ആത്മീയത കേവലം കൃത്രിമമാക്കരുത്

ആത്മീയത കേവലം കൃത്രിമമാക്കരുത്



ലങ്ങിമറിയുന്ന  അന്തരീക്ഷത്തിലാണിന്നു ലോകം. എവിടെയും പ്രശ്നങ്ങളും പ്രതിസന്ധിയും! മതത്തിലായാലും രാഷ്ട്രീയത്തിലായാലും     അസമാധാനത്തിന്റെയും അധികാരഭ്രമത്തിന്റെയും പോർവിളി കഥകളാണു കേൾക്കുന്നത്. കോവിഡ് മഹാമാരി സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ സാധാരണക്കാരന്റെ ജീവിത്തെ ബാധിച്ചത് എണ്ണിയാലൊടുങ്ങാത്തവിധമാണ്. അഞ്ചു വർഷമായിട്ടും അതിന്റെ പിടിയില് നിന്നും അതുമായി ബന്ധപ്പെട്ട ക്ലേശങ്ങളിൽനിന്നും ആരോഗ്യപ്രശ്നങ്ങളിൽനിന്നും പലരും  മോചിതരായിട്ടില്ല.

അതുപോലെ നമ്മെ ബുദ്ധിമുട്ടിലാക്കുന്നതാണു രോഗങ്ങളും അപകടമരണങ്ങളും. മുമ്പ് കേട്ടുകേൾവിപോലുമില്ലായിരുന്ന പലതരം ആരോഗ്യപ്രശ്നങ്ങൾ   ഭീതിമുഴക്കി നമ്മോടടുക്കുകയാണ്. ഒരു ചെറിയ പനിക്കോ ശ്വാസംമുട്ടലിനോ ആശുപത്രിയിലെത്തുന്ന ഒരാൾക്ക് ആധുനിക രോഗ നിർണയത്തിന്റെ പേരിൽ  എത്രമാത്രം പരിശോധനകളും  എത്രയധികം പണവുമാണു അതിനു ചെലവഴിക്കേണ്ടിവരുന്നത്. അവിടംകൊണ്ടും തീരുന്നില്ല, ഓപ്പറേഷനുകളോ സങ്കീര്ണമായ മറ്റു ചികിത്സകളോ വേണ്ടിവന്നാൽ  സാധാരണക്കാരനു അപ്രാപ്യമാകുംവിധമാണ് ആശുപത്രിബില്ലുകൾ. പലരും അതുകൊണ്ട് രോഗബാധിതരാണെങ്കിൽപോലും  ആശുപത്രികളെ  ഭയന്നാണ് കഴിയുന്നത്. 
അപകടങ്ങളാണു മറ്റൊരിനം. വാഹനപ്പെരുപ്പവും അവയെ ഉൾക്കൊള്ളാൻ നിരത്തുകൾക്കു  കഴിയാതെയും  വരുമ്പോൾ  അപകടങ്ങൾ വർധിക്കുന്നു. മറ്റുപല കാരണങ്ങളും കണ്ടേക്കാം. എന്തായിരുന്നാലും അതു ജനത്തെ ഭീതിയിലേക്കു തള്ളിവിടുന്നു. 

പെട്രോൾ, ഗ്യാസ്, വൈദ്യുതി എന്നിവയുടെയും അത്യാവശ്യ സാധനങ്ങളുടെയും  വിലക്കയറ്റം എന്നിങ്ങനെ ദൈനംദിന കാര്യങ്ങളെവരെ ബാധിക്കുന്ന പ്രതിസന്ധികൾ കൂടിക്കൊണ്ടേയിരിക്കുന്നു. തൊഴിൽ, കാർഷിക മേഖലയിലും പലവിധ  പ്രശ്നങ്ങളുണ്ട്.  ഇത്തരം സാഹചര്യങ്ങളിൽ  അഭയവും ആശ്വാസവുമാകേണ്ടത് ദൈവസഭകളാണ്. കലർപ്പില്ലാത്ത  ദൈവവചനം നല്കി ജനത്തെ ആശ്വസിപ്പിക്കേണ്ടവരാണു വിശ്വാസികളും ശുശ്രൂഷകന്മാരും. ആശ്രയത്തിനാണു ദൈവസഭകളെ തേടി ആളുകളെത്തുമായിരുന്നത്. എന്നാൽ , സാധാരണക്കാരന് ആശ്വാസമായിത്തീരണമെന്നു നമ്മൾ കരുതുന്ന  ആത്മീയ പ്രസ്ഥാനങ്ങൾക്കിടയിലും പ്രശ്നങ്ങൾപെരുകിയതോടെ ദൈവസഭകളിലുള്ള പൊതുജനത്തിന്റെ വിശ്വാസവും കുറഞ്ഞുവോ എന്ന് സംശയിക്കേണ്ട നിലയിലാണിപ്പോൾ . ആരെയും കുറ്റപ്പെടുത്താനല്ല, പകരം ദൈവമക്കൾ ചിന്തിക്കാനാണ് ഇത് എഴുതുന്നത്. 

പണ്ടൊക്കെ   ദേശത്ത് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ  ജനങ്ങളുടെ ആശ്വാസത്തിനായി പെന്തെക്കോസ്തു ദൈവസഭകൾ വളരെ പ്രയത്നിക്കയും പ്രാർത്ഥിക്കയും ചെയ്യുമായിരുന്നു എന്നത് സത്യമാണ്. ഇന്നു സാഹചര്യങ്ങൾ  മാറിയിരിക്കുന്നു. ജനങ്ങളോടുള്ള ഇടപെടീലിൽ വർഗീയത കണ്ടെത്തുന്ന രീതി  പ്രബലമായതോടെ ദൈവസഭയ്ക്കും കാര്യമായൊന്നും ചെയ്യാനില്ല എന്ന സ്ഥിതിയിലായി. ഇന്നു ദൈവദാസന്മാരോ, സഭാവിശ്വാസികളോ അത്തരത്തിലുള്ള ശുശ്രൂഷകൾ നടത്തിക്കാണുന്നില്ല; ഭയമാണ് അതിനൊരു കാരണം എന്നു പറയേണ്ടിവരും.  എന്നാൽ , ദേശത്തിനുവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥത വഹിക്കുവാനുള്ള ദൈവസഭയുടെ ഉത്തരവാദിത്വം ഒരിക്കലും പെന്തെക്കോസ്തുകാർ മറന്നുപോകരുത്.  സഹായത്തിനും ആശ്വാസത്തിനുമായി ഇന്നു ദൈവദാസന്മാരുടെ അടുക്കലേക്കു വരുന്നവരും  ചുരുക്കമാണ്.  

ഇന്ന് സുവിശേഷവേലക്കാർ തുലോം ചുരുക്കമാണ്. ബൈബിൾ സ്കൂളിൽനിന്നും പഠിച്ചിറങ്ങുന്നവരിൽ ഭൂരിപക്ഷവും പാസ്റ്റർമാരാണ്. അവർക്കു വേണ്ടത് സഭകളുടെ നിയന്ത്രണമാണ് എന്നത് ദുഃഖത്തോടെ പറയേണ്ടിവരുന്നു. അവർ എല്ലായ്പ്പോഴും തിരക്കിലാണ്. എന്നാൽ, ഈ തിരക്ക് എന്തിനുവേണ്ടിയുള്ളതാണെന്നാണു ചോദ്യം. ഇത്രയും തിരക്കുകൂട്ടി ചെയ്യുന്ന പല കാര്യങ്ങളും ദൈവനാമത്തിനുവേണ്ടിയോ ദൈവമക്കളുടെയോ ആശ്വാസം തേടിയെത്തുന്നവരുടെയോ സഹായത്തിനോ ഉള്ളതായിരിക്കില്ല. പകരം, സ്വന്തം കാര്യവും സ്ഥാനമാനങ്ങളുറപ്പിക്കലും സുഖസൗകര്യങ്ങൾ കൂട്ടുന്നതുമൊക്കെയായി അവ മാറിയിരിക്കുന്നു. അതിനു അവരെമാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യവുമില്ല. അവരെ അങ്ങനെ ആക്കിയതിൽ വിശ്വാസികൾക്കും തുല്യപങ്കുണ്ട്. പാസ്റ്റർ ജോലി ഇന്ന് കേവലം ഒരു പ്രൊഫഷനായി മാത്രം കാണുന്നവരുമുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടാണല്ലോ "പാസ്റ്ററെ ആവശ്യമുണ്ട്" എന്ന പരസ്യം അടുത്തയിടെ കൂടുതലായി പ്രസിദ്ധീകരങ്ങളിൽ കാണുന്നതും.

ഇതായിരുന്നോ ദൈവം ഈ സമൂഹത്തെക്കുറിച്ചു ആഗ്രഹിച്ചത്? യേശു നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത് ഇതല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, ഇന്നത്തെ കൃത്രിമ ആത്മീയ   ജീവിതശൈലിക്കു  മാറ്റം വരുത്താൻ  തയ്യാറാകാത്ത ദൈവമക്കളെയും ദൈവദാസന്മാരെയും കുറിച്ചു  വിലപിക്കാനല്ലേ നമുക്കു കഴിയൂ.

Advt.