നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം

റവ. ജോർജ് മാത്യു പുതുപ്പള്ളി
ലോകത്തെ സുവിശേഷീകരിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും ഒരു ക്രിസ്ത്യാനിക്കും ഒഴിഞ്ഞു നിൽക്കുവാൻ സാദ്ധ്യമല്ല. ലോകം ഒട്ടാകെ സുവിശേഷീകരിക്കുവാനും സുവിശേഷകരെ എല്ലാ സ്ഥലംഗളിലേക്കും അയക്കുവാനുമുള്ള ഒരു വലിയ ചുമതല ക്രൈസ്തവസഭകൾക്കുണ്ട്. ആത്മാർത്ഥമായി യത്നിച്ചിരുന്നുവെങ്കിൽ യെരുശലേമിൽ തുടങ്ങിയ സുവിശേഷഘോഷണം ഇന്നു ലോകം മുഴുവൻ വ്യാപിക്കുമായിരുന്നു. അപ്പൊസ്തലന്മാർ ഒരു പ്രാദേശികസഭയല്ല സ്ഥാപിച്ചത്. പെന്തെക്കൊസ്ത് നാളിൽ അവർക്കുണ്ടായ ദർശനവും അഭിഷേകവും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും സുവിശേഷം എത്തിക്കുവാൻ അവരെ നിർബന്ധിച്ചു.
പ്രശ്നമായിത്തീർന്ന ഒരു സഭയ്ക്ക് യാതൊരു ആത്മീയ ജീവനോ നന്മയ്ക്കടുത്ത സ്വാധീനമോ ഇല്ല. ദർശനമുള്ള സഭ സ്വാധീനമുള്ളതും ക്രിസ്തുവിൽ കേന്ദ്രീകൃതമായതും സുവിശേഷത്തോട് വിശ്വസ്തത പുലർത്തുന്നതുമായിരിക്കും. അത് ദൈവത്തിൽ നിന്നുള്ള അഭിഷേകത്തെ സംബന്ധിച്ച് അതീവ ശ്രദ്ധയുള്ളതായിരിക്കും. പരിശുദ്ധാത്മാവാണ് സഭയ്ക്ക് ഈ ദർശനം നൽകുന്നത്. യേശുകർത്താവ് ശിഷ്യന്മാരുടെ ബുദ്ധിയെ തുറന്നപ്പോഴാണ് അവർക്ക് ദർശനം ലഭിച്ചത്. കർത്താവ് അവർക്ക് തിരുവെഴുത്ത് ഗ്രഹിക്കുവാനുള്ള കഴിവ് നൽകിയപ്പോൾ അവരുടെ മന്ദതയിൽനിന്നും അവർ ഉണർന്നു.
ക്രൈസ്തവ സഭയുടെ ഉത്തരവാദിത്തം ഇന്ന് ശരിയായി ഗ്രഹിച്ചിട്ടുള്ളവർ നമ്മുടെ ഇടയിൽ തുലോം വിരളം ! ഭാരതത്തിലെ ജനസംഖ്യയിൽ ഒരു ചെറിയ ശതമാനം മാത്രമേ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിട്ടുള്ളൂ. ലോകജനസംഖ്യയിൽ ആ ഭാഗ്യം കരസ്ഥമാക്കിയവരും ഒരു ന്യൂനപക്ഷം മാത്രം. നഷ്ടപ്പെട്ടു പോകുന്ന ആത്മാക്കളെപ്പറ്റി സഹതാപവും കരുതലും ഹൃദയത്തിന്റെ ഉള്ളിൽനിന്നും ഉണ്ടാകുന്നതുവരെ ആ സ്വപ്നവും പൂവണിയുകയില്ല. സുവിശേഷീകരണത്തിനായുള്ള ദർശനത്തിനുള്ള മങ്ങൽ സംഭവിച്ചതുകൊണ്ടാണ് ക്രിസ്തീയ സഭകൾ പലതും ഇന്നും ഉന്മേഷരഹിതരായി കഴിയുന്നത്.
സുവിശേഷം ഒരിക്കൽപ്പോലും കേട്ടിട്ടില്ലാത്ത അനേക കോടി ജനങ്ങൾ ഭാരതത്തിലുണ്ട്. ക്രൈസ്തവരാജ്യങ്ങളെന്ന് അഭിമാനിക്കുന്ന പാശ്ചാത്യ നാടുകളിലും നാമധേയ ക്രൈസ്തവരുടെ എണ്ണം ഓരോ ദിവസവും പെരുകിക്കൊണ്ടിരിക്കുന്നു. ഒട്ടനവധി പേർ ആരാധനാസമയത്ത് ഉല്ലാസയാത്രകൾക്കും വിനോദങ്ങൾക്കുമായി സമയം ചെലവഴിക്കുന്നു. നമ്മുടെ അവസ്ഥ എപ്രകാരമെന്ന് ആത്മശോധന നടത്തുന്നത് നല്ലതായിരിക്കും. പ്രിയമുള്ളവരേ, നമ്മുടെ കർത്താവിന്റെ മടങ്ങിവരവിനുമുമ്പ് ഭാരതവും, ലോകരാജ്യങ്ങളും സുവിശേഷത്തിനു പൂർണ്ണമായി കീഴടങ്ങുവാൻ നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
ചിന്തക്ക് : 'കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും' എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും ? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും ? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും ? ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും.' 'നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം' എന്ന് എഴുതിയിരിക്കുന്നുവല്ലോ ?' (റോമർ 10 : 13...15)
Advertisement