മതസ്വാതന്ത്ര്യ ലംഘനങ്ങൾ: ആശങ്ക പ്രകടിപ്പിച്ച് ഫിയക്കോണ
സിബിൻ മുല്ലപ്പള്ളി
വാഷിംഗ്ടൻ ഡിസി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (ഫിയക്കോണ) അഡ്വക്കസി ഡയറക്ടർ സ്റ്റാൻലി ജോർജ് മുതിർന്ന യു.എസ്. കോൺഗ്രസ്മാൻ ഗ്ലെൻ തോംപ്സൺ അധ്യക്ഷനായ യു.എസ്. നിയമനിർമ്മാതാക്കളുമായി ചർച്ച നടത്തി.
ഇന്ത്യയിൽ മതസ്വാതന്ത്ര്യ ലംഘനങ്ങൾ വർധിച്ചുവരുന്നതിനെക്കുറിച്ച് യു.എസ് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റും മിഷനറിയുമായ സ്റ്റാൻലി ജോർജ് വിശദീകരിച്ചു.
കഴിഞ്ഞ വർഷങ്ങളിലായി ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അക്രമ സംഭവങ്ങളുടെ വർധനവിലേക്കാണ് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചത്. പ്രത്യേകിച്ച് മിഷനറിമാരും സുവിശേഷപ്രഘോഷകരുമായ ഇന്ത്യൻ ക്രിസ്ത്യാനികൾ കൂടുതൽ ഉപദ്രവത്തിനും ഭീഷണിപ്പെടുത്തലിനും ശാരീരിക ആക്രമണങ്ങൾക്കും ഇരയാകുന്ന സാഹചര്യം അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിലുടനീളം ക്രിസ്ത്യാനികളെ ബാധിക്കുന്ന മനുഷ്യാവകാശ അവസ്ഥയുടെ മോശപ്പെടലിനെയും മതസ്വാതന്ത്ര്യത്തിന്റെ ക്രമാതീതമായ ക്ഷയത്തെയും കുറിച്ച് ഫിയക്കോണ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.
ക്രിസ്ത്യൻ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വർധിച്ചുവരുന്ന അക്രമങ്ങൾ, വിവേചനപരമായ നടപടികൾ, നിയമപരമായ നിയന്ത്രണങ്ങൾ എന്നിവയ്‌ക്ക് യു.എസ്. കോൺഗ്രസ് അടിയന്തിരമായി ശ്രദ്ധ നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന സാമൂഹിക ബഹിഷ്‌കരണം, ശാരീരിക അക്രമം, നിയമപരമായ വെല്ലുവിളികൾ എന്നിവ ഉൾപ്പെടെ ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹങ്ങൾ ശക്തമായ പീഡനം നേരിടുന്ന ഈ നിർണായക ഘട്ടത്തിലാണ് ഈ ഇടപെടൽ നടന്നത്.
ഇന്ത്യയിലെ എല്ലാ മതസമൂഹങ്ങൾക്കും നീതി, മതസ്വാതന്ത്ര്യം, ഭരണഘടനാപരമായ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി ഫിയക്കോണ സിൽവർ ജൂബിലി വർഷത്തിൽ അചന്ഞ്ലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും പീഡനം നേരിടുന്നവരോടൊപ്പം അന്താരാഷ്ട്ര സമൂഹം ഐക്യദാർഢ്യത്തോടെ നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു.

