സിപിഎം (പെന്തെക്കൊസ്ത് മിഷൻ) ശ്രീലങ്ക രാജ്യാന്തര കൺവെൻഷൻ ഡിസം. 27 മുതൽ

സിപിഎം (പെന്തെക്കൊസ്ത് മിഷൻ) ശ്രീലങ്ക രാജ്യാന്തര കൺവെൻഷൻ ഡിസം. 27 മുതൽ

ചാക്കോ കെ തോമസ് , ബെംഗളൂരു

കൊക്കാവിള (ശ്രീലങ്ക): പാസ്റ്റർ പി.പോൾ ശ്രീലങ്കയിൽ ആരംഭിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ (ഇപ്പോൾ റ്റി.പി.എം) സഭയുടെ ശ്രീലങ്ക രാജ്യാന്തര കണ്‍വൻഷൻ ഡിസംബർ 27 ശനിയാഴ്ച മുതൽ 31 ബുധൻ വരെ ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻസിൽ നടക്കും. 

45 ഏക്കർ വിസ്തൃതിയുള്ള ഹെവൻ ഗാർഡനിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ, പങ്കെടുക്കുന്നവർക്ക് ഏവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. 

ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ശനിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ടറുതി യോഗവും നടക്കും. 

ചീഫ് പാസ്റ്റർമാരും സഭയുടെ സീനിയർ ശുശ്രൂഷകരും പ്രസംഗിക്കും. 

വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ സംഗീത ശുശ്രൂഷ നിർവഹിക്കും

2025 പുതുവർഷ ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തനമുള്ള പെന്തെക്കോസ്തു മിഷൻ സഭ ഇന്നു ലോകത്തിലെ വലിയ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളിൽ ഒന്നാണ്. 

1924ൽ തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി രാമൻ കുട്ടി എന്ന പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സഭ പിന്നീട് 1963ലെ ഇൻഡ്യൻ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം സഭ 'സിലോൺ പെന്തെക്കോസ്തു മിഷൻ' എന്ന പേരിൽ എപ്പിസ്‌കോപ്പൽ സഭയായി ചെന്നൈയിൽ രജിസ്റ്റർ ചെയ്തു. 1970ൽ ശ്രീലങ്കൻ ഗവൺമെന്റ് പാർലമെന്റിൽ പാസാക്കിയ നിയമപ്രകാരമാണു മിഷനെ എപ്പിസ്‌കോപ്പൽ സഭയായി അംഗീകരിച്ചത്. 1984 മുതൽ സഭ ഇന്ത്യയിൽ ദി പെന്തെക്കോസ്തു മിഷൻ എന്ന പേരു സ്വീകരിച്ചു. അറുപത്തഞ്ചിലധികം രാജ്യങ്ങളിൽ പ്രവർത്തനമുള്ള പെന്തെക്കോസ്ത് മിഷനു ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായി 43 സെന്ററുകളും 2000-ൽ പരം ഫെയ്ത്ത് ഹോമുകളും, വിദേശ രാജ്യങ്ങളിൽ 46 സെന്ററുകളും, മുന്നൂറിൽപ്പരം സഭകളും 15000ലധികം ശുശ്രൂഷകരുമുണ്ട്. ഇന്ത്യയിലെ ആസ്ഥാനമന്ദിരം ചെന്നൈയിലും അമേരിക്കയിലേതു ന്യൂജേഴ്‌സിയിലും ശ്രീലങ്കയിലേതു മട്ടക്കുളിയിലുമാണ്. ഓരോ രാജ്യത്തും പല പ്രാദേശിക പേരുകളിലാണു അറിയപ്പെടുന്നത്. ഉദാഹരണമായി ശ്രീലങ്കയിൽ സിലോൺ പെന്തെക്കൊസ്ത് മിഷൻ എന്നും അമേരിക്കൻ ഐക്യനാടുകളിൽ 'ന്യൂ ടെസ്റ്റമെന്റ് ചർച്ച്' എന്നും ഇംഗ്ലണ്ടിൽ 'യൂണിവേഴ്‌സൽ പെന്തെക്കോസ്തൽ ചർച്ച്' എന്നുമാണു സഭ അറിയപ്പെടുന്നത്.

സഭയുടെ ഇപ്പോഴത്തെ ഭരണാധികാരികൾ ചീഫ് പാസ്റ്റർ അബ്രഹാം മാത്യൂ, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്, അസോ. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരാണ്.