നമ്മുടെ പിന്നാമ്പുറം !

ലേഖനം
നമ്മുടെ പിന്നാമ്പുറം!
പ്രിയ കെ എബ്രഹാം
ചെറുതായി കണ്ണടച്ചാൽ, മനസ്സിന്റെ അകത്തളങ്ങളിൽ നിന്ന് ഒരു പഴയ നാദം ഉയരുന്നത് കേൾക്കാം... അവിടെ ഒരു മുക്കുറ്റി ഓടിക്കളിക്കുന്ന ബാല്യമുണ്ട്, പാലാഴി നിറഞ്ഞ കിണറുണ്ട്, അമ്മയുടെ അടുക്കളയിലെ കിണ്ണം മുഴങ്ങുന്ന ശബ്ദമുണ്ട്, പിതാവിൻ്റെ ഹൃദ്യമായ പുഞ്ചിരിക്കുള്ളിൽ ഒളിഞ്ഞു കിടുക്കുന്ന നിശ്ശബ്ദ സ്നേഹമുണ്ട്, ഭവനാങ്കണത്തിന്റെ ആത്മീക അടിത്തറയുണ്ട്... ഈ കാഴ്ചകൾ എല്ലാം തന്നെ നമ്മളിൽ മങ്ങിയിട്ടില്ല, മറഞ്ഞിട്ടുമില്ല— അവ വെറുമൊരു ഓർമ്മയല്ല, നമ്മെ നമ്മളാക്കുന്ന അടിത്തറയാണ്!
കാലം മുന്നോട്ട് പോകുമ്പോൾ ജീവിതം പല രീതിയിലായി മാറുന്നു. പുതിയ പട്ടണങ്ങൾ, പുതിയ കാഴ്ചകൾ, പുതിയ സ്വപ്നങ്ങൾ… പക്ഷേ, നമ്മുടെ ഉള്ളിലേക്ക് ചരിഞ്ഞിരിക്കുന്ന ഒരു ഇടം എല്ലായ്പ്പോഴും പഴയതുതന്നെയാണ്—നമ്മുടെ പിന്നാമ്പുറം!
പിന്നാമ്പുറം—അതൊരു ഉറവിടമാണ്! പിതാവ് പറഞ്ഞിരുന്ന അനുഭവങ്ങൾ, അമ്മയുടെ ഉപദേശങ്ങൾ, വലിയമുത്തശ്ശിയുടെ കഥകൾ...കുഞ്ഞുങ്ങളുടെ കുസൃതികളാൽ നിറഞ്ഞ ബാല്യം, മഴയത്ത് കളിച്ച കളിമണ്ണ്, കൂട്ടുകാർക്കൊപ്പം നദിയിൽ ചാടിയ ഉന്മേഷം, അക്ഷരങ്ങൾ ആദ്യമായ് വായിക്കാൻ പഠിച്ച ആ ക്ലാസ് മുറി— മാതാപിതാക്കളുടെയും, അധ്യാപകരുടെയും താങ്ങും തണലുമുള്ള കൗമാരദിനങ്ങൾ, സ്വപ്നങ്ങൾ തേടിയുള്ള യൗവനക്കാരുടെ ആർജവം, കൈപറ്റിയ ആദ്യവേതനം, കരുത്തായി തോൾചേർന്നു നിന്ന കുറെയധികം സൗഹൃദങ്ങൾ... ഓരോ നിമിഷവും ഓർമ്മയുടെ പുസ്തകത്താളുകളിൽ മയിൽപ്പീലി തുണ്ടായി സൂക്ഷിക്കുമ്പോൾ...
ഇവയെല്ലാം ചേർന്നൊരു സുന്ദരമായ ചിത്രമാണല്ലോ നമ്മുടെ പിന്നാമ്പുറം!
ഒരുപക്ഷേ, കാലത്തിന്റെ കാൽവിരലുകൾ, ഈ കാഴ്ചകൾ ഒന്നു മങ്ങിയവണ്ണം മാറ്റിയിട്ടുണ്ടാകും. പക്ഷേ, അതിന്റെ ചൂട് മനസ്സിൽ ഇന്നും ഉണ്ട്....
ഓരോ തിരിഞ്ഞുനോട്ടത്തിനും പിന്നാമ്പുറം ഒരു കരുതലാണ്, ഒരു ചിരിയാണ്, ഒരു കാത്തിരിപ്പാണ്.
ജീവിത പാതയിൽ മുന്നോട്ട് പോകുമ്പോൾ പിന്നാമ്പുറം നമ്മെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് ? ഇന്ന് ജീവിതത്തിന്റെ നേർക്കാഴ്ചകൾ പല ഭാവത്തിലും, വേഷത്തിലും, രൂപത്തിലും വന്നു നിൽക്കുമ്പോൾ... വെറുതെ എങ്കിലും ചിന്തിക്കാറില്ലേ.. ഇന്നലെവരെയുള്ള എന്റെ ജീവിതമാണ്! ഒട്ടും അകലമില്ലാത്ത എന്റെ സ്വന്തം പിന്നാമ്പുറം എന്ന്!! ഓർമ്മകൾ, അനുഭവങ്ങൾ, പഠനങ്ങൾ—എല്ലാം ചേർന്നതാണ് നമ്മെ നയിക്കുന്നത്.
ബാല്യത്തിലെ കളി ജീവിതത്തിന്റെ ഉന്മേഷമാകുന്നു. കുടുംബത്തിന്റെ സ്നേഹം തണലാകുന്നു.
പഴയ പാഠങ്ങൾ ഭാവിയുടെ വഴികാട്ടിയാകുന്നു. അതിനാൽ, ഓരോ ദിവസം കഴിയുമ്പോഴും, ഒരു തിരിഞ്ഞുനോട്ടം വേണം. അതാണ് നമ്മെ പൂർണ്ണമാക്കുന്നത്.
പിന്നാമ്പുറം... ആരെയും പിടിച്ചു നിർത്തുന്നില്ല, പിന്നോട്ട് തള്ളുന്നില്ല. അതിന്റെ സ്നേഹവീചികൾ നമ്മെ മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുന്നു. ഓരോ പ്രഭാതത്തിനും ഒരു പ്രദോഷമുണ്ടല്ലോ, ഓരോ തുടക്കത്തിനും ഒരു ഓർമ്മയുണ്ടല്ലോ…!
പിന്നാമ്പുറം നമുക്ക് സ്വന്തമായി തിരിച്ചു പോകാവുന്ന, എത്തി പ്പിടിക്കാവുന്ന അകലം തന്നെയാണ്. വളർന്നു വരുന്ന തലമുറയ്ക്ക്, തിരിഞ്ഞു ചിന്തിക്കുമ്പോൾ, അവരുടെ പിന്നാമ്പുറങ്ങളിലെ നല്ല മാതൃകയുള്ള കഥാപാത്രങ്ങൾ ആയി ജീവിക്കാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ.
പിന്നാമ്പുറം നാം രചിച്ച, രചിച്ചുകൊണ്ടിരിക്കുന്ന കഥകളാണ്. സൃഷ്ടാവ് ദാനമായി നൽകിയ ഈ അൽപ്പായുസ്സ് കൊണ്ട് നല്ല പിന്നാമ്പുറങ്ങളെ നമുക്ക് രചിക്കാം.
Advertisement