മിഷിഗൺ ദേവാലയത്തിൽ അക്രമം; മരണ സംഖ്യ നാലായി
വാർത്ത: സാം മാത്യു
ഡാളസ്: അമേരിക്കൻ സംസ്ഥാനമായ മിഷിഗണിൽ ദേവാലയത്തിനുള്ളിലുണ്ടായ വെടിവയ്പ്പിലും, തുടർന്ന് ഉണ്ടായ അഗ്നിബാധയിലും നാല് പേർ കൊല്ലപ്പെടുകയും എഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലുള്ള ഗ്രാൻഡ് ബ്ലാങ്കിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയിന്‍റ്സിലാണ് വെടിവയ്പ്പുണ്ടായത്. പള്ളിയിൽ തീ പടർന്നു പിടിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു സെപ്റ്റംബർ 28 ഞായറാഴ്ച പ്രാദേശിക സമയം 10:25 ന് ആരാധനയ്ക്കിടെ ഒരു തോക്കുധാരി പള്ളിയുടെ മുൻവശത്ത് ഒരു വാഹനം ഇടിച്ചുകയറ്റുകയും, തുടർന്ന് സഭാ അംഗങ്ങൾക്ക് നേരെ വെടിവയ്ക്കാൻ തുടങ്ങിയെന്നും പറയപ്പെടുന്നു. തുടർന്ന് പ്രതി മനഃപൂർവ്വം തീ കത്തിച്ചതായാണും വിവരങ്ങൾ. ഇതിന് ഏതെങ്കിലും വിധത്തിലുള്ള ഇന്ധനം ഉപയോഗിച്ചതായും അധികാരികൾ അനുമാനിക്കുന്നു. പ്രതി മിഷിഗണിലെ ബർട്ടണിൽ നിന്നുള്ള 40 വയസ്സുള്ള തോമസ് ജേക്കബ് സാൻഫോർഡ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി പോലീസ് മേധാവി വില്യം റെനി പറഞ്ഞു. പ്രതി അമേരിക്കൻ നാവികസേനയിലെ ഒരു വിമുക്ത ഭടൻ ആയിരുന്നതായും പറയപ്പെടുന്നു. വെടിവെയ്പ്പ് അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസുമായുള്ള എറ്റുമുട്ടലിൽ പ്രതി മരണപ്പെട്ടു. അക്രമണകാരണം പോലീസ് പുറത്ത് വിട്ടിട്ടില്ലെങ്കിലും അന്വേഷണ ചുമതല എഫ്.ബി.ഐ. യെ ഏൽപ്പിച്ചതായി പറയുന്നു. ഞായറാഴ്ച നടന്ന ആരാധനയിൽ നൂറുകണക്കിന് ആരാധകർ പങ്കെടുത്തിരുന്നുവെന്ന് പോലീസ് മേധാവി റെനി പറഞ്ഞു.

വെടിവയ്പ്പിൽ പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നുവെന്ന് സ്ഥിതിഗതികൾ വിലയിരുത്തി അധികാരികൾ മാധ്യമങ്ങളോട് പറഞ്ഞു. ചില പരിക്കുകളെങ്കിലും വളരെ ഗുരുതരമാണെന്ന് വൃത്തങ്ങൾ പറയുന്നു. വെടിവെയ്പ്പ് നടന്നിട്ടും സമയങ്ങൾ കഴിഞ്ഞിട്ടും പള്ളിയിൽ നിന്ന് പുക ഉയരുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Advt.











