ഇതു പ്രാര്‍ഥിക്കേണ്ട കാലം

ഇതു പ്രാര്‍ഥിക്കേണ്ട കാലം
നമ്മുടെ മാതൃ സംസ്ഥാനമായ കേരളത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കാൻ നമ്മൾ കടപ്പെട്ടവരാണ്. അത് പ്രത്യേകം പറയണ്ടതില്ല എന്നറിയാം എങ്കിലും ഇവിടെ വർധിച്ചുവരുന്ന സാത്താന്യ പ്രവർത്തനങ്ങളും അവയ്ക്കടിമകളായ യുവജങ്ങൾ പണത്തിനുവേണ്ടിയും അല്ലാതെയും ലഹരിക്കടിമകളായി ചെയ്തുകൂട്ടുന്ന ഭീകരമായ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കൊടിയ ക്രൂരതകൾ നമ്മെ ഇത്രമാത്രം അസ്വസ്ഥമാക്കിയ മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നുവേണം കരുതാൻ. ഇനി നമ്മുടെ പ്രാർത്ഥന കേന്ദ്രീകരിക്കേണ്ടത് ഭരണാധികാരികൾക്കുവേണ്ടിയോ രാഷ്ട്രീയ മാറ്റത്തിനുവേണ്ടിയോ ക്രൈസ്തവ പീഡനങ്ങൾക്കുവേണ്ടിയോ മാത്രമല്ല ഇവിടെയുള്ള ജനങ്ങൾക്കുവേണ്ടി, ദേശത്തിന്റെ സൗഖ്യത്തിനുവേണ്ടിയും കൂടിയായിരിക്കണം.
സാഹോദര്യത്തിനും പരസ്പരബഹുമാനത്തിനും പേരുകേട്ട നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കു വളരെ മാന്യത നല്കിയിരുന്നു. സ്ത്രീയെ അമ്മയായും സഹോദരിയായും ദേവിയായും കണ്ടിരുന്നതാണു നമ്മുടെ പാരമ്പര്യം. എന്നാല്‍ ഈ നാട് ഇന്നു അരാജകത്വത്തിലേക്കു നീങ്ങുകയാണോ എന്നു സംശയിക്കണം. നഴ്സറിക്കുട്ടികള്‍പോലും ലൈംഗികപീഡനത്തിനു ഇരയാകുന്നു; പ്രതികളാകട്ടെ കൗമാരം വിട്ടുമാറാത്തവരും. രാത്രിയില്‍ സ്ത്രീകള്‍ക്കു നിരത്തിലിറങ്ങാന്‍പോലും വയ്യാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൂടുതലാവുകയില്ല. നിസാരകാര്യത്തിനു ആത്മഹത്യ ചെയ്യുന്ന പ്രവണത ഏറിവരികയാണ്. അധ്യാപകരോ മാതാപിതാക്കളോ വഴക്കുപറഞ്ഞാല്‍പോലും ആത്മഹത്യചെയ്യാനൊരുങ്ങുന്ന കുട്ടികള്‍. മദ്യവ്യവസായം കഴിഞ്ഞനാളുകളെക്കാള്‍ തഴച്ചുവളരുകയാണിവിടെ. തന്മൂലം കുടുംബത്തകര്‍ച്ചകള്‍ വര്‍ധിക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ ഏറുകയും ചെയ്യുന്നു. കൊലപാതകങ്ങളും കൊള്ളകളും വ്യാപകമായിരിക്കുന്നു. പട്ടാപ്പകല്‍പോലും വന്‍ കവര്‍ച്ചകള്‍ നഗരമധ്യത്തില്‍ നടക്കുന്നു. അതിനിടയിലാണ് ഇന്നോളം നമ്മൾ കേട്ടിട്ടില്ലാത്ത കൊലപാതക പരമ്പരകൾ.
ഈ ദുരനുഭവങ്ങൾ ഒന്നും നമ്മെ ബാധിക്കുന്നില്ലെന്നു പറഞ്ഞു ഒരു പരിധിവരെ നമുക്കു വേണമെങ്കില്‍ കൈകഴുകാം. പക്ഷെ, നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞിരിക്കുവാന്‍ ദൈവവചനം നമ്മെ അനുവദിക്കുന്നില്ല.
ദേശത്തു ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍, "എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്‍റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ഥിച്ച് എന്‍റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുര്‍മാര്‍ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗത്തില്‍ നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും" (2 ദിന. 7:14) എന്നാണ് ദൈവവചനം പറയുന്നത്.
ഞെട്ടിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, നാം ദൈവസന്നിധിയില്‍ കരയേണ്ടവരാണെന്ന ബോധ്യം ഉണ്ടാകണം. അക്രമവും പിടിച്ചുപറിയും വ്യാപകമായിരുന്ന പല ഇടങ്ങളിലും പ്രാര്‍ഥനാമനുഷ്യരായ ദൈവസദാസന്മാരും സഹോദരിസഹോദരന്മാരും പ്രാര്‍ഥിച്ചപ്പോള്‍, ക്രമസമാധാനസേനയ്ക്കു നന്നാക്കുവാന്‍ കഴിയാതിരുന്ന വ്യക്തികള്‍പോലും മാനസാന്തരപ്പെട്ട് ദേശത്തിനു സൗഖ്യംവന്ന ചരിത്രമുണ്ട്. നരഭോജികളായ ജനത്തിന്‍റെ മാറ്റത്തിനുവേണ്ടി ഭക്തന്മാര്‍ പ്രാര്‍ഥിച്ചപ്പോഴുണ്ടായ ഫലം വളരെ വലുതായിരുന്നു. ജനം മനുഷ്യരെയും ദൈവത്തെയും സ്നേഹിക്കുന്നവരായി. ഇന്നു നാം അനുഭവിക്കുന്ന നല്ല ജീവിതത്തിനുപോലും കാരണം നമ്മുടെയും കുടുംബാംഗങ്ങളുടെയും മാനസാന്തരത്തിനുവേണ്ടി പലർ പ്രാര്‍ഥിച്ചതുകൊണ്ടുണ്ടായതാണ്. സമൂഹത്തിലെ തിന്മയെ നിര്‍മാര്‍ജനം ചെയ്യുവാനുള്ള ഇതര പരിപാടികളെക്കാള്‍ ഫലകരമാണു മാനസാന്തരത്തിലൂടെ ജനത്തിലുണ്ടാകുന്ന മാറ്റം. അതിനു പ്രാര്‍ഥന കൂടിയേ തീരൂ. കാക്കിക്കുള്ളില്‍പോലും കുറ്റവാസന വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നമുക്കു സഭയായും സമൂഹമായും പ്രാര്‍ഥിക്കാം. നമ്മുടെ യുവജനസംഘടനകളും സഹോദരിസമാജങ്ങളും സമാന്തര ആത്മീയപ്രസ്ഥാനങ്ങളും നാടിനുവേണ്ടി കരയേണ്ട സമയമാണിത്. നാം ആത്മാര്‍ഥമായി പ്രാര്‍ഥിക്കുമെങ്കില്‍ ദൈവം ജനത്തെ പാപബോധത്തിലേക്കു നയിക്കും. നാടു നന്മയുടെ വിളനിലമാകും. നമുക്കു പ്രാർത്ഥിക്കാം.
കേരളം ഉൾപ്പെടെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് താമസിയാതെ നടക്കാൻ പോകുന്നു. ആരു തെരഞ്ഞെടുക്കപ്പടുന്നു എന്നതിനേക്കാൾ അക്രമമോ അനീതിയോ ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പായിരിക്കണം ഇതെന്ന പ്രാർത്ഥനയാണ് നമുക്കുണ്ടാകേണ്ടത്; അതോടൊപ്പം തിരഞ്ഞടുപ്പു പ്രക്രീയയിൽ നമ്മൾ പങ്കാളികളാകുകയും വേണം. അതാണ് നമ്മുടെ രാജ്യത്തിനും ജനതയ്ക്കും വേണ്ടി നമുക്കു ചെയ്യാവുന്ന പരമപ്രധാനമായ സേവനം. ദൈവമേ, അന്ധകാരപൂർണ്ണവും മലീമസവുമായ ഈ സാഹചര്യത്തിൽനിന്നു ഞങ്ങളുടെ ദേശത്തെ അവിടുന്നു രക്ഷിക്കണമേ എന്നു നിലവിളിക്കാം. അതാണു നമ്മുടെ ഉത്തരവാദിത്വം
Advertisement