സമർത്ഥരെ വേണ്ട, വിശ്വസ്തരെ മതി 

സമർത്ഥരെ വേണ്ട,  വിശ്വസ്തരെ മതി 

റവ.ജോർജ് മാത്യു പുതുപ്പള്ളി

ഒരു വലിയ ഹോട്ടലിന്റെ മുന്നിൽ 'ജോലിക്കാരെ ആവശ്യമുണ്ട്' എന്ന് എഴുതി വച്ചിരുന്നു. ഈ പരസ്യം കണ്ട ഒരു യുവാവ് തന്റെ വിധവയായ മാതാവിനെ സഹായിക്കുന്നതിനായി ജോലി ചെയ്യാൻ ആഗ്രഹിച്ചു. അവൻ ആ ഹോട്ടലിന്റെ ഉള്ളിലേക്കു കടന്നു. ഹോട്ടൽ വളരെ വൃത്തിയായി അലങ്കരിച്ചിരുന്നു. എന്നാൽ അതിനുള്ളിൽ മദ്യത്തിന്റെ രൂക്ഷഗന്ധം വ്യാപിച്ചിരുന്നു. യുവാവ് ഹോട്ടൽ ഉടമയോട് തനിക്ക് ഒരു ജോലി ആവശ്യമാണെന്നും അത് ഏതു പ്രകാരമുള്ള ജോലിയാണെന്നും ആരാഞ്ഞു. ഹോട്ടൽ ഉടമ പറഞ്ഞു : 'ഈ ഹോട്ടലിൽ വരുന്നവരുടെ കുതിരയെ നോക്കുകയും ചിലപ്പോൾ ഹോട്ടലിൽ വരുന്നവർക്ക് മദ്യം പകർന്നുകൊടുക്കുകയും വേണം.' ഇതു കേട്ട യുവാവ് 'ഈ ജോലി ഏറ്റെടുക്കണമോ എന്ന് ഞാനല്പം ആലോചിക്കട്ടെ' എന്നു പറഞ്ഞു മടങ്ങിപ്പോയി.

അൽപം കഴിഞ്ഞ് ആ യുവാവ് വന്ന് ഹോട്ടൽ ഉടമയോടു പറഞ്ഞു : 'ഒന്നാമതായി, ഞാൻ ഈ ജോലി ചെയ്യുന്നത് ദൈവം ഇഷ്ടപ്പെടുകയില്ല, രണ്ടാമതായി, ഞാൻ ഈ ജോലി ചെയ്താൽ എന്റെ അമ്മയുടെ മനസ് വേദനിക്കും, മൂന്നാമതായി, എന്റെ മനസിൽ ഈ ജോലി എനിക്ക് യോഗ്യമായി തോന്നുന്നില്ല' എന്നു പറഞ്ഞു. യുവാവിന്റെ ഈ വാക്കുകൾ കേട്ട വേറൊരാൾ യുവാവിനെ വിളിച്ച് അദ്ദേഹത്തിന്റെ കാറിൽ കയറ്റി അദ്ദേഹത്തിന്റെ ഓഫിസിൽ കൊണ്ടുപോയി. 'നിങ്ങളെപ്പോലെ ഒരാളെയാണ് എന്റെ ഓഫീസിൽ ജോലിക്ക് ആവശ്യമായിട്ടുള്ളത്' എന്നു പറഞ്ഞ് യുവാവിനെ അദ്ദേഹത്തിന്റെ ഓഫീസിൽ മാനേജരായി നിയമിച്ചു.

ദൈവത്തോടും മനുഷ്യരോടും തന്നോടു തന്നെയും നല്ല മന:സാക്ഷി പുലർത്തുന്നവരെയാണ് ദൈവത്തിന് ആവശ്യമുള്ളത്. നമുക്ക് ദൈവത്തോടുള്ള ബന്ധമാണ് മനുഷ്യരോടുള്ള ബന്ധത്തിനും നമ്മോടു തന്നെയുള്ള ബന്ധത്തിനും നമ്മെ പ്രേരിപ്പിക്കുന്നത്. ദൈവത്തോടു ബന്ധമുണ്ടെന്നു പറയുകയും മറ്റു രണ്ടു ബന്ധങ്ങൾ ഇല്ലാതെ വരികയും ചെയ്താൽ ദൈവത്തോടുള്ള ബന്ധം വെറും വാക്കുകളിൽമാത്രം തങ്ങിനിൽക്കുന്ന ഒന്നായിത്തീരും. നമ്മുടെ മന:സാക്ഷിയോടുള്ള ബന്ധം അഭംഗുരം തുടരുന്നതിന് ദൈവത്തോടുള്ള ബന്ധം അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ മന:സാക്ഷിയോടുള്ള നമ്മുടെ ബന്ധം സുദൃഢമായിത്തീരുകയില്ല. നമുക്ക് മറ്റുള്ളവരോടും നമ്മോടുമുള്ള ബന്ധം വിശുദ്ധമായി തീരണമെങ്കിൽ ദൈവത്തോടുള്ള നമ്മുടെ ബന്ധം സുദൃഢമായിരിക്കണം.

ചിന്തക്ക് : 'യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും ? നിന്റെ വിശുദ്ധ പർവതത്തിൽ ആർ വസിക്കും ? നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവം സത്യം സംസാരിക്കയും ചെയ്യുന്നവൻ. നാവുകൊണ്ടു ദൂഷണം പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ. വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ. സത്യംചെയ്തിട്ടു ചേതംവന്നാലും മാറാത്തവൻ. തന്റെ പണം പലിശയ്ക്കു കൊടുക്കാതെയും നിർദ്ദോഷിക്കു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ. ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല'

(സങ്കീർത്തനങ്ങൾ 15 : 1...5)