രാജസ്ഥാനിൽ ഘർവാപ്പാസി: ക്രിസ്തീയ ദേവാലയം ക്ഷേത്രം ആക്കി

വാർത്ത: മോൻസി മാമൻ തിരുവനന്തപുരം
ജയ്പൂർ: രാജസ്ഥാനിലെ ബൻസ്വര ജില്ലയിലെ ഗ്രാമത്തിലെ ക്രിസ്തീയ ദേവാലയം ക്ഷേത്രമാക്കി ഹിന്ദു സംഘടന.
ഗ്രാമത്തിലെ നിരവധി കുടുംബങ്ങൾ സ്വമേധയാ ഹിന്ദുമതത്തിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് ആരാധനാലയത്തെ ക്ഷേത്രം ആക്കി മാറ്റിയത്.
ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായി മാറിയ മുൻ പള്ളി പുരോഹിതൻ ഗൗതം ഗരാസിയ വർഷങ്ങൾക്ക് മുമ്പ് ക്രിസ്തുമതം സ്വീകരിച്ച് ഗംഗാദ്‌തലൈ പ്രദേശത്തെ സോഡ്‌ല ഗുഡ ഗ്രാമത്തിൽ ക്രിസ്തീയ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഏകദേശം ഒന്നര വർഷം മുമ്പ്, അദ്ദേഹം തന്റെ സ്വകാര്യ ഭൂമിയിൽ പള്ളി പണിയുകയും ചെയ്തു.
ഇന്ന്, അദ്ദേഹം വീണ്ടും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനാൽ അദ്ദേഹത്തിന്റെ സ്വകാര്യ ഭൂമിയിലെ ചർച്ച് ക്ഷേത്രമാക്കി മാറ്റാൻ മുൻ കൈ എടുക്കുകയായിരുന്നു എന്ന് ബാൻസ്വര പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ മിക്ക കുടുംബങ്ങളും ക്രിസ്തുമത വിശ്വാസികൾ ആയിരുന്നു. എന്നാൽ അവരെ ഘർ വാപ്പസിയിലൂടെ ഹിന്ദുമതത്തിലേക്ക് മടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയ ഗ്രാമവാസികൾ ചർച്ചിനെ ഭൈരവ ക്ഷേത്രമാക്കി മാറ്റാൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് പോലിസ് പറഞ്ഞു. ചർച്ചിന് കാവി നിറം നൽകുകയും കുരിശിന്റെ ചിഹ്നം നീക്കം ചെയ്യുകയും ചെയ്തു. ചുവരുകളിൽ ഹിന്ദു മതചിഹ്നങ്ങളും പതിപ്പിച്ചു.
ഗ്രാമത്തിൽ സുരക്ഷ ഉറപ്പാക്കാനായി പ്രദേശത്ത് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇനി മുതൽ ഞായറാഴ്ച പ്രാർത്ഥനകൾക്ക് പകരം എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഹിന്ദു മതാചാര പ്രകാരമുള്ള പൂജകൾ ഉണ്ടായിരിക്കുമെന്ന് ഗൗതം ഗരാസിയ മാധ്യമങ്ങളോട് പറഞ്ഞു.