ദൈവമക്കൾ ജീവിത സാക്ഷ്യം നഷ്ടമാക്കരുത് 

ദൈവമക്കൾ ജീവിത സാക്ഷ്യം നഷ്ടമാക്കരുത് 

ദൈവമക്കൾ ജീവിത സാക്ഷ്യം നഷ്ടമാക്കരുത് 

ക്തരെയും അഭക്തരെയും വേർതിരിച്ചറിയാൻ പ്രയാസമുള്ള കാലമാണിത്. ആത്മീയലോകത്തിൽ ഭക്തി ആദായസൂത്രമായി കാണുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. ഭക്തിപ്രകടനങ്ങളിൽ പ്രാവീണ്യമുള്ളവർ അനേകരെ തെറ്റിച്ചുകളയുന്ന കാഴ്ച നമുക്കു ചുറ്റും നിരവധിയാണ്. സഭയുടെ ആരംഭനാളുകളിൽ ഒന്നു മില്ലായ്മയ്‌ക്കിടയിലും തങ്ങളുടെ സാക്ഷ്യം നിലനിർത്തി തനിമയുള്ള ദൈവമക്കളായി ജീവിച്ച ഭക്തരായ പിതാക്കന്മാരും മാതാക്കളും ഉണ്ടായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്രയൊക്കെ കർക്കശമായി പാലിക്കേണ്ടവയായിരുന്നോ അവയെല്ലാമെന്നു നമ്മുടെ തലമുറ പറഞ്ഞേക്കാം. അങ്ങനെയൊരു തീക്ഷ്‌ണതയില്ലായിരുന്നെങ്കിൽ ഇന്നത്തെ പെന്തെക്കോസ്ത് സഭയേ കാണുക ഇല്ലായിരുന്നു എന്ന് കരുതുന്നവരും ഉണ്ട്. 

പൊലീസ്സ്റ്റേഷനിൽ പരാതിയില്ലാത്ത, മദ്യപിക്കാത്ത, മാന്യമായി പെരുമാറുന്ന ഒരു സമൂഹമാണിതെന്നു മുഖ്യമന്ത്രിയുൾപ്പെടെ സംസ്ഥാന ഭരണകർത്താക്കളിൽ ഇപ്പോഴുള്ളവരും മുൻപ് ഭരിച്ചിട്ടുള്ളവരും കക്ഷിവ്യത്യാസമെന്യ ഈ അഭിനന്ദനം പലപ്പോഴായി പെന്തെക്കോസ്തുകാർക്കു നൽകിയിട്ടുണ്ട്. ന്യായമായവപോലും പിടിച്ചുവാങ്ങുന്നവരല്ല പെന്തെക്കോസ്‌തു വിശ്വാസികൾ. അതുകൊണ്ട് ഗവൺമെന്റിനെതിരായും മറ്റും യാതൊരുവിധ പ്രകോപനങ്ങളും നാം സൃഷ്‌ട്ടിക്കാറില്ല. കാരണം എല്ലാം ദൈവഹിതമെങ്കിൽ മാത്രം നടക്കട്ടെയെന്നു ആഗ്രഹിക്കുന്നവരാണു നാം. മനഃപൂർവം ആരെങ്കിലും നമ്മിൽനിന്നും എന്തെങ്കിലും കവർന്നെടുത്താൽപോലും അതും ദൈവഹിതമാണെന്നു നാം വിശ്വസിക്കുന്നു. പിതാക്കന്മാർ പിൻതുടർന്നുപോന്ന പാതയിലൂടെ അതേപടി പിൻഗ മിക്കാനാണു പെന്തെക്കോസ്തിന്റെ ആധുനിക തലമുറയും ശ്രമിക്കുന്നത്; നടപടികളിൽ അൽപ്പസ്വൽപ്പം അഭിപ്രായ വ്യത്യാസങ്ങൾ കണ്ടേക്കാമെങ്കിലും.

ഒരു പ്രകടനവും കൂടാതെ ആർക്കും ദൈവഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ലായിരുന്ന അക്കാലത്താണു ദൈവസഭ വളർന്നത്. പ്രശ്ന‌ങ്ങളും പ്രതിസന്ധികളും തൃണവൽഗണിച്ചു ആത്മാക്കൾ ദൈവസഭയിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരുന്നു. ലോകം ദൈവമക്കളെ അവഹേളിച്ചിരുന്നെങ്കിലും അവരെക്കുറിച്ചുള്ള ഉൾഭീതി സമുഹത്തിലുണ്ടായിരുന്നു. ഇന്നു സ്ഥാനമാനങ്ങളും അധികാരക്കസേരയും മറ്റും ലക്ഷ്യമായതോടെ സാക്ഷ്യം നിലനിർത്താൻ കഴിയാതെ വലഞ്ഞുപോയ അനേകരുണ്ട്. പുറമെ ഭക്തിപ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദൈവകൃപയിൽ നിന്നകന്നുപോയ അത്തരക്കാരെ യഥാർഥ ദൈവമക്കൾ മാത്രമല്ല, ലോകമനുഷ്യരും തിരിച്ചറിയും. അധികാരം കൈപ്പിടിയിലുള്ളതിനാൽ കാര്യസാധ്യത്തിനായി പലരും പുകഴ്ത്തിപ്പറയുമെങ്കിലും ഉള്ളിൽ അവജ്ഞ നിറഞ്ഞുനിൽക്കുകയായിരിക്കും. അവരുടെ പ്രവൃത്തികളെ ദൈവവും അംഗീകരിക്കയില്ല. യഥാർത്ഥ ഭക്തി പ്രകടനത്തിലല്ല, സ്വഭാവത്തിലാണ് നിലനിർത്തേണ്ടത് .

ഒരാൾ ആരാണെന്നു വിലയിരുത്താൻ അവന്റെ കൂട്ടുകാർ ആരെന്നു നോക്കിയാൽ മതി എന്നൊരു ചൊല്ല് പണ്ടുണ്ടായിരുന്നു. അടുക്കാൻ കൊള്ളുകയില്ലെന്നു ഒരിക്കൽ പറഞ്ഞവരെ മിത്രങ്ങളുടെ ഗണത്തിൽ ചേർത്ത് അവരെക്കൊണ്ടു കാര്യം സാധിക്കാൻ ഒരു യഥാർഥ ഭക്തന് ഒരിക്കലും കഴിയുകയില്ല. ആരും സഹായത്തിനില്ലെങ്കിലും യഥാർഥഭക്തന് അധർമിയെയും അഭക്തനെയും കൂട്ടാളിയാക്കാൻ കഴിയുകയില്ല. അങ്ങനെ സംഭവിച്ചാൽ തൻ്റെ ഭക്തി കേവലം കപടമെന്നു കരുതാം.

ഇന്നു സാക്ഷ്യം നിലനിർത്തുക ശ്രമകരമാണ്. അതിനു പലതും ത്യജിക്കേണ്ടിവരും. പദവികൾ വേണ്ടെന്നു വയ്‌ക്കേണ്ടിവരും സമ്പത്തിന്മേലുള്ള ആകർഷണം ഉപേക്ഷിക്കേണ്ടിവരും. ഇതെല്ലാം ത്യജിച്ചാലും നഷ്ടപ്പെടുത്തിയാലും ഭക്തനായി ജീവിക്കുന്നതാണു ദൈവത്തിനു പ്രസാദം. പ്രിയപ്പെട്ടവരേ! ദീർഘ നാൾ ത്യാഗപൂർവം സാക്ഷ്യം സൂക്ഷിച്ചശേഷം കണ്ണഞ്ചിക്കുന്ന ഭൗതിക നേട്ടങ്ങളിൽ വശീകരിക്കപ്പെട്ടു ഒരായുസ്സുകൊണ്ടു നേടിയതെല്ലാം ആരും നഷ്‌ടമാക്കരുതേ, മണ്ണേ പ്രതി മാണിക്യം കൈവിട്ടുകളയരുതേ, ഭക്തി ആദായസൂത്രമായി കാണുന്നവരുടെയിടയിൽ ജീവിത സാക്ഷ്യം നഷ്ടമാക്കരുത്.

Advertisement