വിദ്യാഭ്യാസത്തെ സമ്പത്തിനേക്കാൾ വലുതായി കാണണം: കെ. രാധാകൃഷ്ണൻ എം.പി

വിദ്യാഭ്യാസത്തെ സമ്പത്തിനേക്കാൾ വലുതായി കാണണം: കെ. രാധാകൃഷ്ണൻ എം.പി

വാർത്ത: ഡെന്നി പുലിക്കോട്ടിൽ

കുന്നംകുളം : സമ്പത്തിനേക്കാൾ വലുത് വിദ്യാഭ്യാസമാണെന്ന തിരിച്ചറിവ് വിദ്യാർഥികൾക്ക് ഉണ്ടാകണമെന്ന് കെ രാധാകൃഷ്ണൻ എംപി വ്യക്തമാക്കി. ഗുഡ്ന്യൂസ് സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള ആദരണീയവും 100 ഓളം വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനവും കുന്നംകുളത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ മാർഗത്തിലൂടെ പണം വേഗത്തിലുണ്ടാക്കാൻ  വിദ്യാർഥികൾ ശ്രമിക്കുന്നത് സമൂഹത്തിന് ദോഷകരമാണെന്നും അത്തരം പ്രവൃത്തികൾ ചെയ്യുന്നവർ ഇന്നത്തെ കാലയളവിൽ വർദ്ധിച്ചു വരികയാണെന്നും എംപി ചൂണ്ടികാട്ടി.

ഗുഡ്ന്യൂസ് ചാരിറ്റബിൾസൊസൈറ്റി നൽകുന്ന ചികിത്സാ - ഭവന നിർമ്മാണ സഹായ വിതരണം ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് നിർവ്വഹിച്ചു.

ഉന്നത വിജയികൾക്ക്  രാധാകൃഷ്ണൻ എംപി മെമൻൻ്റോകൾ നൽകി. സമിതി പ്രസിഡൻ്റ് പാസ്റ്റർ എം.ജി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു.

ഐപിസി സെൻ്റർ പാസ്റ്റർ സാം വർഗീസ്, ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ നാഷ്ണൽ എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ അനിൽ തിമോത്തി, പാസ്റ്റർ ഇ.ജി ജോസ് (അസംബ്ലീസ് ഓഫ് ഗോഡ്), പാസ്റ്റർ കുരിയാക്കോസ് ചക്രമാക്കിൽ (ബഥേൽ ചർച്ച്), പെരുമ്പടപ്പ് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുനിൽ, ഷാജൻ മുട്ടത്ത്, റോയ്സൻ ഐ ചീരൻ, പാസ്റ്റർ പി. സി ലിബിനി (ശാരോൻ ചർച്ച്), പാസ്റ്റർ പി.ജെ ജോണി, പാസ്റ്റർ സി.ഐ കൊച്ചുണ്ണി എന്നിവർ പഠനോപകരങ്ങൾ വിതരണം ചെയ്തു.

സജി മത്തായി കാതേട്ട് മോട്ടിവേഷൻ ക്ലാസെടുത്തു. പാസ്റ്റർ സാം വർഗീസ്, ഡോ. സാജൻ സി ജേക്കബ്, ഡെന്നി പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി.സി ലിബിനി സ്വാഗതവും സെക്രട്ടറി പാസ്റ്റർ സാജൻ സഖറിയ പി നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ പരിപാടികളും നടന്നു.