ഏവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം

ഏവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ൾഗേറിയയിൽ മരിയ എന്ന യുവതി കമ്യൂണിസ്റ്റ് ചിന്താഗതിയിൽ ആകൃഷ്ടയായിട്ടാണ് വളർന്നു വന്നത്. ക്രിസ്തീയ വിശ്വാസത്തിന് എതിരായി നിൽക്കുന്നതിന് ആവശ്യമായ അഭ്യസനം അവൾക്കു ലഭിച്ചിരുന്നു. നാലു വർഷത്തെ പരിശീലനമാണ്‌ വിശുദ്ധ വേദപുസ്തകത്തിലെ ഉപദേശങ്ങളെ ഖണ്ഡിക്കുന്നതിന് അവൾക്കു ലഭിച്ചിരുന്നത്.

അതിസമർത്ഥമായ നിലയിൽ മരിയ ഈ അഭ്യസനം പൂർത്തിയാക്കി പ്രവർത്തന രംഗത്തേക്കിറങ്ങി. ക്രിസ്തീയ വിശ്വാസങ്ങളെ വാദിച്ചു തോൽപിക്കുന്നതിനുള്ള എല്ലാവിധ തന്ത്രങ്ങളും അവൾ മനസിലാക്കിയിരുന്നു. 

ഒരു ദിവസം ഒരു വലിയ കൂട്ടത്തോട് കമ്യൂണിസ്റ്റ് തത്വസംഹിതകൾ സ്ഥാപിക്കുവാൻ വിശുദ്ധ വേദപുസ്തകത്തിന് എതിരായ വാദമുഖ ങ്ങൾ ഉന്നയിച്ചുകൊണ്ട് തന്റെ വാഗ്വിലാസത്തിൽ മരിയ പ്രസംഗിക്കുകയായിരുന്നു. ഈ പ്രസംഗം കേട്ട അനേകർ ആഹ്ലാദഭരിതരായി. എന്നാൽ ചിലർക്ക് അതിൽ മന:പ്രയാസവും തോന്നാതിരുന്നില്ല.

പ്രസംഗത്തിന്റെ അതിഗൗരവമായ ഭാഗത്തേക്കു വന്നപ്പോൾ മരിയയുടെ സമനിലതെറ്റി അവൾ ഇപ്രകാരം വിളിച്ചു ചോദിച്ചു : 'വിളക്കു കെടുത്തിയത് ആരാണ് ?' അവിടെ കൂടിയിരുന്നവർ അവളുടെ ഈ ചോദ്യം കേട്ട് വളരെ പരിഭ്രമിച്ചു. പ്രസംഗവിഷയത്തിൽ നിന്നും മാറിയുള്ള ഈ ചോദ്യം കേട്ടവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു : 'ആരും വിളക്ക് കെടുത്തിയില്ല, മരിയ.' ഇതു കേട്ട മരിയ അതിദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു : എന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു. എനിക്കു ഇപ്പോൾ ഒന്നും കാണുവാൻ കഴിയുന്നില്ല.'

മനുഷ്യാത്മാക്കളെ പ്രകാശിപ്പിക്കുന്ന സ്വർഗീയവെളിച്ചം ലോകത്തിന്റെ ആരംഭം മുതൽ ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. എപ്രകാരം സൂര്യനും ചന്ദ്രനും ലോകത്തിനു പ്രകാശമായിത്തീരുന്നുവോ അതുപോലെ മനുഷ്യമനസുകളെ പ്രകാശിപ്പിക്കുന്നതിന് ദൈവത്തിൽനിന്നും ആത്മീയരശ്മികൾ ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു എങ്കിലും മനുഷ്യർക്ക് അത് പൂർണ തോതിൽ ഉൾക്കൊള്ളുവാൻ സാധിച്ചില്ല എന്നത് ഒരു പരമാർത്ഥം തന്നെയാണ്.

മനുഷ്യർ പുറമെയുള്ള വെളിച്ചത്തെ മാത്രം സ്വീകരിക്കുകയും യഥാർത്ഥ പ്രകാശം നൽകുന്ന ദൈവത്തിന്റെ ആന്തരിക വെളിച്ചതെ പകയ്ക്കുകയും ചെയ്തു. ഇതിനെപ്പറ്റിയാണ് യോഹന്നാൻ അപ്പൊസ്തലൻ വെളിച്ചത്തെക്കാൾ അധികമായി ഇരുട്ടിനെ സ്നേഹിക്കുന്ന മനുഷ്യന്റെ സ്വഭാവത്തെപ്പറ്റി വിശുദ്ധ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്നത്‌. പ്രിയ സ്നേഹിതരേ, നാം ലോകം നൽകുന്ന താൽകാലിക വെളിച്ചത്തെ സ്നേഹിക്കുന്നവരോ, ഒരിക്കലും കെടാത്ത നീതിസൂര്യനായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നവരോ ?

ചിന്തക്ക് : 'ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അവൻ മുഖാന്തരം ഉളവായി. ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു. സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്' (യോഹന്നാൻ 1 : 9...14).