയുടെ ഉലയിൽ ഇട്ടു ഊതി ഉരുക്കി (യെഹെ:22) വെള്ളിയിൽനിന്നു കിട്ടം നീക്കിക്കളഞ്ഞ ഉരുപ്പടിയാക്കി നല്ല തട്ടാൻ വേർതിരിക്കും (സദൃ:25:4). അതിനായി മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരേണ്ടിയിരിക്കുന്നു (ദാനീ:9:27). അവൻ  ഉപായരൂപേണ വന്നു യെരൂശലേം പിടിച്ചെടുത്തു അതിനെ ലോകതലസ്ഥാനമാക്കി ഒരു ഏകലോക ഭരണക്രമം സ്ഥാപിക്കും. അവൻ അധർമ്മമൂർത്തിയും നാശയോഗ്യനും ആണ് (2 തെസ്സ:2:3,8,9). അവൻ വന്നു 1290 ദിവസത്തേക്കു ആലയത്തിൽ നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുകയും ചെയ്യും (ദാനീ:12:11). യിസ്രായേലിനു കാഠിന്യം ഭവിക്കും. ഇറാനിലെ ഖൊറാസൻ പ്രവിശ്യയിൽ നിന്നു ഒരു സൈന്യം കറുത്ത കൊടിയുടെ കീഴിൽ അണിനിരന്നു യെരൂഊശലേം പിടിച്ചു അതിനെ ലോകതലസ്ഥാനമാക്കി ഒരു ഏകലോക ഭരണം നിലവിൽ വരുമെന്നു ഇസ്ലാമിക് എസ്ക്കറ്റോളജിലും കാണുന്നു (Sunan Ibn Majah 4084). ലോകം അതിലേക്കു അതിദ്രുതം ഓടിക്കൊണ്ടിരിക്കുകയാണ്. അന്നാളിൽ ഒരു ഏകലോകമതവും നിലവിൽവരും -എതിർക്രിസ്തുവിനെ പൂജാവിഷയമാക്കുന്ന ഒരു മതസംഹിത. അത് നിവർത്തിയാകണമെങ്കിൽ പാലസ്തീൻ ദ്വിരാഷ്ട്ര സിദ്ധാന്തം നിലവിൽ വന്നിരിക്കണം. മശിഹായെ കൂടാതെ ഒരു വിശാല യിസ്രയേൽ രാഷ്ട്രം സ്ഥാപിക്കുവാനാണു നെതന്യാഹു ശ്രമിക്കുന്നത്. അതു ഒരിക്കലും നിവൃത്തീപദത്തിൽ എത്തുകയില്ല. അതിനു അവകാശമുള്ളവൻ വരണം. ചെങ്കോൽ അവന്റെ പക്കലാണുള്ളത്. അന്നാളിൽ ജാതികളുടെ അനുസരണം അവനോടാകും (ഉല്പത്തി:49:10). അതുവരെ നെതന്യാഹുവിന്റെ മോഹങ്ങൾ വെറും വന്യമായ സ്വപ്നങ്ങളായി അവശേഷിക്കും