പുതുവർഷത്തിൽ യേശുവിനൊപ്പം

പുതുവർഷത്തിൽ യേശുവിനൊപ്പം

റവ. ജോർജ് മാത്യു പുതുപ്പള്ളി

പുതിയ വർഷത്തിലേക്കു പ്രവേശിച്ച ഓൺലൈൻ ഗുഡന്യൂസിന്റെ എല്ലാ വായനക്കാർക്കും സമാധാനപൂർണമായ ഒരു പുതുവർഷം ആശംസിക്കുന്നു.

വർഷങ്ങൾക്കുമുമ്പ് യെരുശലേം സന്ദർശിച്ച ഒരു ദൈവഭക്തനെയും കുടുംബത്തെയും ഒരു ഗൈഡ് അവിടുത്തെ പ്രകൃതിദൃശ്യങ്ങൾ കാണിക്കുവാൻ കൂട്ടിക്കൊണ്ടുപോയി. ഒലിവുമലയിൽ നിൽക്കുമ്പോൾ യെരുശലേമിന്റെ മനം കവരുന്ന സൗന്ദര്യം കണ്ട് അവർ അത്ഭുതസ്തബ്ധരായി. ആ സമയം ഗൈഡ് അവരോട് ഇപ്രകാരം പറഞ്ഞു : 'എല്ലാ ദിവസവും ഈ അത്ഭുത സൗന്ദര്യത്തിന് സാക്ഷികളാകുന്നതിനാൽ ഞങ്ങളുടെ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ ഞങ്ങൾ മറക്കുന്നു. പ്രശ്നങ്ങളുടെ നടുവിലും സമാധാനപൂർണമായ ജീവിതം നയിക്കുവാൻ അതു ഞങ്ങളെ സഹായിക്കുന്നു.'

ദൈവപുരുഷനായ മോശെ, ബെന്യാമിൻ ഗോത്രത്തെ അനുഗ്രഹിക്കുമ്പോൾ ദൈവസാന്നിദ്ധ്യം അവന്റെ അതിരുകൾക്കുള്ളിൽ വസിക്കുന്നതായിട്ടാണ് പ്രസ്താവിക്കുന്നത്. 'അവൻ യഹോവയ്ക്കു പ്രിയൻ. ദൈവസന്നിധിയിൽ നിർഭയം വസിക്കും. താൻ അവനെ എല്ലായ്‌പ്പോഴും മറച്ചുകൊള്ളുന്നു. അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു' (ആവർത്തനം 33 : 12). യോസേഫിന്റെ അവകാശഭൂമിയുടെ അതിരുകളെ പരാമർശിക്കുമ്പോഴും ഇത് ഒരു യാഥാർത്ഥ്യമാണെന്ന് മനസിലാക്കുവാൻ നമുക്കു കഴിയും.

'പിന്നെ അതിർ ബെൻഹിന്നോം താഴ്‌വരയിൽക്കൂടി കയറി യെരുശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു' (യോശുവ 15 : 8). യെരുശലേം ബെന്യാമിന്റെ അതിരിലായിരുന്നു. അതായത് ദൈവസാന്നിദ്ധ്യം ബെന്യാമിന്റെ അതിരുകളിലുള്ള യെരുഷലേമിൽ ഉണ്ട്. യാക്കോബിന്റെ ഇളയ പുത്രനായ ബെന്യാമിൻ ദുഃഖത്തിന്റെ പുത്രനായിരുന്നു. അവനെ അവന്റെ അമ്മ ബെനോനി എന്ന പേരാണ് വിളിച്ചതെങ്കിലും അപ്പനായ യാക്കോബ് ബെന്യാമിൻ അഥവാ 'വലതുകരത്തിന്റെ പുത്രൻ' (അനുഗ്രഹപുത്രൻ) എന്നാണ് വിളിച്ചത്.

അതെ, ലോകം ദുഃഖത്തിന്റെ മക്കളായി നമ്മെ കണ്ടെങ്കിലും യേശുകർത്താവ് നമ്മെ അനുഗ്രഹത്തിന്റെ മക്കളാക്കി മാറ്റി. ദൈവിക അനുഗ്രഹത്തിന്റെ അതിരിങ്കൽ അവിടുന്ന് നമ്മെ ആക്കിവച്ചു. യെരുശലേമിന്റെ ആനന്ദസൗഭാഗ്യങ്ങൾ ശ്രദ്ധിക്കുവാൻ ദൈവം നമുക്ക് ഭാഗ്യം നൽകി. അതെ, പ്രതികൂലങ്ങളോ, പ്രയാസങ്ങളോ, പ്രശ്നങ്ങളോ, വേദനകളോ നേരിടുമ്പോൾ അനുഗ്രഹത്തിന്റെ യെരുശലേമിനെ ശ്രദ്ധിച്ചുനോക്കുവാൻ നമുക്കു കഴിയും. നമ്മുടെ വേദനകളും ദുഃഖങ്ങളും മായ്ച്ചു കളയുന്ന സ്നേഹത്തിന്റെ കൂട്ടായ്മ അവിടെ അവനിൽ നമുക്കു ലഭിക്കും.

ചിന്തക്ക് : 'യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു. യഹോവ ഞങ്ങളിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു. അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു. യഹോവേ, തെക്കെനാട്ടിലെ തോduകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തണമേ. കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതച്ചുംകൊണ്ടു നടക്കുന്നു. കറ്റ ചുമന്നും ആർത്തുംകൊണ്ടും വരുന്നു' (സങ്കീർത്തനങ്ങൾ 126 : 1..6)