മഴക്കെടുതി: കുട്ടനാടൻ മേഖലകളിൽ സഹായഹസ്തവുമായി ഗുഡ്‌ന്യൂസ് 

മഴക്കെടുതി: കുട്ടനാടൻ മേഖലകളിൽ സഹായഹസ്തവുമായി ഗുഡ്‌ന്യൂസ് 
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു സഹായ വിതരണോൽഘാടനം നിർവഹിക്കുന്നു. ഗുഡ്‌ന്യൂസ്, യു.പി.എഫ് പ്രവർത്തകർ സമീപം

കോട്ടയം: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈ സഹായവുമായി ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി കുട്ടനാടൻ; മല്ലപ്പള്ളി മേഖലകളിൽ എത്തി. ദിവസങ്ങളോളം വെള്ളത്താൽ ചുറ്റപ്പെട്ടു ദൈനംദിന ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടിയ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് നൽകിയത്. 

എല്ലാ കാലവർഷവും പ്രകൃതിയുടെ കലിതുള്ളലിന് ഇരയാകുന്ന ഈ പ്രദേശവാസികളുടെ ജീവിതം ഏറെ ദുസ്സഹമാണ്. ആകാശമൊന്നു ഇരുണ്ടാൽ മാറിത്താമസിക്കേണ്ട സാഹചര്യമാണ് പല കുടുംബങ്ങൾക്കും. ഓരോ തവണ വെള്ളം കയറി ഇറങ്ങുമ്പോഴും നാശനഷ്ടങ്ങൾ നിരവധിയാണ്. പഴയ ജീവിത്തിലേയ്ക്ക് തിരികെ വരാൻ ദിവസങ്ങളോളം എടുക്കും. വിയർപ്പൊഴുക്കി സമ്പാധിച്ച പലതും നഷ്ടമാകും. ഉപജീവന മാർഗം തടസ്സപ്പെടും. ദുരിതത്തിനുശേഷമുള്ള അതിജീവനം കഠിനമാണ്. 

ഈ ജീവകാരുണ്യ പ്രവർത്തനത്തിന് സാമ്പത്തികമായി ഗുഡ്‌ന്യൂസിനെ സഹായിച്ചത് പാസ്റ്റർ വിക്ടർ ജോർജ് നേതൃത്വം നൽകുന്ന ഇന്ത്യ ക്രിസ്ത്യൻ അസംബ്‌ളി സിയാറ്റിൽ സഭയും, ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് കുര്യൻ മാത്യുവും ആണ്.ജൂലൈ 10ന് മേപ്രാൽ ഐപിസി വെസ്റ്റ് സഭയിൽ സംഘടിപ്പിച്ച സഹായ വിതരണത്തിൽ യു.പി.എഫ് ഗ്ലോബൽ അലയൻസ് ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനു സി.കെ ഉത്‌ഘാടനം നിർവഹിച്ചു. ഗുഡ്‌ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം. മാത്യു, ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് കുര്യൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് എന്നിവർ ഗുഡ്‌ന്യൂസ് പ്രവർത്തനങ്ങൾ വിവരിച്ചു.  ഐപിസി തിരുവല്ല സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ ചാക്കോ ജോൺ, ഗുഡ്‌ന്യൂസ് ഗ്രാഫിക്സ് എഡിറ്റർ സജി നടുവത്ര, ജോജി ഐപ്പ് മാത്യൂസ്, ജോസ് ജോൺ കായംകുളം, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ മാത്യു ജോർജ് സ്വാഗതവും യു.പി.എഫ് ഗ്ലോബൽ അലയൻസ് സെക്രെട്ടറി ബെന്നി കൊച്ചുവടക്കേൽ നന്ദിയും പറഞ്ഞു. ഗുഡ്‌ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം യോഗനടപടികൾ നിയന്ത്രിച്ചു. പ്രാദേശിക ക്രമീകരങ്ങൾക്ക് നേതൃത്വം നൽകിയത് യു.പി.എഫ് ഗ്ലോബൽ അലയൻസ് ആണ്.

Advertisement