ജീവിതം ഗുഡ്ന്യൂസാക്കിയ പാപ്പച്ചായൻ

ജീവിതം ഗുഡ്ന്യൂസാക്കിയ പാപ്പച്ചായൻ

തയ്യാറാക്കിയത് 
സന്ദീപ് വിളമ്പുകണ്ടം

ഭൂതകാലസംഭവങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കുമ്പോള്‍ ഹൃദയത്തിലെ അടങ്ങാത്ത ആവേശം ആ മുഖത്തു നിഴലിക്കുന്നുണ്ടായിരുന്നു. വിശ്വാസ ജീവിതത്തില്‍ പിന്നിട്ട വര്‍ഷങ്ങള്‍ അയവിറക്കുമ്പോഴുള്ള ആവേശം ശരീരഭാഷയിലും പ്രകടമായിരുന്നു. അക്ഷരനഗരിയിലെ പെന്തെക്കോസ്ത് ചരിത്രം വിവരിക്കുമ്പോള്‍ ഇനിയും അണയാത്ത സുവിശേഷാത്മാവ് വാക്കുകളില്‍ നിറഞ്ഞുനിന്നു.

കോട്ടയത്തെ ആരംഭകാല പെന്തെക്കോസ്ത് അനുഭവങ്ങള്‍ക്ക് സാക്ഷിയായ നവതിയിലേയ്ക്ക് കാല്‍ചുവടുകള്‍ വെയ്ക്കുന്ന പാപ്പച്ചായനുമായി (മുട്ടത്തേത്ത് പുത്തന്‍പറമ്പില്‍ എം.സി. നൈനാന്‍) ചെലവിട്ട സമയങ്ങള്‍ മധുര നിമിഷങ്ങളായിരുന്നു. ഗുഡ്ന്യൂസിന്‍റെ സഞ്ചാരപഥത്തില്‍ ആരംഭം മുതല്‍ സജീവസാന്നിധ്യമായിരുന്ന നൈനാച്ചായന് വിവരിക്കാന്‍ ചരിത്രങ്ങള്‍ ഒട്ടനവധിയായിരുന്നു.

ചെറുതമാശകള്‍ പറഞ്ഞുള്ള സംസാരം, വിശേഷങ്ങള്‍ ചോദിച്ചറിയാനുള്ള താല്പര്യം, ഉത്തരവാദിത്വങ്ങളിലെ കൃത്യത, മറ്റുള്ളവരുടെ സങ്കടങ്ങളിലുള്ള കൈത്താങ്ങല്‍, വാര്‍ധക്യം വകവെക്കാതെയുള്ള പ്രവര്‍ത്തനനിരത തുടങ്ങിയ സ്വഭാവ സവിശേഷതകള്‍ പാപ്പച്ചായനെ നാട്ടിലും വീട്ടിലും സഭയിലും ഏറെ പ്രിയപ്പെട്ടവനാക്കി. കോട്ടയത്തെ പെന്തെക്കോസ്തു ചരിത്രത്തോടൊപ്പം സഞ്ചരിച്ച, ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം വ്യക്തികളില്‍ ഒരാളാണ് പാപ്പച്ചായന്‍.

1936 മാര്‍ച്ച് മൂന്നിന് മുട്ടത്തേത്ത് പുത്തന്‍പറമ്പില്‍ പി.എം. ചാണ്ടിയുടെയും സാറാമ്മ ചാണ്ടിയുടെയും മകനായി ജനനം. സിഎസ്ഐ സമൂഹത്തില്‍ നില്‍ക്കുമ്പോഴും ചെറുപ്രായത്തില്‍ തന്നെ സണ്ടേസ്കൂള്‍ പഠിക്കാന്‍ മുന്‍പന്തിയിലായിരുന്നു. മാങ്ങാനം യൂണിയന്‍ ക്രിസ്ത്യന്‍ കൂട്ടായ്മയില്‍ സ്ഥിരമായി വേദപഠനത്തിനായി പോകുമായിരുന്ന എം.സി. നൈനാനെ ഐപിസി ഫിലദല്‍ഫിയ സഭയുടെ മുട്ടമ്പലത്തെ വാടകവീട്ടിലും സണ്ടേസ്കൂള്‍ പഠിക്കാന്‍ മാതാപിതാക്കള്‍ പറഞ്ഞയയ്ക്കുമായിരുന്നു. 

പാസ്റ്റര്‍ കെ.ഇ. എബ്രഹാം, പാസ്റ്റര്‍ പി.എം. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ 1950 ഒക്ടോബര്‍ ഒന്നിനു നാഗമ്പടം ആറ്റില്‍ നടന്ന 32 പേരുടെ കൂട്ടസ്നാനം കോട്ടയത്തെ പെന്തെക്കോസ്തു വളര്‍ച്ചയ്ക്ക് വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിച്ച സംഭവമായിരുന്നു. ഐപിസി കോട്ടയം ഫിലദല്‍ഫിയ സഭയുടെ വളര്‍ച്ചയ്ക്കും നിര്‍ണായക ഘടകമായ ഈ കൂട്ടസ്നാനത്തിലാണ് തന്‍റെ മാതാപിതാക്കളായ പി.എം. ചാണ്ടിയും സാറാമ്മ ചാണ്ടിയും സ്നാനം സ്വീകരിച്ചതും സിഎസ്ഐ സഭ വിടുന്നതും. 

പെന്തെക്കോസ്തു വിശ്വാസത്തിലേക്ക് മാതാപിതാക്കള്‍ സ്വാധീനിക്കപ്പെടാനുള്ള രണ്ടു കാരണങ്ങള്‍ എം.സി. നൈനാന്‍ ഓര്‍ത്തെടുത്തു. കോട്ടയം പരേഡ് ഗ്രൗണ്ടില്‍ നടന്ന ഒരു മെഗാ ക്രൂസേഡില്‍ മാതാവ് സാറാമ്മ ചാണ്ടിക്ക് ലഭിച്ച അത്ഭുത രോഗസൗഖ്യം കുടുംബത്തെ വിശ്വാസത്തിലേക്ക് നയിക്കാന്‍ ഒരു മുഖാന്തരമായി. വയര്‍ വീര്‍ക്കുന്ന ഒരു അപൂര്‍വരോഗത്താല്‍ ദീര്‍ഘവര്‍ഷങ്ങളായി ഏറെ ബുദ്ധിമുട്ടിയ മാതാവിന് ഡോ. ചാള്‍സ് ദോസ് എന്ന ദൈവദാസന്‍റെ ശുശ്രൂഷയിലാണ് വിടുതല്‍ ലഭിച്ചത്. ഒപ്പം മറ്റൊരു കാരണവും അദ്ദേഹം ഓര്‍ത്തെടുത്തു.

1950-ല്‍ മാങ്ങാനം ഭാഗത്തു താനവേലില്‍ അച്ചന്‍റെ (ജോയി താനവേലിയുടെ വല്യപ്പച്ചന്‍) പുരയിടത്തിലുണ്ടായിരുന്ന സുവിശേഷാലയത്തില്‍ യോഗങ്ങള്‍ നടന്നിരുന്നു. പാസ്റ്റര്‍ പി.എം. ഫിലിപ്പ് ദാനിയേല്‍ പ്രവചനത്തെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ സ്നാനത്തെക്കുറിച്ചു പരാമര്‍ശം ഉണ്ടാവുകയും, തുടര്‍ന്നുണ്ടായ പഠിതാക്കളുടെ സംശയങ്ങള്‍ക്ക് ലഭിച്ച വ്യക്തമായ മറുപടികളുമാണ് മാതാപിതാക്കളെ വിശ്വാസത്തിലേയ്ക്കും സ്നാനത്തിലേയ്ക്കും നയിച്ച മറ്റൊരു കാരണമെന്നും എം.സി. നൈനാന്‍ ഓര്‍ത്തെടുത്തു. മാതാപിതാക്കക്കൊപ്പം ഐപിസി ഫിലദല്‍ഫിയ സഭയില്‍ സജീവമായ ഇദ്ദേഹം 1962-ല്‍ വിശ്വാസസ്നാനം സ്വീകരിച്ചു. 

കോട്ടയത്തെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ പുതുപ്പള്ളി താരാ സ്റ്റുഡിയോ ഉടമ തോട്ടയ്ക്കാട് തണങ്ങുംപതിക്കല്‍ തോമസ് ടി. ജോസഫിന്‍റെ (കൊച്ചൂട്ടി) മകള്‍ സൂസമ്മയെ ജീവിത പങ്കാളിയായായി സ്വീകരിച്ചു. കോട്ടയത്ത് ആദ്യകാലത്ത് പെന്തെക്കോസ്ത് വിശ്വാസസ്നാനം സ്വീകരിച്ച മോശെക്കുഞ്ഞു എന്നറിയപ്പെട്ടിരുന്ന ടി.ജെ. മോസസ്, എം.സി. നൈനാന്‍റെ ഭാര്യാപിതാവിന്‍റെ സഹോദരനാണ്.

കോട്ടയം ഫിലദല്‍ഫിയ സഭയുടെ ആരംഭകാല പ്രവര്‍ത്തനങ്ങളും പാപ്പച്ചായന്‍ ഓര്‍ത്തെടുത്തു. 1941-ല്‍ മുട്ടമ്പലത്തു ഒരു വീട് 12 രൂപ വാടകയ്ക്ക് എടുത്തു ആരംഭിച്ച ഐപിസി ഫിലദല്‍ഫിയ സഭയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളും, സാമുദായിക സഭകള്‍ക്ക് വേരോട്ടമുള്ള സ്ഥലമായതിനാല്‍ പെന്തെക്കോസ്തു കൂട്ടായ്മകള്‍ക്ക് വീട് നല്‍കാന്‍ ഉടമസ്ഥന്‍ ഭയപ്പെട്ടതും, സമീപവാസികളുടെ ഭീഷണിമൂലം സുവിശേഷപ്രവര്‍ത്തകര്‍ക്ക് വീട് ഉപേക്ഷിക്കേണ്ടിവന്നതും, പാസ്റ്റര്‍ കെ.ഇ. ഏബ്രഹാം മുട്ടമ്പലത്തു സന്ദര്‍ശനം നടത്തി പ്രവത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നതും ഉള്‍പ്പെടെ എട്ടു പതിറ്റാണ്ടുകള്‍ക്ക് പിന്നിലെ സംഭവങ്ങള്‍ വളരെ കൃത്യതയോടെ ചാരുകസേരയില്‍ ഇരുന്നു വിവരിച്ചു.

യു.എസ്. സന്ദർശനവേളയിൽ എം.സി. നൈനാനും സഹധർമ്മിയും

ചരിത്രം ഓര്‍ത്തെടുക്കാന്‍ ആവേശവും താല്പര്യവും പ്രകടിപ്പിച്ച പാപ്പച്ചായന്‍ ഉത്സാഹത്തോടെ തുടര്‍ന്നു. 'ഫിലിപ്പുസാറിന്‍റെ ആഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി - കൊല്ലാട് റോഡരികിലെ വാടക വീട്ടിലേക്ക് മാറിയ സഭാപ്രവര്‍ത്തനം വീണ്ടും പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവന്ന സാഹചര്യങ്ങളും വിവരിച്ചു. പെന്തെക്കോസ്തുകാര്‍ക്ക് വീട് നല്‍കിയാല്‍ വീടിന്‍റെ ഓട് മുഴുവന്‍ തകര്‍ക്കുമെന്ന് പ്രമുഖനായ സ്ഥലംനിവാസി ഭീഷണി മുഴക്കി. തകര്‍ത്താല്‍ പകരം ഓട് വാങ്ങിത്തരാമെന്ന വ്യവസ്ഥയില്‍ പാസ്റ്റര്‍ പി.എം. ഫിലിപ്പ് വാടക ചീട്ടു എഴുതി. വീടിനു നേരെ കല്ലേറുണ്ടായി, ഓടുകള്‍ തകര്‍ന്നു. മഴവെള്ളം അകത്തു വീഴാന്‍ തുടങ്ങി, വ്യവസ്ഥപ്രകാരം പകരം ഓടുകള്‍ വാങ്ങിച്ചു. ഫിലിപ്പുസാറും സഹധര്‍മിണി അമ്മിണിക്കൊച്ചമ്മയും, മേശയും ബെഞ്ചും മേല്‍ക്കുമേല്‍ വച്ച് അതിന്മേല്‍ കയറി ഓട് മാറിയ സംഭവങ്ങളും, പിന്നീട് വീണ്ടും കല്ലെറിയാന്‍ വന്നവര്‍ക്ക് എറിയുമ്പോള്‍ പാമ്പു കടിയേറ്റതും, ഫിലിപ്പ് സാറിനെ വിളിച്ചു അവര്‍ പ്രാര്‍ഥിപ്പിച്ച സംഭവങ്ങളും അദ്ദേഹം വ്യക്തതയോടെ വിവരിച്ചു.

സ്വീഡന്‍ സന്ദര്‍ശനം നടത്തിയ പാസ്റ്റര്‍ കെ.ഇ. എബ്രഹാം നല്‍കിയ 5100 രൂപയ്ക്ക് 17.5 സെന്‍റ് ഭൂമി (ഇപ്പോള്‍ ഐപിസി ഫിലദല്‍ഫിയ ഹാള്‍ ഇരിക്കുന്ന സ്ഥലം) വാങ്ങിച്ചു, അദ്ദേഹത്തിന്‍റെ താല്പര്യപ്രകാരം അവിടെയുള്ള സഭയുടെ പേരുപോലെ ഫിലദല്‍ഫിയ എന്ന് നാമകരണം ചെയ്തു. ഇങ്ങനെ ചെറുതും വലുതുമായ പല സംഭവങ്ങളും വളരെ വ്യക്തതയോടെ 89 വയസ്സുപിന്നിട്ട അപ്പച്ചന്‍ ഓര്‍ത്തെടുത്തപ്പോള്‍ അത്ഭുതം തോന്നി.

27-ാം വയസ്സില്‍ മലങ്കര പ്ലാന്‍റേഷന്‍ ലിമിറ്റഡില്‍ ജോലിയില്‍ പ്രവേശിച്ച എം.സി. നൈനാന്‍ 37 വര്‍ഷത്തെ സേവനത്തിനുശേഷം സ്പെഷ്യല്‍ ഓഫീസറായി 2000-ല്‍ വിരമിച്ചു. ശമ്പളത്തിന്‍റെ ഒരു വീതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാറ്റിവെക്കാന്‍ ഒരിക്കലും അദ്ദേഹം മറന്നിട്ടില്ലായിരുന്നു.

കുടുംബാംഗങ്ങള്‍: പരേതയായ സൂസമ്മ നൈനാന്‍. മക്കള്‍: നൈനാന്‍ ചാണ്ടി (കാന വെഡ്ഡിങ്), നൈനാന്‍ തോമസ് (വൈസ് പ്രസിഡണ്ട്, ഇന്ത്യ മിഷന്‍), നൈനാന്‍ മാത്യു (ബഹ്റൈന്‍). മരുമക്കള്‍: പരേതയായ ഷൈനി ചാണ്ടി, സുജ തോമസ്, പ്രിയ മാത്യു (ബഹ്റൈന്‍). കൊച്ചുമക്കള്‍: സ്നേഹ സൂസന്‍ ചാണ്ടി (ബഹ്റൈന്‍), ക്രിസ്റ്റ സൂസന്‍ ചാണ്ടി, നിധി സൂസന്‍ തോമസ്, നവ്യ സൂസന്‍ തോമസ്, സാറ സൂസന്‍ മാത്യു. കൊച്ചുമകളുടെ മകന്‍: നോവ കാലേബ് ജോഷ്വാ.

ആറു പതിറ്റാണ്ടു ഫിലദല്‍ഫിയ സണ്ടേസ്കൂള്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. അതില്‍ 26 വര്‍ഷങ്ങള്‍ പ്രധാനാധ്യാപകനായും സേവനംചെയ്തു. ദൈവീക ശുശ്രൂഷയില്‍ ഉള്‍പ്പെടെ ഉന്നത നിലവാരത്തില്‍ സെക്കുലര്‍ ജോലിചെയ്യുന്ന നൂറുകണക്കിന് ശിഷ്യഗണങ്ങള്‍ വരെ സ്വദേശത്തും വിദേശത്തുമായി തനിക്കുണ്ട്. ഒരു വിദ്യാര്‍ഥി സണ്ടേക്ലാസ്സില്‍ വന്നില്ലെങ്കില്‍ അവരുടെ വീട്ടിലെത്തി വിവരം തിരക്കുകയും ക്ലാസ് മുടക്കാതിരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പരീക്ഷകള്‍ക്ക് തയ്യാറെടുന്നവരുടെ വീട് സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന സ്വഭാവവും അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. ചിലപ്പോള്‍ സാം സി. സാമുവേല്‍ സാറും ഒപ്പം ഉണ്ടാകാറുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന എം.സി. നൈനാന്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഐപിസി ഫിലദല്‍ഫിയ കഞ്ഞിക്കുഴി സഭയുടെ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അവിഭക്ത ഐപിസി കോട്ടയം ഡിസ്ട്രിക്ട്, കോട്ടയം സൗത്ത് സെന്‍റര്‍ എന്നിവയില്‍ ട്രഷററായും സേവനം ചെയ്തു. കോട്ടയം സൗത്ത് സെന്‍റര്‍ സണ്ടേസ്കൂള്‍ സൂപ്രണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആരംഭനാളുകളില്‍ സഭയില്‍ പായ വിരിക്കുന്നത് മുതല്‍ എല്ലാ ശുശ്രൂഷകളിലും വ്യാപൃതരായിരുന്നു എം.സി. നൈനാനും ജ്യേഷ്ഠ സഹോദരന്‍ പി.സി. മത്തായിയും (ഉണ്ണിസാര്‍). സഭാപ്രവര്‍ത്തങ്ങളിലെ തന്‍റെ ആത്മാര്‍ഥതയില്‍ മതിപ്പുതോന്നിയ പാസ്റ്റര്‍ പി.എം. ഫിലിപ്പ്, കോട്ടയം ഐപിസി ടാബര്‍നാക്കില്‍ ഹാള്‍ പണിയുന്നതിന് തന്നെ ചുമത്തപ്പെടുത്തിയതും ബില്‍ഡിംഗ് നിര്‍മാണ ട്രഷററായി നിയമിച്ചതും പാപ്പച്ചായന്‍ ഏറെ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. അന്ന് തന്നോടൊപ്പമുണ്ടായിരുന്ന കെ.കെ. കുര്യന്‍ (ബെഥേല്‍), കുര്യാക്കോച്ചന്‍ (തിരുവാര്‍പ്പ്), തനവേലില്‍ അച്ചന്‍ (ടി.വി. കുരുവിള) എന്നിവരെയും അദ്ദേഹം സ്മരിക്കുന്നു. 

കര്‍ത്തൃസന്നിധിയില്‍ വിശ്രമിക്കുന്ന പാസ്റ്റര്‍മാരായ പി.എം. ഫിലിപ്പ്, ടി.പി. വര്‍ഗീസ്, കൊല്ലാട് വി.എം. ചാക്കോ, കെ.സി. ചെറിയാന്‍, പി.സി. സ്കറിയ, എം.ടി. ജോസഫ്, സി.ജെ. ജേക്കബ് എന്നിവരോടൊപ്പം വിവിധ ശുശ്രൂഷകളില്‍ പങ്കാളിയായ നല്ല നിമിഷങ്ങളും പാപ്പച്ചായന്‍ അയവിറക്കി. പരേതനായ ഇവാ. ടി.എം. മാത്യു (സീനിയര്‍)വിനോടൊപ്പം സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത, പതിറ്റാണ്ടുകള്‍ പിന്നിട്ട ഓര്‍മകളും അദ്ദേഹം അയവിറക്കി.

ഗുഡ്ന്യൂസ് വീക്കിലി അക്കൗണ്ടന്‍റായി ദീര്‍ഘവര്‍ഷങ്ങള്‍ സേവനം ചെയ്ത പാപ്പച്ചായന്‍ ഗുഡ്ന്യൂസിനു എന്നും പ്രിയപ്പെട്ടവനായിരുന്നു. ഗുഡ്ന്യൂസ് സ്ഥാപകരായ പരേതനായ വി.എം. മാത്യു, പരേതനായ തോമസ് വടക്കേക്കുറ്റ്, സി.വി. മാത്യു, ടി.എം. മാത്യു, പരേതനായ മാത്യു വടക്കേക്കുറ്റ് എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച സമയങ്ങള്‍ ജീവിതയാത്രയില്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശാലേം ട്രാക്ട് സൊസൈറ്റിയുടെ പ്രവര്‍ത്തങ്ങളിലും ആരംഭകാലം മുതല്‍ സജീവമായിരുന്ന പാപ്പച്ചായന്‍ ട്രഷറര്‍, സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. നിലവില്‍ വൈസ് പ്രസിഡന്‍റാണ്. 

ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ ആരംഭം മുതല്‍ പ്രവര്‍ത്തിച്ച അദ്ദേഹം ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ആക്ടിങ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ട്രഷററായും പ്രവര്‍ത്തിക്കുന്നു. ഈ പ്രായത്തിലും ഉത്തരവാദിത്വങ്ങളില്‍ പുലര്‍ത്തുന്ന ആത്മാര്‍ഥത, വ്യക്തത, കൃത്യത എല്ലാവരിലും അത്ഭുതം ഉളവാക്കാറുണ്ട്. 

ജീവിതയാത്രയില്‍ തനിക്കു താങ്ങും തണലുമായിരുന്ന സഹധര്‍മ്മിണി സൂസമ്മ നൈനാന്‍ 2022 ജൂലൈ 18ന് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

മാതൃകാപരമായ നിരവധി സ്വഭാവഗുണങ്ങളുള്ള ഉപദേശ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത, ആത്മീയ വിഷയത്തില്‍ കര്‍ക്കശകാരനായ എം.സി. നൈനാന്‍ ഇന്നത്തെ സഭയില്‍ കടന്നു കൂടിയ ദുഷ്പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാനും മറന്നില്ല. ഉപദേശ വിഷയത്തില്‍ അയവുവരുത്തി, പ്രസിദ്ധിക്കും, സ്ഥാന-മാനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രവണത അപകടമാണെന്ന മുന്നറിയിപ്പും പുതുതലമുറയ്ക്ക് കൈമാറിക്കൊണ്ടാണ് പാപ്പച്ചായന്‍ വാക്കുകള്‍ അവസാനിപ്പിച്ചത്.

Advertisement