കഷ്ടങ്ങളിൽ നല്ല തുണ യേശു

കഷ്ടങ്ങളിൽ നല്ല തുണ യേശു

റവ.ജോർജ് മാത്യു പുതുപ്പള്ളി

ടവുകാരോടൊപ്പം യൂലിയാസ് എന്ന ശതാധിപന്റെ കീഴിൽ ഇറ്റലിയിലേക്കു പുറപ്പെട്ട പൗലൊസിന്റെ മിഷനറിയാത്രയുടെ ആരംഭത്തിൽതന്നെ കപ്പലിനെതിരായി പ്രതികൂലത്തിന്റെ കാറ്റ് വീശുവാൻ തുടങ്ങി. സമുദ്രശാസ്ത്രത്തിൽ വിദഗ്ദനല്ലായിരുന്നെങ്കിലും പ്രാർത്ഥനയിലും ദൈവാലോചനകൾ പ്രാപിക്കുന്നതിലും അതിനിപുണനായിരുന്നു പൗലൊസ്. ചുറ്റിക്കെട്ടൽ, പായ് ഇറക്കൽ, നങ്കൂരമിടൽ തുടങ്ങിയ പരിശ്രമങ്ങൾ പാടെ പരാജയപ്പെട്ട് കപ്പലിന്റെ ഭാരം കുറയ്ക്കുവാൻ സാധനങ്ങളെല്ലാം വലിച്ച് വെളിയിലെറിഞ്ഞ് മരണത്തെ മുഖാമുഖം കണ്ട് കപ്പൽക്കാർ നിൽക്കുമ്പോൾ കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായ ദൈവവുമായി സംസാരിക്കുകയായിരുന്നു പൗലൊസ് അപ്പൊസ്തലൻ.

ലോകമാകുന്ന മഹാസാഗരത്തിലൂടെ ജീവിതമാകുന്ന കൊതുമ്പുവള്ളത്തിൽ ഉദ്ദിഷ്ട സമയത്ത് ഉദ്ദിഷ്ട സ്ഥാനത്തെത്താമെന്ന ശുഭപ്രതീക്ഷയോടെ ശാന്തമായും അനുകൂലമായും അടിക്കുന്ന തെക്കൻ കാറ്റിൽ ആശ്രയിച്ച് യാത്ര ചെയ്യുന്ന ദൈവപൈതലേ, ഈ സമുദ്രത്തിൽ താങ്കളുടെ യാത്രയെ ചോദ്യം ചെയ്യുന്ന കൊടുങ്കാറ്റ് ഉണ്ടെന്ന കാര്യം വിസ്മരിച്ചു കളയരുത്. സ്വന്ത ബുദ്ധിയിലും കഴിവിലും ആശ്രയിച്ച് പ്രതികൂലങ്ങളെ അതിജീവിക്കാം എന്നു നിനയ്ക്കുന്ന പ്രിയ സ്നേഹിതാ, ദൈവം അനുകൂലമല്ലെങ്കിൽ താങ്കളുടെ പ്രവൃത്തികളെല്ലാം ഒന്നിനു പിറകെ ഒന്നായി പരാജയപ്പെടും. ഭീകരമായ കാറ്റിനെതിരെ നിൽക്കാൻ കഴിയാതെവണ്ണം പടക് പിടിവിട്ട് പാറിപ്പോകും. മറ പറ്റി ഓടിയാലും എത്രമാത്രം ചുറ്റിക്കെട്ടി ഉറപ്പ് വരുത്തിയാലും പായകൾ ഇറക്കിയാലും പ്രയോജനം ഉണ്ടാകണമെന്നില്ല.

വിശ്വാസത്തോണിയിൽ മഹാസാഗരത്തിലൂടെ അക്കരനാടിനെ നോക്കി യാത്ര ചെയ്യുന്ന പ്രിയ വിശ്വസിയേ, ഈ യാത്ര ദുഷ്കരമായി തോന്നുന്നുവോ ? പ്രതീക്ഷകളെല്ലാം അസ്തമിച്ചതായി വിചാരിക്കുന്നുവോ ? ഉദ്ദേശിച്ച തുറമുഖത്തെത്താൻ കഴിയില്ലെന്നു കരുതുന്നുവോ ? ചെറുവഞ്ചിക്കുള്ളിൽ തുള വീണുവോ ? കൈകൾ കുഴയുന്നുവോ ? നിരാശപ്പെടരുത്, പ്രത്യാശ കൈവെടിയരുത്, മുമ്പോട്ടുള്ള ഗതിയറിയുവാൻ സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ നോക്കാതെ, ഭീതിപ്പെടുത്തുന്ന സമുദ്രത്തെയോ അതിലെ തിരമാലകളുടെ കോപത്തെയോ നോക്കാതെ, തിരമാലകളെ സൃഷ്ടിച്ച, അതിന്മേൽ നടന്നു വരുന്ന മഹാദൈവമായ യേശുകർത്താവിനെ ദർശിക്കുക.

പ്രാർത്ഥനയോടെ ദൈവമുഖത്തേക്ക് നോക്കുക. ഈ സാഗരത്തിൽ നാം മുങ്ങിത്താഴുവാൻ ദൈവം സമ്മതിക്കുകയില്ല എന്ന കാര്യം മറന്നുപോകരുത്. ആകയാൽ ദൈവിക വാഗ്ദത്തങ്ങളിൽ മുറുകെപ്പിടിച്ച് ഓരോ ദിവസവും നമുക്കു മുന്നോട്ടു പോകാം.

ചിന്തക്ക് : 'ആകയാൽ നാമും, സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കുചുറ്റും നിൽക്കുന്നതുകൊണ്ടു സകല ഭാരവും, മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക. തന്റെ മുമ്പിൽ വച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും, ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ' (എബ്രായർ 12 : 1...3)

Advt.