ആഴക്കടലിൽ വലയിറക്കാം
റവ. ജോർജ് മാത്യു പുതുപ്പള്ളി
'ആഴത്തിലേക്കു വലയിറക്കുവിൻ' എന്നാണ് നമ്മുടെ കർത്താവിന്റെ കൽപന. ആത്മീകമോ ലൗകികമോ ആയ ഏതൊരാവശ്യത്തിന്റെയും മുമ്പിൽ തന്റെ മക്കളോട് യേശുകർത്താവിന് ഇന്നും നൽകുവാനുള്ള ഉപദേശവും അതുതന്നെയാണ്. മത്സ്യങ്ങൾ ഏറെ കാണപ്പെടുന്നത് സാധാരണയായി ഏറിയ ആഴങ്ങളിലാണ്. ആഴം എന്നുള്ളതോ പടക് എത്രമാത്രം കരയിൽ നിന്നും മാറ്റപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കരയിൽ നിന്നു പടക് നീക്കുവാൻ നാം ധൈര്യം കാണിക്കുന്നില്ല എങ്കിൽ ആഴക്കടലിലെ വൻ സാദ്ധ്യതകളെ പ്രാപിക്കുവാൻ നമുക്കു കഴിയുകയില്ല.
ഇംഗ്ളീഷിൽ വളരെ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. 'You cannot discover new oceans unless you have the courage to lose the sight of the shore' (കരയുടെ കാഴ്ച നഷ്ടപ്പെടുത്താൻ നിങ്ങൾക്ക് ധൈര്യമില്ലെങ്കിൽ പുതിയ സമുദ്രങ്ങൾ കണ്ടെത്താൻ നിങ്ങൾക്കു സാദ്ധ്യമല്ല). പുതിയ ആത്മീയാനുഗ്രഹങ്ങൾ, പുതിയ അറിവുകൾ, പുതിയ സാദ്ധ്യതകൾ എന്നിവ നാം കൈവരിക്കണമോ അതിനായി നാം തീരം വിട്ട് ആഴത്തിലേക്ക് ഇറങ്ങേണ്ടതുണ്ട്. ദൈവവചനത്തിന്റെ അഗാധതയിലേക്ക് നാം ഇറങ്ങിച്ചെല്ലുമ്പോൾ മാത്രമേ വചനഭാഗങ്ങളുടെ നിഗൂഢമായ അർത്ഥവ്യാപ്തി നമുക്കു തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. പാപികളും വ്യർത്ഥ പാരമ്പര്യത്തിൽ ജീവിച്ചിരുന്നവരുമായിരുന്ന നമ്മെ പിതാവുമായി നിരപ്പിക്കേണ്ടതിന് താൻ അനുഭവിച്ച മഹാകഷ്ടങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ കഴിയുന്നവർക്കു മാത്രമേ യേശുകർത്താവിന്റെ ശുദ്ധീകരിക്കുന്ന പുണ്യാഹരക്തത്തിന്റെ സർവശക്തി അനുഭവിച്ചറിയുവാൻ സാധിക്കുകയുള്ളൂ.
ദൈവവിശ്വാസത്തിന്റെ അനന്തതയിലേക്കു സഞ്ചരിക്കുമ്പോൾ മാത്രമേ അത് ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമായി പരിണമിക്കുകയുള്ളൂ. ആഴങ്ങളിലേക്കു നാം ഇറങ്ങിച്ചെല്ലുമ്പോൾ മാത്രമേ ദൈവിക സാന്നിദ്ധ്യത്തിന്റെ മഹത്വവും ദൈവിക സമാധാനവും ആശ്വാസവും പ്രാപിക്കുവാനും, അവനിലല്ലോ നാം ഇരിക്കുകയും ചരിക്കുകയും ചെയ്യുന്നതെന്ന് അനുഭവിച്ചറിയുവാനും കഴിയുകയുള്ളൂ.
ആഴക്കടലിലേക്ക് ഇറങ്ങണമെങ്കിൽ കരയെ വിടുവാനുള്ള ധൈര്യം നമുക്കുണ്ടാകണം. ഈ ധൈര്യം വിശ്വാസത്താൽ മാത്രം ഉളവാകുന്ന ധൈര്യമാണ്. യേശുകർത്താവിന്റെ വാക്കിന് നാം വലയിറക്കുന്നു എങ്കിൽ ഒരിക്കലും അത് നമ്മുടെ നാശത്തിനോ നഷ്ടത്തിനോ ആയിരിക്കുകയില്ല. പിന്നെയോ നമ്മുടെ അനുഗ്രഹത്തിനും ഐശ്വര്യത്തിനും അത് കാരണമായിത്തീരുകയും ചെയ്യും.
ചിന്തക്ക് : 'സംസാരിച്ചു തീർന്നപ്പോൾ അവൻ ശീമോനോട് : ആഴത്തിലേക്കു നീക്കി മീൻപിടുത്തത്തിനു വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിനു ശീമോൻ : നാഥാ, ഞങ്ങൾ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല, എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിക്കുവാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടക് രണ്ടും മുങ്ങുവാറാകുവോളം നിറച്ചു' (ലൂക്കൊസ് 5 : 4...7).

