പഴയ വസ്ത്രം ധരിച്ച പുതിയ മനുഷ്യൻ 

പഴയ വസ്ത്രം ധരിച്ച പുതിയ മനുഷ്യൻ 

രിക്കൽ ഡി എൽ മൂഡിയുടെ ഒരു മീറ്റിംഗിൽവച്ച് വളരെ പാവപ്പെട്ടവനായ ഒരു വ്യക്തി രക്ഷപ്പെട്ടു. എല്ലാവരുടെയും മുൻപിൽ വന്നുനിന്ന് തന്റെ വിടുതലിന്റെ സാക്ഷ്യം വിളിച്ചുപറയാൻ അദ്ദേഹം ആഗ്രഹിച്ചു. എങ്കിലും താൻ ധരിച്ചിരുന്നത് പഴകിയ വസ്ത്രങ്ങൾ ആയിരുന്നതിനാൽ ഒരു ആശങ്ക തനിക്കുണ്ടായി. ഒടുവിൽ ധൈര്യം സംഭരിച്ച് അദ്ദേഹം എല്ലാവരുടെയും മുൻപിൽ എണീറ്റു നിന്ന് ഇപ്രകാരം പറഞ്ഞു - "അത്ഭുതകരമായ മാറ്റമാണ് എന്നിൽ സംഭവിച്ചിരിക്കുന്നത്. എന്നെ കാണുന്ന നിങ്ങൾക്ക് എന്നിൽ ഒരു മാറ്റവും കാണുന്നുണ്ടാകില്ല. എന്റെ വസ്ത്രങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്. രൂപഭാവങ്ങളും അതുതന്നെ. പക്ഷെ ഇപ്പോൾ, ഒരു പുതിയ മനുഷ്യനെയാണ് നിങ്ങൾ ഈ കാണുന്നത്. അതെ, പഴയ വസ്ത്രം ധരിച്ച പുതിയ മനുഷ്യൻ." 

മൂഡി ഒരിക്കൽ വായിച്ച ഒരു പരസ്യവാചകം അദ്ദേഹം ഓർമ്മിച്ചുപറയുന്നത് ഇങ്ങനെയാണ് - "ആളുകൾ നിങ്ങളെ ബഹുമാനിക്കണമെങ്കിൽ പുതിയ വസ്ത്രം ധരിക്കുക." ലോകത്തിന്റെ ആശയം അതാണ്. അകത്തുള്ള പല ന്യൂനതകളെയും വൈകല്യങ്ങളെയും ഒരു പുതിയ വസ്ത്രം കൊണ്ടു മറയ്ക്കാൻ കഴിഞ്ഞേക്കാം. എന്നാൽ പുറമെയുള്ള മാറ്റമല്ല; അകമെയുള്ള സമൂല മാറ്റം ആണ് യഥാർത്ഥ മാറ്റം എന്ന ഒരു തിരിച്ചറിവ് ഈ കാലഘട്ടത്തിൽ ആവശ്യം ആയിരിക്കുന്നു. 

നമ്മുടെ വെച്ചുകെട്ടലുകളും അഭിനയപ്രകടനങ്ങളും കണ്ടിട്ട്, മറ്റുള്ളവർ നമ്മെ നല്ല മനുഷ്യൻ എന്ന് വിളിക്കുന്നുണ്ടാകും. പക്ഷെ, നമ്മുടെ ഉള്ളിലെ സ്വഭാവം നന്നായി അറിയുന്ന ദൈവത്തെ കബളിപ്പിക്കാൻ കഴിയില്ലെന്ന് ഓർക്കുക.

"ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. പഴയത് കഴിഞ്ഞുപോയി; ഇതാ സകലതും പുതിയതായി തീർന്നിരിക്കുന്നു." 
2 കോരിന്ത്യർ 5:17

Advertisement