ദുരുപദേശങ്ങളുമായി വീണ്ടും ചിലർ; സഭാ നേതൃത്വം കണ്ണടയ്ക്കരുത്: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ

ദുരുപദേശങ്ങളുമായി വീണ്ടും ചിലർ; സഭാ നേതൃത്വം കണ്ണടയ്ക്കരുത്: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ

കോട്ടയം: രക്ഷിക്കപ്പെട്ടവരിൽ ശാപം മാത്രമല്ല, പാപവും തുടരുന്നുവെന്ന് വ്യാഖ്യാനവുമായി വിശ്വാസ സമൂഹത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവർക്കെതിരെ സഭാ നേതൃത്വത്തിൻ്റെ ഐക്യമായ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത്  മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ മീഡിയ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പാസ്റ്റർ അനീഷ് കൊല്ലംകോട് അവതരിപ്പിച്ച പ്രമേയത്തിൻ്റെ പൂർണ്ണ രൂപം.

"ഉപദേശങ്ങൾ പെന്തെക്കോസ്ത് സഭയുടെ നട്ടെല്ലാണ്. ഏത് അനുഭവത്തെയും കേരളാ പെന്തെക്കോസ്തു സഭകൾ കൊള്ളുകയോ തള്ളുകയോ ചെയ്യുന്നത്, എഴുതപ്പെട്ട വചനവുമായി തട്ടിച്ചു നോക്കിയാണ്. 

വിരലിൽ എണ്ണാവുന്ന ചിലർ ഇതിന് അപവാദമായി ഉണ്ടെന്നിരിക്കിലും വചനവുമായി മാറ്റുരയ്ക്കുമ്പോൾ കുറവുള്ളതായി കാണുന്ന ഏതു ഉപദേശത്തിന്റെയും സ്ഥാനം അന്നും ഇന്നും ചവറ്റു കൊട്ടയിൽ തന്നെയാണ്. 

ചില വർഷങ്ങൾക്ക് മുൻപ് പെന്തെക്കോസ്ത് സഭയിലേക്ക് നുഴഞ്ഞു കയറിയ ശാപം മുറിയ്ക്കൽ എന്ന വിരുദ്ധോപദേശം വിശ്വാസ സമൂഹത്തിന്റെ ശക്തമായ പ്രതിരോധത്തിന്റെയും പ്രതികരണങ്ങളുടെയും ഫലമായി ഒരു ട്രെൻഡ് എന്ന പോലെ അപ്രസക്തമായിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും പ്രസ്തുത ഉപദേശത്തെ പൊടി തട്ടിയെടുത്ത് തത്പര കക്ഷികൾ രംഗ പ്രവേശം ചെയ്തിരിക്കുന്നത് ലാഘവത്തോടെ കാണാൻ കഴിയില്ല. അന്ന് ഇത് ആരംഭിച്ച ഉറവിടത്തിൽ നിന്ന് തന്നെയാണ് ഇതിന്റെ രണ്ടാം രംഗ പ്രവേശവും ഉണ്ടായിരിക്കുന്നത് എന്ന കാര്യം ഗൗരവത്തോടെ കാണേണ്ടതാണ്.

ആദ്യം പ്രചരിപ്പിച്ചതിനെക്കാൾ യുക്തിയും തന്ത്രവും പ്രയോഗിച്ചുകൊണ്ടാണ് പ്രസ്തുത ഉപദേശം ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. 

അടിസ്ഥാനപരമായ വചന ബോധ്യവും വ്യക്തമായ ആത്മീയ ഉൾക്കാഴ്ചയും ഇല്ലാത്ത വിശ്വസികളെ ട്രാപ്പിലാക്കുന്ന പുതിയ തന്ത്രവുമായുള്ള രംഗപ്രവേശത്തെ എന്തു വിലകൊടുത്തും ചെറുക്കുവാൻ വിശ്വാസ സമൂഹത്തിന് സാധിക്കണം.

രക്ഷിക്കപ്പെട്ടവരിൽ ശാപം തുടരുന്നു എന്ന പഠിപ്പിക്കൽ ഇതര മത വിശ്വാസങ്ങളുടെ ചുവടു പിടിച്ചു കൊണ്ടുള്ളതും സാധാരണ വിശ്വാസികളെ ചൂഷണം ചെയ്യുന്നതും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന വസ്തുത പകൽ പോലെ വ്യക്തമാണ്. അതിലുമപ്പുറം ഈ ഉപദേശം യേശു ക്രിസ്തുവിന്റെ യാഗമരണത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതും അവഹേളിക്കുന്നതുമാണ്. 

പാപം മാറിയെങ്കിൽ അതിന്റെ പരിണിത ഫലമായി വന്ന ശാപം എങ്ങനെ നിലനിൽക്കും എന്ന ചോദ്യം ഉയർത്തി ആദ്യ തവണ ഈ വിരുദ്ധോപദേശത്തെ സഭ നേരിടുകയും സമ്പൂർണ്ണ വിജയം കൈവരിക്കുകയും ചെയ്തതാണ്. എന്നാൽ ഇപ്പോൾ ഇവർ പഠിപ്പിക്കുന്നത്, വിശ്വാസികളിൽ ശാപം മാത്രമല്ല, പാപവും നിലനിൽക്കുന്നു എന്നാണ്. 

ശാപം മാറിയെങ്കിൽ രോഗവും പ്രസവ വേദനയും ഒക്കെ തുടരുന്നുണ്ടല്ലോ എന്നതാണ് ഇവരുടെ പുതിയ വാദം. അതേസമയം, ഇവർ ശാപമുക്തി ഉറപ്പു നല്കുന്നവരിലും മേൽപ്പറഞ്ഞ രോഗവും പ്രസവ വേദനയും മരണവും നിലനിൽക്കുന്നുണ്ട് എന്ന വസ്തുത തന്ത്രപൂർവ്വം വിസ്മരിക്കുകയും ചെയ്യുന്നു. രക്ഷിക്കപ്പെട്ടവരിൽ ശാപം നിലനിൽക്കുന്നു എങ്കിൽ പിന്നെ ഇവർ ഏതു ശാപത്തെയാണ് ബ്രേക്ക് ചെയ്യുന്നത് എന്ന ചോദ്യം ചോദ്യമായിത്തന്നെ നിൽക്കുന്നു. ഇവരുടെ ശുശ്രൂഷ കർത്താവിന്റെ ക്രൂശുമരണത്തെക്കാൾ മികച്ചതാണെന്നും കൂടി പറയാതെ പറയുന്നുണ്ട്. 

കൃപയാൽ വിശ്വാസം മൂലം രക്ഷാനിർണ്ണയം പ്രാപിച്ച് ക്രിസ്തു കേന്ദ്രീകൃത ജീവിതം നയിക്കുന്ന വിശ്വാസികൾ ശാപത്തിൽ കീഴിൽ അല്ല എന്ന പുതിയ നിയമ വെളിപ്പാടിനെ തൃണവത്ഗണിക്കുന്നവരെ പെന്തെക്കോസ്ത് സഭകളിൽ ശുശ്രൂഷിക്കുന്നതിൽ നിന്ന് വിലക്കുവാനുള്ള ധൈര്യവും ഇശ്ചാശക്തിയും എല്ലാ പെന്തെക്കോസ്തു സഭാ നേതൃത്വത്തിൽ നിന്ന് സഭാ വിശ്വാസികൾ പ്രതീക്ഷിക്കുന്നു. 

ഒപ്പം പാപത്തിനോ യാതൊരു വിധ ശാപത്തിനോ ക്രിസ്തുവിശ്വാസികളിൽ സ്ഥാനമില്ല എന്നുള്ള വസ്തുത, തിരുവെഴുത്ത് ആധാരമാക്കി തെളിയിച്ചു കൊടുത്ത് സഭാഗാത്രത്തെ വിരുദ്ധോപദേശത്തിൽ നിന്ന് സംരക്ഷിക്കുവാൻ എല്ലാ സഭാ നേതൃത്വത്തിന്റെയും ഒറ്റക്കെട്ടായുള്ള ഇടപെടൽ ഉണ്ടാകണമെന്ന് ഈ പ്രമേയം ആവശ്യപ്പെടുന്നു."

ജൂലൈ 19നു ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ യോഗത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് പാസ്റ്റർ പി.ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിബു മുളളംകാട്ടിൽ, മുതിർന്ന മാധ്യമ പ്രവർത്തകൻ സി.വി മാത്യു, ടോണി ഡി ചെവൂക്കാരൻ, ഫിന്നി പി മാത്യു, സജി മത്തായി കാതേട്ട്, പാസ്റ്റർ സാം മുഖത്തല, ഷാജൻ ജോൺ ഇടക്കാട്, ചാക്കോ കെ തോമസ്, റോജിൻ പൈനുംമൂട്, സാം കൊണ്ടാഴി, പാസ്റ്റർ കുഞ്ഞുമോൻ പോത്തൻകോട്, പാസ്റ്റർ പോൾ മാള എന്നിവർ പങ്കെടുത്തു.