കാലിനു ദീപവും പാതയ്ക്കു പ്രകാശവും

കാലിനു ദീപവും പാതയ്ക്കു പ്രകാശവും

റവ.ജോർജ് മാത്യു പുതുപ്പള്ളി

നേവിയുടെ ഒരു യുദ്ധക്കപ്പൽ പുറംകടലിൽ അഭ്യാസപ്രകടനങ്ങൾ കഴിഞ്ഞു തുറമുഖത്തേയ്ക്കു വരികയായിരുന്നു. നിലാവുണ്ടായിരുന്ന ആ രാത്രിയിൽ എതിരെ മറ്റൊരു വെളിച്ചം കണ്ട കപ്പിത്താൻ 20 ഡിഗ്രി മാറിപ്പോകുവാൻ എതിരെ വന്ന കപ്പലിന് നിർദേശം നൽകി. 'ഞങ്ങളല്ല, നിങ്ങളാണ് മാറിപ്പോകേണ്ടത്' എന്നുള്ള മറുപടിയാണ് കപ്പിത്താനു ലഭിച്ചത്. അതു കേട്ടപ്പോൾ നേവി ക്യാപ്റ്റന് ദേഷ്യം വന്നു. കപ്പിത്താൻ പറഞ്ഞു : 'എന്തൊരു ധിക്കാരമാണു നിങ്ങൾക്ക്. ഞങ്ങൾ ആരെന്ന് അറിയാമോ ? നേവിയുടെ യുദ്ധക്കപ്പലാണ്. മാറിപ്പോയില്ലെങ്കിൽ വെടിവയ്ക്കും.' 'അപ്പോൾ കപ്പിത്താനു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു : 'ക്ഷമിക്കണം, വെടിവച്ചിട്ട്‌ കാര്യമില്ല. 20 ഡിഗ്രി മാറിപ്പോകേണ്ടത് നിങ്ങളാണ്. ഞങ്ങൾ ലൈറ്റ് ഹൗസാണ്, കപ്പലല്ല.' ആ മറുപടി നേവിയുടെ കപ്പിത്താനെ ഒരു വലിയ ദുരന്തത്തിൽനിന്നു രക്ഷിച്ചു.

ലോകമാകുന്ന മഹാസമുദ്രത്തിൽ മനോഹര തുറമുഖം ലക്ഷ്യമാക്കി യാത്രചെയ്യുന്ന കപ്പലാണ് മനുഷ്യജീവിതം. കാലിനു ദീപവും പാതയ്ക്കു പ്രകാശവുമായ ദൈവവചനമാണ്‌ ലൈറ്റ് ഹൗസ്. മാറ്റങ്ങൾക്കു വിധേയരാകേണ്ടത് യാത്രികരായ ദൈവജനമാണ്. ദൈവം വ്യവസ്ഥകളുടെ ദൈവമാണ്. ആകാശവും ഭൂമിയും മാറിയാലും ദൊവവചനത്തിനു മാറ്റമില്ല. വ്യവസ്ഥകൾ പാലിക്കപ്പെടുന്നിടത്ത് അനുഗ്രഹത്തിന്റെ കവിഞ്ഞൊഴുക്കുണ്ടാകുന്നു.

ദൈവത്തിന്റെ വ്യവസ്ഥകളുടെ മുമ്പിൽ അബ്രഹാമിന്റെ അവസ്ഥ വഴിമാറി. അവിടെയാണ് ഐശ്വര്യമായ അനുഗ്രഹം വെളിപ്പെട്ടത്. അവസ്ഥയും വ്യവസ്ഥയും തമ്മിലുള്ള ഏറ്റുമുട്ടലാണ് മനുഷ്യജീവിതം. 'ഇത്രയ്ക്കോ നിലം വിറ്റത് ?' എന്ന് പത്രൊസ് ചോദിച്ചപ്പോൾ 'അല്ല, ഞങ്ങൾ കൃത്രിമം കാണിച്ചുപോയി, ക്ഷമിക്കണം' എന്നു പറഞ്ഞ് വ്യവസ്ഥ സമ്മതിച്ചിയുന്നെങ്കിൽ അനന്യാസ്--സഫീറ ദമ്പതികൾക്ക് മരണശിക്ഷയിൽനിന്നും ഒഴിഞ്ഞു മാറാൻ കഴിയുമായിരുന്നു.

അധാർമികതയും അരാജകത്വവും അളവിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും മുൻകാലങ്ങളെക്കാൾ ആദ്ധ്യാത്മികമേഖലയിൽ മാറ്റങ്ങൾ വളരെ ശക്തമാണ്. അതേ, മാറിപ്പോകേണ്ടത് കപ്പലാണ്, ലൈറ്റ് ഹൗസല്ല. വ്യവസ്ഥാപിത ജീവിതത്തിനാണ് പ്രാധാന്യം. അതിനായി നമുക്ക് ഉണർന്നു പ്രവർത്തിക്കാം.

അവസ്ഥയിലല്ല, വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ദൈവമാണ് നമുക്കുള്ളത്. 'നിങ്ങൾ എന്റെ കല്പനകളെ പ്രമാണിക്കുമെങ്കിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും' എന്നതാണ് ദൈവികപ്രമാണം. പ്രമാണം, അനുസരിക്കുന്ന ഏവനെയും രക്ഷയിലേക്കു കൊണ്ടുവരും. വ്യവസ്ഥാനുസരണമായ ഒരു ജീവിതമാണ് ഓരോ ദൈവപൈതലിനെയും സംബന്ധിച്ച് ദൈവം ആഗ്രഹിക്കുന്നത്. ആകയാൽ ദൈവത്തിന്റെ വ്യവസ്ഥകൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട് നമുക്ക് ആത്മീയയാത്ര തുടരാം.

ചിന്തക്ക് : 'ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിൽക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക. തന്റെ മുമ്പിൽ വച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തു ഭാഗത്ത് ഇരിക്കയും ചെയ്തു' (എബ്രായർ 12 : 1 & 2).