ആത്മീയൻ്റെ യുദ്ധം അധിനിവേശമല്ല: പാസ്റ്റർ ഏബ്രഹാം വെൺമണി

ആത്മീയൻ്റെ യുദ്ധം അധിനിവേശമല്ല:  പാസ്റ്റർ ഏബ്രഹാം വെൺമണി

മനാമ: ആത്മീയൻ്റെ യുദ്ധം അധിനിവേശമല്ലെന്നും ശത്രുവിനെ മിത്രമാക്കിയും പാപിയെ സ്നേഹിച്ചും ഇല്ലാത്തവർക്ക് നല്കയും എല്ലാവരെയും ക്രിസ്തുവിൽ ചേർത്തണയ്ക്കലുമാണ് ക്രിസ്ത്യാനിയുടെ  ദൗത്യമെന്നും പ്രശസ്ത എഴുത്തുകാരൻ പാസ്റ്റർ ഏബ്രഹാം വെൺമണി പ്രസ്താവിച്ചു.

കഴിഞ്ഞ ദിവസം ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ നടന്ന ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ സംവാദത്തിൽ മുഖ്യവിഷയാവതരണം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

'ബൈബിളിലെ യുദ്ധങ്ങൾ: ദൈവം എന്തുകൊണ്ട് യുദ്ധങ്ങൾ അനുവദിക്കുന്നു?' എന്ന കാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കി സംവാദവും ക്ലാസും നടന്നു.

ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിജു ഹെബ്രോൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ലിജോ മാത്യു പ്രാർത്ഥിച്ച് ആരംഭിച്ചു . ബിജോ ബാബു ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

ഏഴുതരം യുദ്ധങ്ങൾ, ദൈവം അനുവദിക്കുന്ന യുദ്ധങ്ങൾ, മനുഷ്യൻ ചെയ്യുന്ന യുദ്ധങ്ങൾ എന്നിങ്ങനെ ലളിതവും ആധികാരികവും ക്രമീകൃതമായി നടത്തിയ പ്രഭാഷണം, ഹൃദ്യവും വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്നതുമായിരുന്നു.

ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ, പ്രശസ്ത എഴുത്തുകാരൻ ബഞ്ചമിൻ ഇടക്കര (USA) എന്നിവരും കേൾവിക്കാരും പൊതുവായ ചർച്ചയിൽ പങ്കെടുത്ത് വിഷയാഭിപ്രായ പ്രകടനം നടത്തി.

ശ്രേതാക്കളുടെ പ്രസക്തമായ ചോദ്യങ്ങൾക്ക് പാസ്റ്റർ ഏബ്രഹാം വെൺമണി ഉത്തരവും നല്കി. പാസ്റ്റർ ലൈജു ജോണിൻ്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും സമാപിച്ചു.

അടുത്ത ഓൺലൈൻ സംവാദം നവംബർ 19 ന് നടത്തുന്നതാണ് കൂടുതൽ വിവരങ്ങൾക്ക്:  +91 94473 72726, +91 8089817471