തെളിവുള്ള ഉറവയിൽ നിന്നും ഒഴുകുന്നതുപോലെയാണ് യഥാർത്ഥ ആത്മീയത:  പാസ്റ്റർ വി.പി ഫിലിപ്പ്

തെളിവുള്ള ഉറവയിൽ നിന്നും ഒഴുകുന്നതുപോലെയാണ് യഥാർത്ഥ ആത്മീയത:  പാസ്റ്റർ വി.പി ഫിലിപ്പ്

മനാമ: തെളിവുള്ള ഉറവയിൽ നിന്നും ഒഴുകുന്നതുപോലെയാണ് യഥാർത്ഥ ആത്മീയതയെന്ന്  പാസ്റ്റർ വി.പി ഫിലിപ്പ് പറഞ്ഞു.'സൈബർ ആത്മീയത - വെല്ലുവിളികളും പ്രതികരണങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തിയ സംവാദത്തിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത ബൈബിൾ പ്രഭാഷകനും വേദാധ്യാപകനും എഴുത്തുകാരനുമായ പാസ്റ്റർ വി പി ഫിലിപ്പിൻ്റെ പ്രഭാഷണം ഏറെ ചിന്തനീയവും അറിവ് പകരുന്നതുമായിരുന്നു.

ഡിജിറ്റൽ സംവിധാനങ്ങളിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിഞ്ഞ്, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും നിലനിർത്തി ഡിജിറ്റൽ സംവിധാനങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുവാൻ അദ്ദേഹം നിർദ്ദേശിച്ചു.

നിറങ്ങളും, ശബ്ദങ്ങളും, ചലനങ്ങളും, യാന്ത്രികമായി നൽകുന്ന ആത്മീയ ഉപരിപ്ലവത്തിലും, ഡിജിറ്റൽ സംവിധാനങ്ങളിലും കുടുങ്ങി തദ്ദേശീയ സഭാ കൂട്ടായ്മകളെ അവഗണിച്ച് നിർമ്മിത ആത്മീയ വിശ്വാസത്തിന് പിന്നാലെ പായുന്നതാണ് സൈബർ ആത്മീയതയുടെ വലിയ വെല്ലുവിളിയെന്നും പാസ്റ്റർ വി.പി ഫിലിപ്പ് ചൂണ്ടിക്കാണിച്ചു. എന്നാൽ ദൈവമക്കൾ ദൈവവുമായുള്ള നമ്മുടെ അഗാധമായ ബന്ധത്തെ കാത്തുസൂക്ഷിച്ചുകൊണ്ട് "നോ"എന്ന് പറയേണ്ടതിനോട് "നോ" എന്നും അകറ്റി നിർത്തേണ്ടതിനെ അകറ്റിനിർത്തിയും ലോക്കൽ സഭകളുമായുള്ള കൂട്ടായ്മ ബലപ്പെടുത്തിയും വേദപുസ്തക സാക്ഷരത വർദ്ധിപ്പിച്ചും ആത്മീയ വിനയം ഉള്ളവരായി ഡിജിറ്റൽ അച്ചടക്കം പാലിച്ച് അവശ്യസന്ദർഭങ്ങളിൽ ലോക്കൽ സഭാ പാസ്റ്ററുടേയോ ഒരു ഉപദേശകൻ്റെയോ മാർഗ്ഗ നിർദ്ദേശം സ്വീകരിച്ച് വിശ്വാസത്തിൻ്റ് വ്യാപാരവൽക്കരണത്തെ പ്രതിരോധിച്ച് ക്രിസ്ത്യൻ മൂല്യങ്ങളെ നിലനിർത്തി സമയവും വിഭവവും ഫലപ്രദമായി ഉപയോഗിക്കണമെന്നും പുതിയ നിയമസഭയുടെ കാഴ്ചപ്പാടുകളിലും ഉപദേശങ്ങളിലും നിലനിന്ന് സൈബർ ആത്മീയതയുടെ വെല്ലുവിളികളെ നേരിടുവാൻ അഭ്യാസം പ്രാപിച്ചവർ ആയിരിക്കണമെന്നും താൻ നിർദ്ദേശിച്ചു.

പാസ്റ്റർ റ്റോം തോമസ് കട്ടപ്പന പ്രാർത്ഥിച്ച് ആരംഭിച്ചു. ബിജോ ബാബു ജോർജ് സംഗീത ശുശ്രൂഷ നടത്തി. പാസ്റ്റർ ബിജു ഹെബ്രോൻ മോഡറേറ്റർ ആയിരുന്നു പാസ്റ്റർ പി എം ജോയി പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞു. 

അടുത്ത സംവാദം ഫെബ്രുവരി 18 ബുധനാഴ്ച രാത്രി ഇൻഡ്യൻ സമയം രാത്രി 8:30 മുതൽ 10:00 വരെ, ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം: വൈകുന്നേരം 06:00 മുതൽ 07:30 വരെ, യുഎഇ സമയം: വൈകുന്നേരം 07:00 മുതൽ രാത്രി 08:30 വരെ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: വാട്ട്സ്ആപ്പിൽ ബന്ധപ്പേടേണ്ട നമ്പർ: +91 8089817471, +91 94473 72726,