ഐപിസി സീയോൻ വെള്ളിയറ ശതാബ്‌ദിക്ക് അനുഗ്രഹീത സമാപനം
റാന്നി: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സ്ഥാപിതമായതിന് സാക്ഷ്യം വഹിച്ച ചുരുക്കം സഭകളുടെ പട്ടികയിൽ ഇടം നേടിയ റാന്നി വെസ്റ്റ് സെൻ്ററിലെ ഐപിസി സീയോൻ വെള്ളിയറ സഭ അതിൻ്റെ ക്രിസ്തീയ സാക്ഷ്യത്തിൻ്റെ നൂറാം വാർഷികം പിന്നിടുകയാണ്. ഒരു വർഷം നീണ്ടുനിന്ന ഈ ആഘോഷത്തിൽ ആത്മീയ, മിഷനറി, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.

2023 ഏപ്രിലിൽ ആരംഭിച്ച വെള്ളിയറ സെൻ്റനറി പ്രോജക്റ്റിന്റെ (വി.സി.പി.) ഉദ്ഘാടനം 2024 ജനുവരി 26-ന് റാന്നി വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സി.സി. എബ്രഹാം നിർവഹിച്ചു. പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണി, ഐപിസി. ജനറൽ ജോയിൻ്റ് സെക്രട്ടറി ഡോ. വർക്കി എബ്രഹാം കാച്ചാണത്ത് തുടങ്ങിയർ പങ്കെടുത്തു. സഭാ ശുശ്രൂഷകനും വിസിപി കൺവീനറുമായ പാസ്റ്റർ സുരേഷ് മാത്യു അധ്യക്ഷത വഹിച്ചു. തയ്യൽ മെഷീനുകൾ, വിവാഹ സഹായം, വൈദ്യസഹായം, ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ധനസഹായം എന്നിവയുടെ വിതരണവും നടന്നു.
വിസിപിയുടെ നേതൃത്വത്തിൽ 2024 മെയ് 6 മുതൽ 17 വരെ നടന്ന 'കേരള സുവിശേഷ യാത്ര 2024' ശ്രദ്ധേയമായിരുന്നു. കേരളത്തിലെ 12 ജില്ലകളിലായി 70-ൽ അധികം സ്ഥലങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്തു. 2024 ഒക്ടോബറിൽ 'അഭിയാൻ 2024' എന്ന പേരിൽ മധ്യപ്രദേശിൽ 16 ദിവസത്തെ സുവിശേഷ യാത്രയും നടത്തി.

വിസിപിയുടെ ഏറ്റവും സംഘടിത കൂട്ടായ പ്രവർത്തനം 2024 സെപ്റ്റംബർ 15 മുതൽ 17 വരെ നടന്ന ശതാബ്ദി ഐക്യ മഹായോഗമായിരുന്നു. 30-ൽ അധികം പ്രാദേശിക സഭകളുടെയും ഐപിസി. റാന്നി വെസ്റ്റ് സെൻ്ററിൻ്റെയും അയിരൂർ ഗെത്‌ശമന ഗോസ്പൽ മിനിസ്ട്രിയുടെയും സഹകരണത്തോടെ നടന്നു. മുൻകാലങ്ങളിൽ വെള്ളിയറ സഭയിൽ സേവനമനുഷ്ഠിച്ച 10 ഇടയന്മാർ അടക്കം 14 കർത്തൃശുശ്രൂഷകരെ ആദരിക്കുകയും ചെയ്തു.
സൺഡേ സ്കൂളിൻ്റെയും പി.വൈ.പി.എ.യുടെയും നേതൃത്വത്തിൽ വി.ബി.എസ്. (സ്തുലക്ക് 2024), കരിയർ ഗൈഡൻസ് പരിശീലനം (കുൻസിഡോ 2024), വെള്ളിയറ മിഷനറി കുടുംബ സംഗമം - ഹൗസ് ബോട്ട് യാത്ര (മിന്നസ്ഫെസ്റ്റ് 2025) തുടങ്ങിയ പരിപാടികളും ഈ വർഷം നടന്നു. നാല് പെൺകുട്ടികളുടെ വിവാഹം, രണ്ട് സഭാ ഹാൾ നിർമ്മാണം, ഒരു വീടിന്റെ പൂർണ്ണ നിർമ്മാണം, നിരവധി വീടുകളുടെ അറ്റകുറ്റപ്പണികൾ, 14 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, അനേകം രോഗികൾക്ക് വൈദ്യസഹായം എന്നിവയുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും വിസിപി നടത്തി.

എട്ട് ഉപസമിതികളിലായി അൻപതിലധികം പേർ ഈ പദ്ധതിക്കായി പ്രവർത്തിച്ചു. ജനറൽ കൺവീനർമാരായിരുന്ന പാസ്റ്റർ സുരേഷ് മാത്യു, പാസ്റ്റർ തോമസ് വർഗീസ് , വർഗീസ് കെ. ഫിലിപ്പ്, പാസ്റ്റർ റെജി ഫിലിപ്പ് (USA), പാസ്റ്റർ മനോജ് മാത്യു ജേക്കബ്, ബ്ലസ്സൻ പി. തോമസ്, ബെർലിൻ പി. തോമസ് എന്നിവരും ഭാരവാഹികളായി പ്രവർത്തിച്ചു.
2025 ജനുവരി 11-ന് പാസ്റ്റർ സുരേഷ് മാത്യുവിൻ്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ഐപിസി. കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസും റാന്നി എം.എൽ.എ. പ്രമോദ് നാരായണനും മുഖ്യാതിഥികളായിരുന്നു. 2025 ജൂൺ 14-ന് നടന്ന ഐപിസി. റാന്നി വെസ്റ്റ് സെൻ്റർ മാസയോഗത്തിൽ ശതാബ്ദി സ്മരണികയായ 'EMET' പ്രകാശനം ചെയ്തതോടെ ഈ മഹത്തായ പദ്ധതിക്ക് വിജയകരമായ സമാപനമായി.

