യേശു മാത്രം സമ്പത്താകുന്നു
യേശു മാത്രം സമ്പത്താകുന്നു
പ്രൊഫ. ഡോ. ബിനു ഡാനിയേൽ
"യേശു എന്റെ സമ്പത്താണ്" - ഇതൊരു സാധാരണമായ വാക്കുകളുടെ കൂട്ടല്ല. ഓരോ അക്ഷരത്തിലൂടെയും ഞാൻ അനുഭവിച്ചും അനുഗമിച്ചും ജീവിച്ചെത്തിയ ആത്മാവിന്റെ ഉറച്ച വിളിയാണത്; ആത്മാവിന്റെ ആഴങ്ങളില്‍ നിന്നു പൊങ്ങി വരുന്ന ദിവ്യമായ ഒരു സാക്ഷ്യഘോഷമാണത്. ഈ വാക്കുകൾ - പലപ്പോഴും ഉള്ളിലെ ശൂന്യതയും അഭാവവുമൊടുങ്ങിയ പ്രതിസന്ധികളുടെയും കനൽക്കെട്ടിലാണ് ജനിക്കുന്നത്. കണ്ണുനീരും കനിഞ്ഞു മിഴിയുന്ന പ്രാർത്ഥനകളിൽ, ദു:ഖത്തിന്റെയും ആശ്വാസത്തിന്റെയും വിരളമായ നിമിഷങ്ങളിൽ, പകർച്ചമില്ലാത്ത അനുഭവങ്ങളിലൂടെ ആയാസത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഹൃദയഘോഷമാണവ. ഈ വിളികൾ ഒരു വേദനയുടെ ശബ്ദമല്ല, മറിച്ച് അതിജീവിച്ച ആത്മാവിന്റെ ഭക്തിയുടേയും പ്രത്യാശയുടെയും ജ്വലിപ്പിക്കുന്ന വിളിച്ചുപറയലാണ്, ദൈവസാന്നിധ്യത്തിന്റെ സ്പന്ദനം കൂടിയാണ്. ഇത് ഒരു ട്രെൻഡ് ആയി പ്രചരിപ്പിച്ചതല്ല; മറിച്ച് ആയിരം ആയിരം വിശുദ്ധന്മാരുടെ ഹൃദയത്തിൽ ദൈവം തീർത്ത ഇടപെടലുകളുടെ ഗാഥയായി വളർന്നതാണ്. ഒരുനിമിഷം പോലും വിട്ടുനിൽക്കാതെ ദൈവത്തിൽ ആശ്രയം കാണേണ്ടിവന്നതിന്റെ ഒരു പതിവ് സാക്ഷ്യപ്രഖ്യാപനം.
യേശുവാണ് നമ്മുടെ സമ്പത്ത് എന്ന് പകർച്ചയില്ലാതെ സമ്മതിക്കുന്നവരാണെങ്കിൽ, പിന്നെ മറ്റെല്ലാ ഭൗതിക “നിധികളെയും” സ്വാധീനിക്കാൻ നമുക്ക് ഇത്രയും മോഹം എന്തിനാണ് എന്ന സംശയം ആരുടെയെങ്കിലും മനസ്സിൽ തോന്നാതിരിക്കില്ല.
വലിയ വീടുകളും, വിലയേറിയ കാറുകളും, വിദേശ യാത്രകളും, സാമ്പത്തിക നിക്ഷേപങ്ങളും ദൈവം നൽകിയ അനുഗ്രഹങ്ങളായാണ് നാം ഇന്ന് കാണുന്നത്. ഇന്ന് ആത്മീയതയുടെ അളവ് ദൈവത്തോടുള്ള അടുപ്പത്തിലല്ല, ദൈവം നൽകിയെന്ന് വിശ്വസിക്കപ്പെടുന്ന ഭൗതിക സമൃദ്ധിയിലൂടെയാണ് എളുപ്പത്തിൽ അളക്കപ്പെടുന്നത്. “ദൈവം നൽകുന്ന സമൃദ്ധി” എന്ന പേരിൽ ഇവയെ കുറിച്ച് അവർ വലിയ അഭിമാനത്തോടെയും അതിശയത്തോടെയും പങ്കുവെക്കുന്നു.
ഇന്ന് വിശ്വാസം ആത്മസംയമനത്തിന്റെയോ അത്മസാക്ഷിയുടെയോ അടയാളമല്ല; അതിനെ മനോരമമായ പ്രകാശത്തിൽ പ്രദർശിപ്പിക്കുന്ന ഒരു സ്റ്റാറ്റസ് സിംബോളായി ചിലർ ഉപയോഗിക്കുന്നു. ആഡംബരമായ ജീവതശൈലിയാണ് വിശ്വാസത്തിന്റെ പുതിയ രൂപം. ദൈവത്തിന്റെ കൃപയെ ഇന്ന് ഒരു എളിമയും ദയയും നിറഞ്ഞ അനുഗ്രഹമായി കാണുന്നില്ല; മറിച്ച് ആധുനിക ജീവിതത്തിലെ ആഡംബരങ്ങളും പ്രൗഢിയുമാണ് അതിന്റെ പ്രതീകം. ഒരിക്കൽ പ്രാരംഭ സഭ വിവേകത്തോടെ കാണുകയായിരുന്നു ഭൗതിക സമ്പത്ത്, ഇന്ന് അത് "ദൈവിക അനുഗ്രഹത്തിന്റെ തെളിവ്" എന്ന ലേബൽ ഒട്ടിച്ച് വിൽക്കപ്പെടുന്നു. വലിയ വീട്? ദൈവത്തിന്റെ പ്രതിഫലം. വിദേശ പാസ്പോർട്ട്? ദൈവം തുറന്ന വാതിൽ. കുട്ടികൾ ഒന്നാം ലോക രാജ്യങ്ങളിൽ താമസിക്കുന്നത്? ദൈവിക വാഗ്ദത്തത്തിന്റെ നിവർത്തി! എന്നിങ്ങനെ പോകുന്നു അവരുടെ അന്തർഗതം. സുവിശേഷ പ്രസംഗത്തിന് പോകുമ്പോൾ , ഫസ്റ്റ് ക്ലാസ്സിലുള്ള, ബിസിനസ് ക്ലാസ്സിലുള്ള യാത്രകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉള്ള താമസം- എല്ലാം ദൈവാനുഗ്രഹമായി കണക്കാക്കുന്നു. കർത്താവും ശിക്ഷ്യന്മാരും കിടക്കാനും കഴിക്കാനും കുടിക്കാനും ഏറെ പ്രയാസപ്പെട്ട സാഹചര്യം നിലനിൽക്കുമ്പോൾ ആണ് ഈ “ദൈവാനുഗ്രഹം” എന്ന് കേൾക്കുമ്പോൾ മൂക്കത്തു വിരൽ വെച്ച് പോകുന്നു.
വിദ്യാഭ്യാസം പോലും - ഒരിക്കൽ സേവനത്തിനും, ഉയർച്ചയ്ക്കും, ദൈവത്തിന്റെ വരങ്ങൾ നിയന്ത്രിക്കാനുമുള്ള മാർഗമായി കണക്കാക്കപ്പെട്ടിരുന്നത്, ഇന്ന് മറ്റൊരു ദൈവിക അംഗീകാരത്തിന്റെ മാർക്കായി മാറിയിരിക്കുന്നു. വിശ്വാസികൾക്കിടയിൽ, മക്കളെ വിദേശത്തേക്ക് മെഡിസിൻ, എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബിസിനസ് മാനേജ്മെന്റ് പഠിക്കാൻ അയയ്ക്കുന്നത് ദൈവത്തിന്റെ ഇഷ്ടമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് സ്വദേശത്ത് അവസരങ്ങൾ കുറവാകുമ്പോൾ. "ഇത് അവരുടെ ഭാവിക്കാണ്," "ഇത് ദൈവത്തിന്റെ പദ്ധതിയാണ്" എന്ന് നാം വിശ്വസിച്ചു പോകുന്നു ഒരുവന്റെ മക്കളെ ഈ രീതിയിൽ പഠിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർക്കു പര്യാപ്തമായ വിശ്വാസം ഇല്ലെന്നാണ് അർത്ഥം.
വിവാഹങ്ങളും ഈ സമൃദ്ധിയുടെ ഘോഷയാത്രയിൽ പൂർണമായി ചേരുന്നവയാകുകയാണ്. ഡിസൈനർ ഉടുപ്പുകൾ, സംഗീത ചടങ്ങുകൾക്കായി ഒരുക്കിയ സ്റ്റേജ് ലൈറ്റിംഗ്, രാജസഭകളെയും മറികടക്കുന്ന വിഭവസമൃദ്ധിയുള്ള വിരുന്നുകൾ എന്നിവയോട് കൂടിയ ആഡംബര ചടങ്ങുകൾ ഇന്ന് പല വിശ്വാസ സമൂഹങ്ങളിലും കാണപ്പെടുന്നു. ഇതെല്ലാം ചിലർ “ദൈവം ചെയ്ത നന്മ” എന്നാണ് വിശദമായി വിശേഷിപ്പിക്കുന്നത്. ഇങ്ങനെ, ആഡംബരവും ഭൗതിക തിളക്കവുമുള്ള ചടങ്ങുകൾ സ്വീകാര്യമായി മാറുക മാത്രമല്ല, അതനുസരിച്ചുള്ള ഒരു ആത്മീയ പ്രതീക്ഷയും ഉയരുകയാണ്. ചടങ്ങുകൾ കൂടുതൽ തിളക്കം ആകുംതോറും, അത്രയും ദൈവത്തിന്റെ അനുഗ്രഹം ചൊരിയുന്നു എന്നാണ് നമ്മുടെ ഇടയിൽ പറയുന്നത്.
വിചിത്രമായാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്. ഒരു കാലത്ത് ക്രിസ്ത്യാനികൾക്ക് പ്രത്യേകമായ ഒരു സ്വപ്നമുണ്ടായിരുന്നു — ലളിതമായ ജീവിതം നയിക്കുകയും, ആരാധനക്കും പ്രാർത്ഥനയ്ക്കും വേണ്ടി ഒരുമിച്ച് കൂടുകയും ചെയ്യുന്ന ഒരു വിശ്വാസസമൂഹം. ക്രിസ്തുവിനായി ഒരുമിച്ച് ജീവിക്കേണ്ടതായിരുന്നു ആഗ്രഹം. എന്നാൽ ഇന്ന്, ആ സ്വപ്നങ്ങൾ പതിയെ മാറിയിരിക്കുന്നു.
ഇപ്പൊഴത്തെ സ്വപ്നം ഒരു സാർവത്രിക പെന്തക്കോസ്റ്റൽ ആശയമായി മാറിയിരിക്കുന്നു: വിദേശരാജ്യങ്ങളിൽ കുടിയേറി സമ്പന്നവും സുഖകരവുമായ ജീവിതം നയിക്കുക. മക്കൾ വിദേശങ്ങളിൽ സ്ഥിര താമസം ആക്കുമ്പോൾ വാർദ്ധക്യത്തിൽ, ആ മക്കൾ താമസിക്കുന്ന നാട്ടിലേക്ക് പോകേണ്ടി വരുമ്പോൾ, അതിനെ ദൈവത്തിന്റെ അനുഗ്രഹമെന്നായി വാഖ്യാനിക്കുക. അതായതു നാം പണ്ട് പണ്ട് പ്രാർത്ഥനയ്ക്കും ഉപവാസത്തിനും യാത്രക്കും പട്ടിണിക്കും നൽകിയ വിലയ്ക്ക് കിട്ടുന്ന പ്രതിഫലം, ചുരുക്കി പറഞ്ഞാൽ ഒരു വലിയ രാജ്യത്തു, ഏതെങ്കിലും ഒരു പ്രദേശത്തു കെട്ടി ഉയർത്തിയ വലിയ വീട്ടിൽ ചെറുമക്കളെയും നോക്കി, വീടിന്റെ കാവൽക്കാരായി നയിക്കുന്ന “എളിയ ജീവിതം.”
ഇടക്ക് ഇടക്ക് ജനിച്ചു വളർന്ന നാട്ടിൽ വന്നു തലകാണിക്കുമ്പോൾ, അമേരിക്കൻ ജോർജ് എന്നും, ജർമൻ വര്ഗീസ് എന്നും, കുവൈറ്റ് മത്തായി എന്നും, ഓസ്‌ട്രേലിയൻ സാറാമ്മ എന്നൊക്കെ പേര് വിളിച്ചു കേൾക്കാൻ എന്തൊരു ഇഷ്ടമാണെന്നോ! ഇടക്ക് ഇടക്ക് ഒരു "യാ" "യാ" എന്നും കൂടി ഉച്ചരിച്ചാൽ ആത്മാഭിമാനത്തിന്റെ പരകോടിയിലെത്തും. അവിടെ കാണുന്ന റോഡുകളുടെയും, കെട്ടിടങ്ങളുടെയും, വാഹനത്തിന്റെയും വിവരങ്ങൾ അഭിമാനത്തോട് കൂടി പറഞ്ഞു നടക്കുമ്പോൾ, നാട്ടിൽ ഉള്ള പാവപ്പെട്ടവരും അടുത്ത ദിവസം തുടങ്ങി പ്രാർത്ഥിക്കാൻ തുടങ്ങും. " ദൈവമേ ഈ "അനുഗ്രഹങ്ങൾ" എനിക്കും വേണം എന്ന്.
അവർക്കു ഒരേ ഒരു വാശി ആണ്. ദൈവമേ എന്റെ തലമുറയെയും അങ്ങ് വിദേശത്തു അയക്കണം. സഭയിൽ ഉള്ള മിക്കവരുടെയും മക്കൾ വിദേശത്തല്ലേ, ജോലി ചെയ്യുന്നത്. നീ എന്താണ് കർത്താവെ, എനിക്ക് അത് സാധിപ്പിക്കാത്തതു. പിന്നെ ഒരു ഒറ്റ ഓട്ടം ആണ്. ദൂത് പറയുന്ന ദാസന്മാരുടെ അടുത്തേക്ക്!. അവർ അവസരം മുതലെടുത്തു നല്ലൊരു ദൂതും തട്ടി വിടും. പതിവ് ശൈലിയിൽ. അതും കേട്ട് വിശ്വസിച്ചു, പിന്നെ അതിനുള്ള പരിശ്രമമാണ്. ഈ ദാസന്മാര് വിദേശത്തു പോകാതെ തന്നെ വലിയ ധനികരായി മാറുകയും ചെയ്യും. വിദേശത്തുള്ളവരും ഇടക്ക് വിളിക്കും കേട്ടോ! അവിടെ നിന്നും വേറെ വിദേശത്തേക്ക് പോകാൻ, അതായത് പാലും തേനും ഒഴുകുന്ന സ്ഥലങ്ങളിലേക്ക്. എന്തൊരു വിരോധാഭാസമാണ്.
ഇനി നമുക്ക് കുറച്ച് നൂറ്റാണ്ടുകൾ പിന്നോട്ടു പോയി ചിന്തിക്കാം. പണ്ടൊക്കെ ക്രിസ്ത്യൻ മിഷനറിമാർ സമൃദ്ധിയുള്ള രാജ്യങ്ങൾ വിട്ടത് വിശ്രമത്തിനായി അല്ല, മറിച്ച് ദാരിദ്ര്യത്തിലാഴ്ന്ന രാജ്യങ്ങളിൽ സേവനം ചെയ്യാൻ, ജീവിതം നൽകാൻ ആയിരുന്നു. അവർ രോഗങ്ങളും നിരാകരണവും അജ്ഞാതത്വവും സഹിച്ചു. വിശ്രമം അവർ തിരഞ്ഞില്ല , മറിച്ച് ആത്മാക്കളെ തേടിയായിരുന്നു അവരുടെ യാത്ര. സുഖം, സുരക്ഷ, ലാഭം ഇവയൊന്നും അവരുടെ ലക്ഷ്യം ആയിരുന്നില്ല.
ക്രിസ്തുവിന്റെ നാമം പോലും കേട്ടിട്ടില്ലാത്ത നാട്ടുകളിൽ, അവരവരുടെ അവസാന ശ്വാസം വിട്ടു. അപരിചിതമായ ഒരു ദേശത്ത്, ഒറ്റപ്പെട്ട ഒരു നിശബ്ദമരണമാണ് അവർക്കായി കാത്തിരുന്നത്. അതൊന്നും പ്രശസ്തമായ അനുഗ്രഹമായി കണ്ടില്ലെങ്കിലും… അത് തന്നെയല്ലേ സത്യമായ അനുഗ്രഹം?
ഇന്നത്തെ വിശ്വാസിക്ക് ഇത് ഒട്ടും സമ്മതമല്ല. പഴയ മിഷനറിയുടെ ജീവിതം നമ്മുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു ശാപം പോലെ തോന്നുന്നു, ദാരിദ്ര്യം, അജ്ഞാതത്വം, എന്നിവയുടെ സ്ഥാനത്തു വാർദ്ധക്യത്തിൽ താമസിക്കുന്ന വീടിന്റെ വലുപ്പവും വിദേശത്തെ ചെറുമക്കളുടെ ജന്മദിനങ്ങളിൽ പങ്കെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നാം നമ്മുടെ അനുഗ്രഹം അളക്കുന്നത്. അവർ ഇതിനെ " ദൈവാനുഗ്രഹം എന്ന് വിളിക്കുന്നു. എന്നാൽ പണ്ടത്തെ മിഷനറിമാർ ത്യാഗത്തെ "ലാഭം" എന്ന് വിളിച്ചു. സുഖത്തിൽ ജീവിക്കുന്നതിനെ നമ്മൾ ഇപ്പോൾ ദൈവാനുഗ്രഹം എന്ന് വിളിക്കുന്നു.
യേശു മാത്രമാണ് നമുക്ക് ആവശ്യമെന്ന് നാം പറയുന്നു, എന്നിട്ടും സുരക്ഷിതമായി തോന്നാൻ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ്, ട്രാവൽ ഡോക്യുമെന്റുകൾ, വിദേശ യാത്രകൾ എന്നിവയെല്ലാം നമുക്ക് ആവശ്യമാണ്. ഈ ലോകം നമ്മുടെ വീടല്ലെന്ന് നാം പ്രസംഗിക്കുന്നു, എന്നിട്ടു അതിന്റെ ഒരു ഭാഗം സ്വന്തമാക്കാൻ അശ്രാന്തം അദ്ധ്വാനിക്കുന്നു. നാം സഞ്ചാരികളാണെന്ന് പറയുന്നു, എന്നാൽ നിക്ഷേപകരെപ്പോലെ യാത്ര ചെയ്യുന്നു. എല്ലാം ഉപേക്ഷിച്ചുവെന്ന് പറയുന്നു, ആരും അറിയാതെ ഇരിക്കാൻ രഹസ്യത്തിൽ സൂക്ഷിക്കുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒന്നും ഇല്ലാ ഇന്ന് കളവു പറയുന്നു.
നമ്മുടെ ആധുനിക ക്രിസ്ത്യാനിത്വത്തിലെ ഏറ്റവും വലിയ വിരോധാഭാസം ഇതാണ്: നാം വഴിതെറ്റിയിരിക്കുന്നു. ഒരിക്കൽ നാം ക്രൂശിനോട് അടുപ്പം കൊണ്ടാണ് ജീവിതത്തെ വിലമതിച്ചിരുന്നത്. ഇന്ന്, അസുഖങ്ങളിൽ നിന്ന് എത്ര ദൂരെയാണ് നാം പോകുന്നത് എന്നതാണ് നമ്മുടെ അളവുകോൽ. ദൈവിക രോഗശാന്തി കൊണ്ടല്ല മറിച്ചു ഒരു കെട്ടു മരുന്നുകൾ കൊണ്ടാണ്. ഒരിക്കൽ സുവിശേഷത്തിനായി മരിക്കുക മഹത്വമായി കണക്കാക്കിയിരുന്നു. ഇന്ന്, സുരക്ഷിതമായ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ വിശ്രമിക്കുകയാണ് നമ്മൾ അഭിമാനത്തോടെ കാണുന്നത്.
മുന്‍പ് സഭ ക്രിസ്തുവിനായി സത്യത്തിൽ ത്യാഗങ്ങൾ സഹിച്ചിരുന്ന സമൂഹം ആയിരുന്നു, രക്തം ഒഴുകേണ്ടി വന്ന കഷ്ടസമയങ്ങളിലൂടെ സഭ കടന്നുപോയിട്ടുണ്ട്. ഇന്ന്, അതേ സഭ ഇപ്പോൾ അതിന്റെ പേരും പ്രഭാവവും "ബ്രാൻഡായി" മാറുന്നതാണ് നാം കാണുന്നത്. ഇപ്പോൾ സഭ ക്രൂശിന്റെ വഴിയെക്കുറിച്ച് പ്രസംഗിക്കുന്നു, പക്ഷേ അതിനു വിപരീതമായി സുഖത്തിന്റെ വഴിയിലാണ് നടക്കുന്നത്.
വിശ്വാസികൾ ക്രിസ്തുവിനെ സ്നേഹിക്കുന്നതായി പറയും, പക്ഷേ അവരുടെ സ്വപ്നം സമ്പന്നരായ ജീവിതമാണ്. ക്രിസ്തു തന്റെ സിംഹാസനം ഉപേക്ഷിച്ച് തനിക്ക് വേണ്ടിയുള്ള എല്ലാം വിടുകയായിരുന്നുവെങ്കിൽ, നാം അതിന്റെ എതിർ ദിശയിലായിരിക്കുന്നു.
യേശു പറഞ്ഞു: “നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവരല്ല.” എന്നാൽ നാം ഈ ലോകത്തിലെ ഏറ്റവും മികച്ചതെല്ലാം നമുക്ക് വേണമെന്ന് ആഗ്രഹിക്കുന്നു.
ക്രിസ്തുവിന്റെ സഭ ഒരിക്കൽ ഒരു തീർത്ഥയാത്രികരുടെ സമൂഹമായിരുന്നു, ഇപ്പോൾ അതൊരു സ്ഥാപനമായി മാറിയിരിക്കുന്നു. ഒരിക്കൽ ഞങ്ങൾ രക്തത്താൽ ബന്ധപ്പെട്ട സഹോദരങ്ങളായിരുന്നു—ഇപ്പോൾ ഞങ്ങൾ ഒരു നെറ്റ്വർക്ക് ആയി മാറിയിരിക്കുന്നു. ഒരിക്കൽ ഞങ്ങൾക്ക് സ്വർഗ്ഗത്തിലെ പൗരത്വത്തിൽ ആത്മവിശ്വാസമുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഒരു വിദേശരാജ്യത്തിന്റെ പാസ്പോർട്ട് ഇല്ലെങ്കിൽ ഭയമാണ്.
"യേശു എന്റെ സമ്പത്ത്" എന്ന വാക്കുകൾക്ക് യഥാർത്ഥ അർത്ഥമുണ്ടാകണമെങ്കിൽ, അതിന്റെ തുടക്കം നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ആയിരിക്കണം. സമ്പത്തിനും സുഖത്തിനും സുരക്ഷയ്ക്കുമുള്ള നമ്മുടെ ആഗ്രഹങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തെ മറികടക്കുന്നു, എങ്കിൽ ആ പ്രഖ്യാപനം വെറും പൊള്ളയായ വാക്കുകളായി തീരുന്നു. ഒരാളെക്കായി ‘നിധി’ എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രത്തിലാണ് സ്ഥാനം പിടിക്കുക- അതെല്ലാം യേശുവിൽ ആകുന്നില്ലെങ്കിൽ, നമ്മുടെ വിശ്വാസം ക്രിസ്തീയമല്ല; അത് വെറും ലോകീയമായ മറ്റൊരു മതപ്രസ്ഥാനമായിരിക്കും.
അതുകൊണ്ട്, നമുക്ക് ഒന്ന് ചോദിക്കാം: യേശു ശരിക്കും എന്റെ സമ്പത്താണോ? ഉത്തരം നമ്മുടെ ജീവിതം തന്നെ പറയും.

