ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ. & അയർലൻഡ് റീജിയൻ നാഷണൽ കോൺഫറൻസ് 2027 ഏപ്രിൽ 30 മുതൽ
പോർട്സ്മൗത്ത്: ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ. ആൻഡ് അയർലൻഡ് റീജിയന്റെ 21-ാമത് നാഷണൽ കോൺഫറൻസ് 2027 ഏപ്രിൽ 30 മുതൽ മേയ് 2 വരെ പോർട്സ്മൗത്തിൽ നടക്കും. പോർട്സ്മൗത്ത് ഷാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആതിഥേയത്വത്തിൽ, ഫെയർഹാമിലെ മിൽ ലെയ്നിലുള്ള വിക്കാം കമ്മ്യൂണിറ്റി സെന്ററിലാണ് (Wickham Community Centre) കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
സഭകളെ ഒരുമിപ്പിച്ച് ആത്മീയ കൂട്ടായ്മയും വിശ്വാസപരമായ വളർച്ചയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഈ ത്രിദിന കോൺഫറൻസിൽ ജനറൽ സെഷനുകൾ, സൺഡേ സ്കൂൾ & സി.ഇ.എം. മീറ്റിങ്, വനിതാ കോൺഫറൻസ്, ഞായറാഴ്ചത്തെ സംയുക്ത ആരാധന എന്നിവ ഉണ്ടായിരിക്കും. ശാരോൻ ഫെലോഷിപ്പ് ക്വയറിന്റെ നേതൃത്വത്തിൽ പ്രത്യേക ഗാനശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.
കോൺഫറൻസിന്റെ ഉദ്ഘാടനവും റീജിയണൽ പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച ഔദ്യോഗിക ചടങ്ങുകളും പാസ്റ്റർ സാംകുട്ടി പാപ്പച്ചന്റെ നേതൃത്വത്തിൽ നടക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ജോസ് ജോർജ് എന്നിവർ മുഖ്യാതിഥികളായി വചനശുശ്രൂഷ നിർവഹിക്കും. പ്രാദേശിക ക്രമീകരണങ്ങൾക്ക് കോർഡിനേറ്റർ പാസ്റ്റർ ബിജു പി. ബേബി നേതൃത്വം നൽകും.
2006-ൽ വോൾവർഹാംപ്ടണിൽ ആരംഭിച്ച ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ. & അയർലൻഡ് റീജിയൻ, ഇന്ന് ബ്രിട്ടനിലും അയർലൻഡിലുമായി നിരവധി സഭകളുടെ കൂട്ടായ്മയായി പ്രവർത്തിച്ചുവരുന്നു. ആരാധന, വചനപഠനം, സൺഡേ സ്കൂൾ, യുവജന-വനിതാ ശുശ്രൂഷകൾ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ഈ സംഘടന സജീവമാണ്.
പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ, പാസ്റ്റർ പ്രെയ്സ് വർഗീസ്, ബ്രദർ ബിനു ബേബി എന്നിവർ നേതൃത്വം നൽകും..




