അച്ചോ, ഈ കുപ്പായമൊക്കെ ഊരി പെന്തക്കോസ്തുകാരനാകണേ.. | കാനം അച്ചൻ അനുസ്മരണം
അച്ചോ, ഈ കുപ്പായമൊക്കെ ഊരി പെന്തക്കോസ്തുകാരനാകണേ...
പാസ്റ്റർ സണ്ണി പി. സാമുവൽ
വർഷം 1967. തീയതി കൃത്യമായി ഓർമ്മയില്ല. ഒരു വിവാഹ വീടാണു രംഗം. വിവാഹത്തലേന്നു അത്താഴത്തിനു മുമ്പുള്ള കുടുംബപ്രാർത്ഥന നടത്താനെത്തിയ പട്ടക്കാരനോടു അഞ്ചു വയസ്സു പ്രായമുള്ള ഒരു ബാലൻ പറഞ്ഞു: "അച്ചോ ഈ കുപ്പായം ഊരി സ്നാനപ്പെട്ടു പെന്തക്കോസ്തുകാരനായി ജീവിക്കണം.”
“മോനെ, ഞാനതു തീരുമാനിച്ചിരിക്കുകയാണ്,” ബാലന്റെ തോളിൽ മൃദുവായി തട്ടിക്കൊണ്ടു അച്ഛൻ പറഞ്ഞു. ആ പട്ടക്കാരൻ പില്കാലത്തു കാനം അച്ചൻ എന്ന പേരിൽ പെന്തക്കോസ്തിന്റെ താത്വികാചാര്യനായി മാറി.
കാലാന്തരത്തിൽ, അച്ചന്റെ ആത്മസുഹൃത്തായി മാറിയ ഞാനായിരുന്നു ആ ബാലൻ.
എന്റെ അമ്മ കോട്ടയം- കങ്ങഴ കോതപ്പള്ളി (പാടത്തുമാപ്പിള) കുടുംബാംഗം ആയിരുന്നു. എന്റെ അമ്മയുടെ ഉപ്പാപ്പന്റെ മകളായ ലീലാമ്മയുടെ വിവാഹത്തിനായി ഞങ്ങൾ റാന്നിയിൽ നിന്നു കങ്ങഴയിൽ എത്തിയതായിരുന്നു. ആ സംഭവത്തിന്റെ മങ്ങിയ ഓർമ്മകളും നിഴൽരൂപങ്ങളും മാത്രമേ എന്റെ മനസ്സിൽ ഉള്ളൂ. ഞാൻ അച്ചനോടു പറഞ്ഞു എന്നു പറയുന്ന വാക്കുകൾ എന്റെ ഓർമ്മയിൽ ഇല്ല. മാതാപിതാക്കൾ പറഞ്ഞുകേട്ടുള്ള അറിവേ എനിക്കുള്ളൂ. അന്നു ഞാൻ അതു സ്വയമേവ പറഞ്ഞതാണോ അതോ എന്നെക്കൊണ്ടു പറഞ്ഞു പറയിച്ചതാണോ എന്നും അറിയില്ല.
ഞാൻ പറഞ്ഞ വാക്കുകളെ സുവിശേഷവേല എന്നു വിളിക്കാമോ? വിളിക്കാമെങ്കിൽ എന്റെ ആദ്യത്തെ "പേഴ്സണൽ ഇവാജെലിസം" കാനം അച്ചനോടു ആയിരുന്നു. പക്ഷേ, അതിനുമുമ്പേ അദ്ദേഹം കറതീർന്ന വിശ്വാസത്തിനു ഉടമയായിത്തീർന്നിരുന്നു എന്നതാണു സത്യം.
കോതപ്പള്ളി കുടുംബവും ബന്ധുകുടുംബമായ തൂമ്പുങ്കൽ കുടുംബവും പതിയിൽ കുടുംബവും മറ്റും അന്നു ചേറ്റേടം ഓർത്തഡോക്സ് ഇടവകപ്പള്ളി അംഗങ്ങൾ ആയിരുന്നു. കാനം അച്ചൻ ആയിരുന്നു അന്നു അവിടുത്തെ പട്ടക്കാരൻ. വിവാഹശുശ്രൂഷ നടത്തുന്നതിനു മുമ്പുതന്നെ അച്ചൻ സ്നാനപ്പെട്ടിരുന്നു. ഈ വിവാഹം ആശീർവദിച്ചു അധികം കഴിയുംമുമ്പേ അദ്ദേഹം പള്ളിമതത്തോടു വിടപറഞ്ഞു കുപ്പായം ഊരി ഒരു സുവിശേഷകനായി.
ഈ വിവാഹത്തിനു ചില പ്രത്യേകതകളുണ്ടായിരുന്നു. അതു അച്ചൻ ഓർത്തഡോക്സ് സഭയിൽ നടത്തിയ അവസാന വിവാഹമായിരുന്നു. മാത്രമല്ല, വിവാഹം നടത്തിയ പട്ടക്കാരന്റെ പേരും അന്നത്തെ വരന്റെ പേരും ഒന്നായിരുന്നു -പി. ഐ. ഏബ്രഹാം. വരൻ പതിയിൽ അവറാച്ചൻ എന്ന പി. ഐ. ഏബ്രഹാം. അന്നത്തെ നവവധു പില്കാലത്തു കാനം ലീലാമ്മ എന്ന പേരിൽ അറിയപ്പെട്ടു.
ഞങ്ങളുടെ കുടുംബങ്ങളുമായി അച്ഛനു ഉററ വ്യക്തിബന്ധം ഉണ്ടായിരുന്നു. ഞാൻ അച്ചന്റെ വ്യക്തിജീവിതം അടുത്തറിഞ്ഞതു കായംകുളം പുതുപ്പള്ളി ചർച്ച് ഒഫ് ഗോഡ് സഭയിൽ ശുശ്രൂഷയിൽ ആയിരിക്കുമ്പോഴാണ്. അന്നു അവിടെ ഞങ്ങൾ ഒരു കൺവെൻഷൻ നടത്തി. അച്ചൻ തീയതി തെറ്റി തലേദിവസം എത്തി. ആ രാത്രി പ്രസംഗിച്ചതു ധ്യാനഗുരുവായ മറ്റൊരു അച്ചനായിരുന്നു. ആവേശം മൂത്തപ്പോൾ അദ്ദേഹം മറ്റൊരു മതത്തെ ശക്തമായി വിമർശിച്ചു പ്രസംഗിച്ചു. ശബ്ദം അധികം പുറത്തു പോകാതിരിക്കാൻ ഞാൻ സൗണ്ട് ബോക്സ് കമഴ്ത്തി ഇടുവിച്ചു. ഏവരും ശരിക്കും വിഷമവൃത്തത്തിൽ ആയി. യോഗം ഉപസംഹരിക്കാനായി എഴുന്നേറ്റ കാനം അച്ചൻ വളരെ തന്മയത്വത്തോടെ കാര്യങ്ങൾ പറഞ്ഞു ഉപസംഹരിച്ചു. ഭക്ഷണത്തിനിരിക്കുമ്പോൾ ധ്യാനഗുരുവിനോടായി: “ഇരുട്ടിനെ ചീത്ത വിളിക്കേണ്ട കാര്യമില്ല, വെളിച്ചം കത്തിച്ചുവച്ചിട്ടു വെളിച്ചം നല്ലതാണെന്നു പ്രസംഗിച്ചാൽ മതി,” എന്നു അല്പം കർക്കശഭാവത്തിൽ പറഞ്ഞു. അടുത്തദിവസം ശുശ്രൂഷ കഴിഞ്ഞു കാനം അച്ചൻ ഞങ്ങളോടൊപ്പം പരിമിതമായ സൗകര്യത്തിൽ വിശ്രമിച്ചു. വെളുപ്പിനു മൂന്നു മണിക്കു എഴുന്നേറ്റു പ്രാർത്ഥന തുടങ്ങി. അതു അഞ്ചര വരെ നീണ്ടുനിന്നു. ആ രഹസ്യ പ്രാർത്ഥനയായിരുന്നു അദ്ദേഹത്തിൻ്റെ വിജയരഹസ്യം.
അതു അദ്ദേഹത്തിൻ്റെ ജീവിതചര്യയായിരുന്നു.
ചർച്ച് ഒഫ് ഗോഡിൽ മുളക്കുഴ-കുമ്പനാട് വിഭാഗീയത ഉണ്ടായ കാലം. അന്നു ഞാൻ മുളക്കുഴ ലോക്കൽസഭാ ശുശ്രൂഷകനും മുളക്കുഴയിലെയും തിരുവല്ല ഐ.സി.റ്റി.എസ് സെമിനാരിയിലെയും അദ്ധ്യാപകനും, സുവിശേഷനാദം എഡിറ്റോറിയൽ ബോർഡ് അംഗവും ഒക്കെയാണ്. കാനം അച്ചൻ, വി. വി. അച്ചൻകുഞ്ഞുസാർ, പി.ജി. മാത്യു സാർ, തോമസ് ജോർജ് പാസ്റ്റർ തുടങ്ങി എനിക്കു പ്രിയപ്പെട്ടവർ കുമ്പനാട് ഘടകത്തിൽ. ഇത്തരം ഒരു വിഭജനം തെല്ലൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. ആ വടംവലിയുടെ മദ്ധ്യേ മാസികക്കുള്ള എഡിറ്റോറിയൽ നിന്നുപോയി.
ഞാൻ എഡിറ്റോറിൽ എഴുതണമെന്നു ഓഫീസിൽ നിന്നു ആവശ്യപ്പെട്ടു. അല്പം പരിഭ്രമത്തോടെ ആണെങ്കിലും ഞാൻ അതു ചെയ്തു. തുടർന്നു ഓവസീയർ കെ. സി. ജോൺസാറിന്റെ ടേമിന്റെ മദ്ധ്യം വരെ ഏകദേശം 13 വർഷം ഞാൻ ആ ചുമതല നിർവഹിച്ചു. പി. എ. വി. സാം സാർ 2000-ൽ ചുമതല ഒഴിയുമ്പോൾ
എന്നെ “ചീഫ് എഡിറ്റർ” ആയി നിയമിച്ചു. അതിനു മുമ്പും പിമ്പും മാസികയ്ക്കു എഡിറ്റർ സ്ഥാനമേയുള്ളൂ. ഈ 13 വർഷവും നിയമപരമായി അച്ചൻ തന്നെയായിരുന്നു ഔദ്യോഗിക രേഖകളിൽ എഡിറ്റർ. അദ്ദേഹത്തിനു വേണമെങ്കിൽ എനിക്കെതിരെ സംസാരിക്കാമായിരുന്നു, നിയമപരമായി നീങ്ങാമായിരുന്നു. (മറ്റു ചില സ്ഥാനങ്ങളിൽ നിന്നു അത്തരം ഭീഷണി ഉണ്ടായിട്ടുണ്ട്). പക്ഷേ, വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ കാനം അച്ചൻ എന്നെ വേദനിപ്പിച്ചില്ല, എന്നുമാത്രമല്ല 2011-ൽ (എന്നാണു എന്റെ ഓർമ്മ) അദ്ദേഹം കായംകുളത്തു കൺവെൻഷനിൽ പ്രസംഗിക്കാൻ വന്നപ്പോൾ “സാഹിത്യലോകത്ത് എൻ്റെ കുഞ്ഞനുജൻ ആയിരിക്കുന്ന പാസ്റ്റർ സണ്ണി പി. സാമുവൽ,” എന്നു എന്നെ പരിചയപ്പെടുത്തിയപ്പോൾ വാസ്തവത്തിൽ ഞാൻ തേങ്ങിപ്പോയി. അന്നു പിരിയുമ്പോൾ എന്റെ പിതാവിനെ അബുദാബിയിൽ വച്ചു കണ്ടതും പഴയകാര്യങ്ങൾ സംസാരിച്ചതും ഒക്കെ പറഞ്ഞിട്ടു അപ്പച്ചൻ ഇത്ര രൂപാ എനിക്കു ഗിഫ്റ്റായി തന്നു എന്നു കൃത്യമായി പറഞ്ഞു. എന്റെ അനുജൻ റോയി കൊടുത്തു വിട്ട സഹായം ആയിരുന്നത്.
സാമ്പത്തികവിഷയങ്ങളിൽ രഹസ്യങ്ങൾ ഇല്ലാത്ത ഭക്തനായിരുന്നു കാനം അച്ചൻ.
2018 ജൂലൈ 5-൹ ഞങ്ങൾ ഒരു വിവാഹത്തിൽ വച്ചു കണ്ടുമുട്ടി. പോകാൻനേരം “സണ്ണി പാസ്റ്ററേ, വെള്ളാപ്പള്ളിയിൽ ഒന്നു വരണമെന്ന ആഗ്രഹമുണ്ട്. ഞാൻ അങ്ങോട്ടു വരും,” എന്നു എന്നോടു പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിൻ്റെ ഒരു ഡേറ്റ് കിട്ടുവാനായി ശുശ്രൂഷകർ കാത്തുനിൽക്കുമ്പോൾ അദ്ദേഹം ഇങ്ങോട്ടു പറയുന്നു; ഞാൻ വരുമെന്ന്. ഞാൻ സന്തോഷം കൊണ്ടു തുള്ളിപ്പോയി. “അച്ചോ, അച്ചനു ഇഷ്ടമുള്ള സമയത്തു വരാം,” എന്നു ഞാൻ മറുപടി നല്കി. “എന്നാൽ അടുത്ത ഞായറാഴ്ച ഞാൻ അവിടെ ഉണ്ട്,” എന്നു അച്ചൻ മറുപടി തന്നു. അദ്ദേഹം 2018 ജൂലൈ എട്ടിന് വെള്ളാപ്പള്ളിയിൽ വന്നു. സഭായോഗത്തിൽ ഒരു മണിക്കൂർ ശുശ്രൂഷിച്ചു. വളരെ അനുഗ്രഹിക്കപ്പെട്ട വചനശുശ്രൂഷ.
അനന്തരം ഭക്ഷണവേളയിൽ ഞങ്ങൾ പല കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ കുമ്പനാട് -മുളക്കുഴ ഭിന്നത സംസാരവിഷയമായി.
“അച്ചോ, നമ്മൾ ഇരുചേരിയിൽ ആയിരുന്നിട്ടും വ്യക്തിബന്ധം ചോരാതെ, സ്നേഹത്തിനു ഭംഗം വരാതെ സൂക്ഷിക്കാൻ കഴിഞ്ഞല്ലോ എന്നു പറഞ്ഞപ്പോൾ, “അതു അങ്ങുവരെ അങ്ങനെ തന്നെ ആയിരിക്കും സണ്ണിപാസ്റ്ററെ," എന്നു അച്ചൻ പറഞ്ഞു. അതു അങ്ങനെതന്നെയായിരുന്നു. അതായിരുന്നു കാനം അച്ചൻ.
മുപ്പത്തിനാലാം വയസ്സിൽ പട്ടത്വമതത്തോടും പൗരോഹിത്യതന്ത്രത്തോടും
വിടപറഞ്ഞു സുവിശേഷകൻ ആയിത്തീർന്ന ആ മഹാആത്മീയവിപ്ലവകാരിയുടെ ജീവിതം അനേകരുടെ ജീവിതത്തിൽ വിപ്ലവകരമായ പരിവർത്തനം കൊണ്ടുവന്നു.
നേവിയിൽ ചേരാനുള്ള ഇന്റർവ്യൂ കഴിഞ്ഞു വീട്ടിലേക്കു പോകുവാൻ ബസ്സ് കാത്തു നിന്നിരുന്ന ഇവാൻജെലിക്കൽ സഭാവിശ്വാസിയായിരുന്ന യുവാവിനെ പരിചയപ്പെട്ടു 'കർത്താവിന്റെ സൈന്യത്തിൽ ചേർക്കാം'
എന്നുപറഞ്ഞു വിളിച്ചുകൊണ്ടുപോയി മുളക്കുഴയിൽ ചേർത്തു പഠിപ്പിച്ചു ഒരു നല്ല പാസ്റ്റർ ആക്കി. ആ പാസ്റ്റർ ആയിരുന്നു പില്കാലത്തു ചർച്ച് ഒഫ് ഗോഡിന്റെ ഓവർസിയറായിത്തീർന്ന
പാസ്റ്റർ പി.ജെ. ജയിംസ്.
ഉപദേശവിഷയങ്ങളിലെ ഒത്തുതീർപ്പു ഇല്ലായ്മ ( No Compromise) എന്നതിനു സൗമ്യതയുടെയും ലാളിത്യത്തിന്റെയും മുഖമാണെന്നു തെളിയിച്ച കാവലാൾ. അദ്ദേഹം ഒരു പ്രസ്ഥാനത്തിന്റെ മാത്രം ആൾ അല്ലായിരുന്നു, പെന്തക്കോസ്തിന്റെ അമൂല്യപൊതുസ്വത്തായിരുന്നു.
"കാനത്തിൽ അച്ചനും കൂട്ടരും എങ്ങോട്ട്? എന്നു
ഒരിക്കൽ അദ്ദേഹത്തെ നോക്കി ചോദിച്ചു" എങ്കിൽ അതിനു മറുപടി അദ്ദേഹം ജീവിതത്തിലൂടെ തെളിയിച്ചു. കാനത്തിൽ അച്ചനും കൂട്ടരും ക്രിസ്തുവിലൂടെ നിത്യജീവനിലേക്ക്!
Advertisement
Advertisement