നന്ദി, നന്ദി, നന്ദി... ഇന്ന് മെയ് മൂന്ന്

നന്ദി, നന്ദി, നന്ദി... ഇന്ന്  മെയ് മൂന്ന്

നന്ദി, നന്ദി, നന്ദി... ഇന്ന് മെയ് മൂന്ന്

ഞാൻ നന്ദി പറയേണ്ട ദിവസം. 
ജീവിതത്തിൻ്റെ 80-ാം വർഷത്തിലേക്ക് ചുവടുവയ്ക്കുവാൻ ദൈവം അനുവദിച്ച ദിവസം. വളരെ വേദനയും കഷ്ടതതയും അനുഭവിച്ചപ്പോൾ ഒരു മടങ്ങിവരവില്ല എന്നു ചിന്തിച്ചു പോയെങ്കിലും ദൈവം മറിച്ചു തീരുമാനിച്ചു. ആദ്യമായി ദൈവത്തിനു നന്ദി.

എൻ്റെ കഷ്ടതയുടെ സമയത്തു കൂടെ നിന്ന ഭാര്യ,മക്കൾ,നാല് കൊച്ചുമക്കൾ, കുടുംബാഗങ്ങൾ, ഗുഡ്‌ന്യൂസ് കുടുംബാഗങ്ങൾ  എന്നിവരോട് എനിക്കു വളരെ കടപ്പാടുണ്ട്.

എൻ്റെ അസുഖത്തെക്കുറിച്ച്  അറിഞ്ഞ് വീട്ടിൽ വന്നും  വിവരങ്ങൾ അന്വേഷിച്ച് പ്രാർത്ഥിച്ചവരോടും സഭാംഗങ്ങളോടും നന്ദിയുണ്ട്. ദൈവമക്കളുടെ പ്രാർത്ഥനയാണ് എനിക്കു വിടുതൽ നൽകിയത്. വിദേശത്തു നിന്നു അവധിക്കു നാട്ടിൽ വന്ന പല സ്നേഹിതരും സമയം കണ്ടെത്തി വീട്ടിൽ വന്നു. ഞങ്ങളുടെ പാസ്റ്റർ ഷിജു സാമുവലിൻ്റേയും കുടുംബത്തിൻ്റെയും
സഹായ സഹകരണങ്ങൾ ആശ്വാസമായിരുന്നു.

ഇന്നു രാവിലെ മുതൽ ഫോണിൽ വിളിച്ചും വാട്ട്സാപ്പിലും, ഫെയിസ് ബുക്കിലും മറ്റും ജന്മദിനാശംസകൾ അറിയിച്ച വരോടും നന്ദിയുണ്ട്. അധികം സമയം ഇരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മറുപടി അയക്കുവാൻ കഴിയാതെ വന്നാൽ ക്ഷമിക്കണമെ. ആരോഗ്യത്തോടടെ തുടർന്നും ശുശ്രൂഷകൾ  ചെയ്യുവാൻ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

വിനയപുർവം
സഹോദരൻ സി.വി. മാത്യു

സി.വി. മാത്യു

കഴിഞ്ഞ ദിവസം കുറിച്ച ചില കുറിപ്പുകൾ

ഇന്ന് മെയ് ഒന്ന്. ഈ വർഷത്തിൻ്റെ  അഞ്ചാം മാസത്തിലേക്ക് കടക്കുവാൻ ദൈവം കൃപ ചെയ്തു. ഞാൻ ഇന്നു മുതൽ വടിയുടെ സഹായം കൂടാതെ വീടിനകത്ത് നടക്കുവാൻ ശ്രമിക്കുന്നു. വിരലുകൾ വഴങ്ങാത്തതിനാൽ കടലാസും പേനയുമുപയോഗിച്ച് ഒരു വരി പോലും എഴുതുവാൻ കഴിയുന്നില്ല. മാസങ്ങളായി ടാബിലോ മൊബൈലിലോ ആണ് എന്തെങ്കിലും കുത്തിക്കുറിക്കുന്നത്. അക്ഷരവടിവില്ലാത്തതിനാൽ തെറ്റിപ്പോകുന്ന അക്ഷരങ്ങൾ പലവട്ടം തിരുത്തേണ്ടിവരുന്നു. ദീർഘസമയം ഇരിക്കാനും ബുദ്ധിമുട്ടുണ്ട്.

2024 എൻ്റെ ജീവിതത്തിൽ (ഭവനത്തിലും) ഏറ്റവും പ്രയാസങ്ങളിൽ കൂടെ കടന്നുപോയ വർഷമായിരുന്നു. 2023 ൽ അമേരിക്കയിലെ കോൺഫറൻസുകളിൽ പങ്കെടുക്കുവാൻ പോയിരുന്നു. അവിടെവച്ച് ആദ്യമായി എനിക്ക് അധികസമയം സംസാരിക്കുവാൻ കഴിയാത്ത വിധം ശബ്ദ്ം കുറഞ്ഞു പോകുന്ന ബുദ്ധിമുട്ട് അനുഭവപ്പെട്ടു . കാരണം അപ്പോൾ മനസിലായില്ല. കുറച്ചു യാത്രകൾ വെട്ടി കുറച്ചു. ഒക്ടോബർ മാസത്തിൽ വീട്ടിൽ തിരിച്ചെത്തി.

പി.വൈ.പി.എ. യുടെ ആദരവ്. സംസ്ഥാന ഭാരവാഹികളായ ഷിബിൻ സാമുവേൽ, ജസ്റ്റിൻ നെടുവേലിൽ, മോൻസി മാമ്മൻ, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, തുടങ്ങിയവർ സി.വി. മാത്യുവിനെ സന്ദർശിച്ചപ്പോൾ 

2024 ൽ പല കോൺഫറൻസുകൾ ഉള്ളതിനാൽ ടി.എം.മാത്യൂവിനു യാത്രക്കു അസൗകര്യങ്ങൾ ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ തന്നെ പോകുവാൻ തീരുമാനിച്ച് പ്രാരംഭ ക്രമീകരണങ്ങൾ ചെയ്തു വരികയായിരുന്നു. ഇതിനിടയ്ക്ക് ശ്വാസം എടുക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടു തോന്നിയതിനാൽ ഒരു ഡോക്ടറെ കണ്ടു . ഇ. സി. ജി. യും എക്സ്റേയും എടുക്കുവാൻ പറഞ്ഞു. ഇ സി ജി യിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു. എന്നാൽ എക്സ് റേ യിൽ ശ്വാസകോശത്തിനു പുറത്ത് ചെറിയ കറുപ്പുനിറം കണ്ടതിനാൽ  ജില്ലാ ആശുപത്രിയിൽ ശ്വാസകോശ വിഭാഗത്തിലേക്ക് റഫർ ചെയ്തു. അവർ സ്കാനിംഗിനു നിർദ്ദേശിച്ചു. അതുകൊണ്ടും വ്യക്തമാകാത്തതിനാൽ അമല മെഡിക്കൽ കോളജിൽ ബ്രോങ്കോസ്കോപ്പി ചെയ്തു. ശ്വാസകോശത്തിനു പുറത്ത് മൂന്നു തടിപ്പുകൾ കണ്ടെത്തി. ഡോക്ടർ കാൻസർ ആകാമെന്നു സംശയിച്ച് ബയോപ്സിക്കയച്ചു. കാൻസറിൻ്റെ യാതോരു സൂചനയും ഇല്ലെന്നും അത് ആറുമാസത്തെ ചികിത്സ കൊണ്ടു മാറാവുന്നതേയുള്ളു എന്നു പറഞ്ഞതിനാൽ ചികിത്സ ആരംഭിച്ചു. പക്ഷേ, ഒരു മരുന്നിനു അലർജി ഉണ്ടായതിനാൽ അതു കണ്ടെത്തുന്നതിനു 10 ദിവസം അഡ്മിറ്റാകേണ്ടിവന്നു.  അലർജിയുള്ള മരുന്ന് ഒഴിവാക്കി  ചികിത്സ ആരം ഭിച്ചു. ആറു മാസത്തിനു ശേഷം മാർച്ച് ഒന്നാം തിയതി സ്കാൻ ചെയ്തു നോക്കിയപ്പോൾ തടിപ്പുകൾ മാറിയതിനാൽ അതിനുള്ള മരുന്നുകൾ പൂർണ്ണമായി നിർത്തി.

ഇൻഡ്യാ എവരി ഹോം ക്രൂസേഡ് ആദരിച്ചപ്പോൾ. ഡയറക്ടർ അജി കോട്ടയം ടീമും സി.വി. മാത്യുവിനെ സന്ദർശിച്ചപ്പോൾ. പാസ്റ്റർ ഷിജു സാമുവേൽ സമീപം 

ദൈവം തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതാണെന്നും അൽപം കൂടെ വൈകിയിരുന്നെങ്കിൽ തടിപ്പ് പൊട്ടുകയും ഒന്നുംചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ എത്തുകയും ചെയ്യുമായിരുന്നു എന്നു ഡോക്ടർ പറഞ്ഞപ്പോൾ അപകടങ്ങളിൽ നിന്നു വിടുതൽ നൽകിയ ദൈവത്തെ സ്തുതിക്കുവാനിടയായി.

കുര്യൻ മാത്യുവും കുടുംബവും സന്ദർശിച്ചപ്പോൾ

ആശുപത്രിയിൽ കിടക്കുന്നതിനിടക്കു പെട്ടെന്നു നടുവേദന ഉണ്ടായി. ഓർത്തോ ഡോക്ടർ പത്തു ദിവസത്തെ ബെഡ് റെസ്റ്റ് നിർദ്ദേശിച്ചു. പക്ഷെ, അതു കഴിഞ്ഞപ്പോൾ എൻ്റെ കൈകാലുകളുടെ മസിലുകളെല്ലാം നിർവീര്യമായി. ദീർഘനാളുകൾ എഴുന്നേൽക്കാൻ കഴിയാത്ത സാഹചര്യവും കഠിനമായ വേദനയും ഉണ്ടായി. അത്യാവശ്യ കാര്യങ്ങൾക്കു പോലും പരസഹായത്താൽ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കഠിന വേദന സഹിച്ചായിരുന്നു. അത് എന്നെ തളർത്തിക്കളഞ്ഞു. മാത്രമല്ല, ആറു മാസം മരുന്നുകൾ കഴിച്ചപ്പോൾ വിശപ്പില്ലായ്മയാൽ ശരീരം ബലഹീനമാവുകയും വളരെ ക്ഷീണിക്കുകയും ചെയ്തു. ആ സ്ഥിതിയിൽ നിന്നു വിടുതൽ അസാധ്യമെന്നു ചിന്തിച്ച സമയം പോലുമുണ്ടായി. അനേക ദൈവമക്കളുടെ പ്രാർഥന സ്ഥിതിക്കു ഭേതം വരുത്തി. മാസങ്ങളിലെ തുടർച്ചയായി ചെയ്ത ഫിസിയോതെറാപ്പി  ആഴ്ചയിൽ രണ്ടു ദിവസ മായി തുടരുന്നു. ഇപ്പോൾ കിടക്കയിൽ നിന്നു പതിയെ തനിയെ എഴുന്നേൽക്കുവാനും വീടിനകത്തു നടക്കുവാനും കഴിയുന്ന സ്ഥിതിയിലെത്തി. മാസങ്ങളോളം ആരാധനയിൽ സംബന്ധിക്കുവാൻ കഴിഞ്ഞില്ല. ഇപ്പോൾ രണ്ടാഴ്ച തുടർച്ചയായി രണ്ടു മണിക്കൂർ വീതം അരാധനയിൽ പങ്കെടുക്കുവാൻ കഴിഞ്ഞു.

ടോണി ഡി. ചെവ്വൂക്കാരൻ, ഷിബു മുള്ളംക്കാട്ടിൽ, മെർലിൻ ഷിബു തുടങ്ങിയവർ  സി.വി. മാത്യുവിനെ സന്ദർശിച്ചപ്പോൾ 

അസുഖം ആരംഭിക്കുന്നതിനു മുൻപ്  മാതൃ സഭയുടെ ചരിത്രം എഴുതുന്ന ഒരു ദൗത്യം ഞാൻ തുടങ്ങി വച്ചിരുന്നു. അതു പൂർത്തിയാക്കണമെന്നാഗ്രഹിച്ചു. പല സഹോദരന്മാരുടെ  സഹായത്താൽ  മാർച്ച് 16 ഞായറാഴ്ച  “ചരിത്രം ഉറങ്ങുന്ന ആൽപ്പാറ സഭ “ എന്ന പുസ്തകം അച്ചടിച്ച് സഭയിൽ വിതരണം ചെയ്യുവാൻ ദൈവം സഹായിച്ചു.

 ഡോ. തോമസ് ഏലിയാസ്, ഗ്രേസി ഏലിയാസ് എന്നിവർ സി.വി. മാത്യുവിനെ സന്ദർശിച്ചപ്പോൾ 


മാസങ്ങളോളം ആശുപത്രികളിൽ കയറി ഇറങ്ങേണ്ട സാഹചര്യങ്ങളായിരുന്നു. മകൻ ആശിഷ് എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായിരുന്നു. ഇതിനിടയിൽ ഭാര്യ അമ്മിണി സോഡിയത്തിൻ്റെ കുറവുമൂലം രണ്ട് പ്രാവശ്യം ദിവസങ്ങളോളം അഡ്മിറ്റാകേണ്ടിവന്നു. ഇപ്പോഴും അസ്വസ്ഥതകൾ പൂർണമായി മാറിയിട്ടില്ല. മകനു കിഡ്നി സ്റ്റോണിൻ്റെ വലിയ പ്രയാസങ്ങളുണ്ടായി ചികിത്സ വേണ്ടി വന്നു. എല്ലാം തരണം ചെയ്യുവാൻ ദൈവം കൃപചെയ്തു. ‘

ചില ഓർമകൾ കൂടെ കുറിക്കുന്നു

ഇതിനിടയിൽ മഴക്കെടുതി ഞങ്ങളെയും ബാധിച്ചു. ആദ്യമായി പീച്ചി ഡാമിൻ്റെ എല്ലാ ഷട്ടറുകളും മുഴുവനായും തുറന്നു വെള്ളം പുഴയിലേക്ക് ഒഴുക്കി. വീടിനടുത്തുള്ള പുഴ കരകവിഞ്ഞൊഴുകി. റോഡിലേയും അടുത്ത പറമ്പുകളിലേയും വെള്ളം ഞങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തി. താമസിക്കുന്ന വീടിൻ്റെ അവസാന പടിവരെ വെള്ളം ഉയർന്നു. പുറകിലുണ്ടായിരുന്ന ഔട്ട് ഹൗസിൽ വെള്ളം കയറി. പറമ്പിലെ മതിൽ ഇടിഞ്ഞു. മോട്ടോർ വെള്ളത്തിലായി.സുഖമില്ലാതെ കിടന്ന ഞങ്ങളെ അവധിക്കു നാട്ടിലുണ്ടായിരുന്ന മകളുടെ വീട്ടിലേക്കു മാററിയതിനാൽ അവരുടെ ശുശ്രൂഷ കൂടെ ലഭിക്കാനിടയായി.

 ജോൺസൻ മേലേടം, ചാക്കോ കെ. തോമസ്, സ്മിത ചാക്കോ തുടങ്ങിയവർ  സി.വി. മാത്യുവിനെ സന്ദർശിച്ചപ്പോൾ 

എൻ്റെ അസുഖ വിവരമറിഞ്ഞ അനേകർ പ്രാർത്ഥിക്കുന്നതിടയായി. നിരവധി സുഹൃത്തുക്കൾ ഭവനത്തിലും ആശുപത്രിയിലും സന്ദർശിച്ചു. ഗുഡ്ന്യൂസ്  പ്രവർത്തകർ നിരന്തരം ബന്ധപ്പെടുകയും പലവട്ടം സന്ദർശിക്കയും ചെയ്തു. സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളും ഭവനത്തിൽ വന്നു പ്രാർത്ഥിച്ചു. സ്റ്റേറ്റ് പി.വൈ.പി.എ.ഭാരവാഹികൾ സന്ദർശിക്കയും മൊമൻ്റോ നൽകി ആദരവു പ്രകടിപ്പിക്കയും ചെയ്തു. ഇൻഡ്യാ എവരി ഹോം ക്രൂസേഡിലെ സേവനങ്ങൾ അനുസ്മരിച്ച് സംസ്ഥാന ഭാരവാഹികൾ വീട്ടിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ വന്ന് മൊമൻ്റോ നൽകി ആദരിച്ചു. 75 വയസ് പൂർത്തിയായ ശേഷം പവർ വിഷൻ, ലോക്കൽ സഭ ഉൾപ്പെടെ 10 ആദരവുകൾ ലഭിക്കുവാൻ ഇടയായത് ദൈവത്തിൻ്റെ കരുണയായി കരുതുന്നു.

ഇവാ. എം.സി. കുര്യൻ സി.വി. മാത്യുവിനെ സന്ദർശിച്ചപ്പോൾ 

പാസ്റ്റർ അനീഷ് കാവാലം സി.വി. മാത്യുവിനെ സന്ദർശിച്ചപ്പോൾ 

ദൈവം അനുവദിക്കുന്നതു വരെ ദൈവത്തിനായി പ്രയോജനപ്പെടുവാൻ ദൈവമക്കളുടെപ്രാത്ഥന വിനയപുർവം അഭ്യർത്ഥിക്കുന്നു.

(കഴിഞ്ഞ വർഷം നിരവധി പ്രമുഖ വ്യക്തികൾ ഭവനത്തിൽ സന്ദർശനം നടത്തിയിരുന്നു എങ്കിലും എന്റെ കൈവശം ഉണ്ടായിരുന്ന ഫോട്ടോസ് മാത്രമേ ചേർക്കുവാൻ കഴിഞ്ഞുള്ളു).

Advertisement