കാലിടറുന്ന കൗമാരക്കാർ
ടോണി ഡി. ചെവ്വൂക്കാരന്‍
ആധുനിക സമൂഹത്തില്‍ പ്രതിസന്ധികളിലൂടെയും അരാജക പ്രവണതകളിലൂടെയും കടന്നുപോകുന്ന കൗമാരക്കാരെ ശരിയായ ജീവിതവീക്ഷണത്തിലേക്കും ദിശാബോധത്തിലേക്കും നയിക്കാന്‍ പെന്തെക്കോസ്തു സഭകളും നേതൃത്വവും അടിയന്തിരമായി മുന്നോട്ടുവരണം.
ഇന്ത്യയില്‍ ഏകദേശം 253 മില്യന്‍ കൗമാരപ്രായക്കാരുണ്ട്. ശിഥിലമായ കുടുംബബന്ധങ്ങള്‍, ജീവിതമൂല്യങ്ങളുടെ ശോഷണം, ലഹരി ഉപയോഗം, ഇന്‍റര്‍നെറ്റിന്‍റെ ദുരുപയോഗം എന്നിവ മൂലം തിന്മയുടെ വഴിയിലേക്ക് ഇതില്‍ വലിയൊരു വിഭാഗം മാറുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കൗമാരക്കാരില്‍ കുറ്റവാസന വര്‍ധിച്ചുവരുന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ബന്ധുക്കളെ കൊലപ്പെടുത്തുക, സഹപാഠികളെ ക്രൂരമായി മര്‍ദ്ദിക്കുക, മോഷണം, ലൈംഗിക കുറ്റകൃത്യങ്ങള്‍, ലഹരി വ്യാപാരം എന്നിവയില്‍ കൗമാരക്കാര്‍ പ്രതികളാകുന്ന സംഭവങ്ങള്‍ നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മാനസികാരോഗ്യത്തിന്‍റെ അപര്യാപ്തത, വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിയില്ലായ്മ, മാനസികസമ്മര്‍ദ്ദം അതിജീവിക്കാന്‍ ലഹരിയെ ആശ്രയിക്കല്‍ എന്നിവ കൗമാരക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നു. ശാരീരികവും മാനസികവുമായ വേഗത്തിലുള്ള മാറ്റങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അപകര്‍ഷതാബോധം എന്നിവ നിറഞ്ഞ ഈ പ്രായത്തില്‍ കുട്ടികളെ ചേര്‍ത്തുപിടിക്കാനും കേള്‍ക്കാനും പെന്തെക്കോസ്ത് സഭകളും വിവിധ യുവജന പ്രസ്ഥാനങ്ങളും തയ്യാറാകണം. നിലവിലെ സണ്ടേസ്കൂള്‍ പാഠ്യപദ്ധതികള്‍ പരിഷ്കരിച്ച് കൗമാരക്കാരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തണം.
കഴിഞ്ഞമാസം നാടിനെ നടുക്കിയ സംഭവമായിരുന്നല്ലോ കരുവാറ്റയിലെ കൊലപാതകം. സ്വാതന്ത്ര്യത്തിന് തടസ്സമാകുന്നത് തന്‍റെ സ്വന്തം മുത്തച്ഛന്‍ ആണെന്ന് മനസ്സിലാക്കിയ കൊച്ചുമകള്‍ മുത്തച്ഛനെ കൊലപ്പെടുത്തുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും, കൗമാരക്കാരായ സുഹൃത്തുക്കള്‍ക്ക് കൊട്ടേഷന്‍ നല്‍കിയതും മാധ്യമങ്ങളില്‍ വായിച്ചിരുന്നല്ലോ. മുംബൈയില്‍ പണത്തിനുവേണ്ടി അധ്യാപികയെ കുത്തികൊലപ്പെടുത്തിയത് 15-കാരനായ സ്വന്തം വിദ്യാര്‍ഥിയാണ്. ഇങ്ങനെ മനസ്സിനെ അസ്വസ്തമാക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് നാം സാക്ഷികളാകുന്നു. നമ്മുടെ കൗമാരക്കാര്‍ക്ക് എന്തുപറ്റിയെന്ന ചോദ്യം ഉത്തരം മുട്ടിക്കുന്നു.
ശാസ്ത്രീയ സമീപനങ്ങള്‍, കൃത്യമായ കൗണ്‍സിലിംഗ്, ദൈവവചനത്തിലധിഷ്ഠിതമായ പഠനങ്ങള്‍ എന്നിവയിലൂടെ വളര്‍ന്നുവരുന്ന തലമുറയെ കാത്തുസൂക്ഷിക്കേണ്ടത് സഭകളുടെയും മാതാപിതാക്കളുടെയും ഉത്തരവാദിത്തമാണ്. ഭാവിയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ ദൈവിക ശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കാനുള്ള പ്രാരംഭ നടപടികള്‍ സഭകളില്‍ ആരംഭിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണം. മാനസികാരോഗ്യവും നാളെയെക്കുറിച്ച് ശുഭപ്രതീക്ഷയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.
കാലിടറുന്ന കൗമാരക്കാരെ വീണ്ടെക്കുന്നതിനായി ചുവടുകള്‍ വെക്കേണ്ടത് ഏതൊരു വിശ്വാസിയുടെയും കടമയാണ്. ദൈവവചനം അവരുടെ കാലിനു ദീപവും പാതയ്ക്കു പ്രകാശവും ആകട്ടെ.




