പാടുന്ന പക്ഷികളും ഇലകള്‍ കൊഴിയാത്ത മരങ്ങളും

പാടുന്ന പക്ഷികളും ഇലകള്‍ കൊഴിയാത്ത മരങ്ങളും

പാസ്റ്റർ മനു ഫിലിപ്പ് ഫ്ലോറിഡ

കെച്ചിക്കന്‍ ലോകപ്രശസ്ത മത്സ്യബന്ധന നഗരമാണ്. നോക്കെത്താ ദൂരത്തോളം സൈപ്രസ്, പൈന്‍, ഉംബെര്‍ലി മരങ്ങളും കാണാം ശൈത്യകാലത്തും ഇതിന്‍റെ ഇലകള്‍ കൊഴിയാറില്ല. ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്നു ജനാലയ്ക്കപ്പുറത്തെ മനോഹര ദൃശ്യങ്ങള്‍ ആസ്വദിച്ചു തുടങ്ങുമ്പോഴയേക്കു അത് പോയിമറയുന്നു. പെട്ടെന്ന് എന്‍റെ മനസ്സില്‍ വന്ന ഒരു സന്ദേശമുണ്ട്, എല്ലാം പെട്ടെന്ന് പോയി മറയുന്നതാണെന്ന്. പ്രകൃതിയൊരു മനോഹരമായ പ്രതിഭാസം തന്നെ. കുറ്റിക്കാടുകളും, വള്ളികളും അവയില്‍ തൂങ്ങിയാടുന്ന വര്‍ണ്ണപുഷ്പങ്ങളും സൂര്യകിരണങ്ങള്‍ തട്ടി വര്‍ണ്ണാഭമായി. ആകാശത്തില്‍ വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍ കാനന ഭംഗിയെ തേജസ്സുറ്റതാക്കുന്നു. ടൂര്‍ ഗൈഡ് ഒരു ബാള്‍ഡ് ഈഗിളിന്‍റെ വളരെ ഉയരത്തിലുള്ള മരത്തിലെ കൂടു ചൂണ്ടിക്കാട്ടുകയുണ്ടായി. തള്ളക്കഴുകന്‍റെ ഭാരം ഏകദേശം 1,000 പൗണ്ടിലേറെയാണെന്ന് പറഞ്ഞു. കെച്ചിക്കന്‍ ക്രീക്ക് വെള്ളച്ചാട്ട ത്തിലേക്കു ആയിരക്കണക്കിന് മത്സ്യങ്ങള്‍ അരുവിയിലേക്ക് ഒഴുകി വരുന്ന ഒരു അത്ഭുതകരമായ കാഴ്ചയാണെന്നു പറഞ്ഞു. ഈ ക്രീക്കില്‍ എന്താണ് അവരെ ചാടുന്നതിനു പ്രേരിപ്പിക്കുന്നതെന്ന് ചോദിച്ചാല്‍ അത് വിസ്മയിപ്പിക്കുന്ന ഒന്നാണ്. അലാസ്കയിലെ കെച്ചിക്കന്‍ ക്രീക്ക് 15,000 വര്‍ഷങ്ങളായി സാല്‍മണ്‍ മുട്ടയിടുന്ന ഒരു അരുവിയായിരുന്നു, സാല്‍മണ്‍ മത്സ്യങ്ങള്‍ക്ക് ക്രീക്ക് പ്രധാനമാണ്, കാരണം 2-6 വയസ്സിനിടയില്‍ പക്വത പ്രാപിച്ച് സൈക്കിള്‍ ആരംഭിക്കുന്നത് അവിടെയാണ്. സാല്‍മണുകളുടെ ആന്തരിക ഘടികാരങ്ങള്‍ എല്ലാ വര്‍ഷവും ഒരേ സമയം, സാധാരണയായി ജൂലൈ പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെ അവയെ കെച്ചിക്കാനിലേക്ക് തിരികെ കൊണ്ടു വരുന്നു. ഈ സമയത്ത്, സാല്‍മണ്‍ റണ്‍ എന്നറിയപ്പെടുന്നു, ആയിരക്കണക്കിന് മത്സ്യങ്ങള്‍ തോട്ടിലൂടെ മുകളിലേക്ക് നീന്തുന്നത് കാണാം. കെച്ചിക്കന്‍ ലോകത്തിന്‍റെ 'സാല്‍മണ്‍ തലസ്ഥാനം' എന്നറിയ പ്പെടുന്നു. സാല്‍മണ്‍ 'മത്സ്യഗോവണിയില്‍ കയറാന്‍' ശ്രമിക്കുന്നത് ഒരു കാഴ്ചയാണ്! ഇത് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നത്, സാല്‍മണ്‍ വെള്ളത്തില്‍ നിന്ന് ചാടി നീന്തുന്നത് തുടരാന്‍ ശ്രമിക്കുന്നു എന്നതാണ്.

ഓരോ കി.ഗ്രാം ശരീരഭാരത്തിലും സാല്‍മണ്‍ 1500 മുട്ടകളോ അതില്‍ കൂടുതലോ ഇടും. ഊര്‍ജസ്വലമായി ആടിയുലയുന്ന ഭ്രൂണം മുട്ടയുടെ ശ്ലേഷ്മപാളി പൊട്ടിക്കുന്നു. ഭ്രൂണത്തിന് മുട്ടയുടെ ഭിത്തിയിലൂടെ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരുമ്പോള്‍, അത് ആവരണത്തെ ദുര്‍ബലമാക്കുന്ന ഒരു എന്‍സൈം പുറപ്പെടുവിക്കുന്നു. ഭ്രൂണം പിന്നീട് മെംബറേന്‍ തകര്‍ത്ത് പുറത്തേക്ക് നീങ്ങുന്നു. 

കടല്‍ത്തീരത്തു സൂര്യന്‍ ആഗ്നേയരശമികള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു. മേഘക്കീറുകള്‍ക്കിടയില്‍ അല്പനേരം വിശ്രമത്തിനായി പോയ സൂര്യന്‍ അല്പനേരത്തെ മങ്ങലിനു ശേഷം കൂടുതല്‍ കത്തിജ്വലിച്ചു നിന്നു. സൂര്യന്‍റെ പ്രകാശം ഒന്ന് മങ്ങി, വിട വാങ്ങുന്ന പകലിനു സന്ധ്യ സര്‍വ്വ മംഗളങ്ങളും നേര്‍ന്നു. പശ്ചിമ ചക്രവാളത്തില്‍ അസ്തമയത്തിന്‍റെ വര്‍ണ്ണശോഭ. മലമുകളിലും വൃക്ഷത്തലപ്പുകളിലും കനകം പൂശുന്ന സായംസന്ധ്യ. സന്ധ്യയുടെ അന്തിമ കിരണം അമ്പരവീഥിയില്‍ വിടവാങ്ങും മുന്‍പേ ഞങ്ങള്‍ക്കു കപ്പലില്‍ തിരിച്ചെത്തണമായിരുന്നു. ചോര വാര്‍ന്ന് തീര്‍ന്ന പടിഞ്ഞാറന്‍ മാനത്തിനെ രാത്രി കറുത്ത ശവക്കച്ചയിട്ടു മൂടാന്‍ തുടങ്ങുന്നു. ഏകദേശം വൈകുന്നേരം 5.30നു കപ്പല്‍ ജൂനോ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. പ്രഭാത രശമികള്‍ തഴുകുന്ന പസിഫിക് ഓഷ്യന്‍റെ തീരം ചേര്‍ന്നായിരുന്നു ഞങ്ങളുടെ യാത്ര. കരയില്‍ നിന്നു അകലുമ്പോള്‍ അങ്ങിങ്ങായി പൊന്തി നില്‍ക്കുന്ന മലകള്‍ പൊട്ടുപോലെ തോന്നുമായിരുന്നു.

കപ്പലിന്‍റെ പിന്നില്‍ അതിന്‍റെ യന്ത്രം പിന്തള്ളുന്ന ജലം തിളച്ചുമറിയുന്ന ഒരു പാത സൃഷ്ടിച്ചുകൊണ്ട് ആഴക്കടലിലേക്കു പ്രവേശിക്കുമ്പോള്‍ തിരകളുടെ ശക്തി വര്‍ധിച്ചുകൊണ്ടിരുന്നു.

നാലാം ദിവസം കപ്പല്‍ ജുനോയില്‍ രാവിലെ 11.30ന് അടുത്തു. ജുനോ അലാസ്കയുടെ തലസ്ഥാനമാണ്, കൂടാതെ സംസ്ഥാനങ്ങളിലെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്. മെന്‍ഡന്‍ഹാള്‍ ഗ്ലേസിയര്‍ അഡ്വഞ്ചര്‍ ജുനോ നഗരത്തിന്‍റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ജുനോ ഐസ്ഫീല്‍ഡിലെ മഞ്ഞുവീഴ്ച പലപ്പോഴും 100 അടി കവിയുന്നു, ഇത് ഹിമപാതത്തിന് മികച്ച സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ജുനോ ഐസ്ഫീല്‍ഡില്‍ നിന്ന് ഒഴുകുന്ന 38 ഹിമാനികളിലൊന്നാണ് മെന്‍ഡന്‍ഹാള്‍ ഗ്ലേസിയര്‍. ഹിമാനികള്‍ നിശ്ചലമായി കാണപ്പെടുന്നുവെങ്കിലും അത് എപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്നു, അത് പോകുമ്പോള്‍ ഭൂപ്രകൃതി രൂപപ്പെടുത്തുന്നു. ചലനം വളരെ വളരെ മന്ദഗതിയിലാണെങ്കിലും, ഹിമാനികള്‍ എപ്പോഴും ചലിക്കുകയും നദിപോലെ താഴേക്ക് ഒഴുകുകയും ചെയ്യുന്നു. ഈ ചെറിയ ഗ്രാമം വെറും ആറ് ചതുരശ്ര ബ്ലോക്കുകളില്‍ വ്യാപിച്ചുകിടക്കുന്നു. ജുനോ ഐസ്ഫീല്‍ഡ്, ഹിമാനികള്‍, പക്ഷികളുടെ കുടിയേറ്റം, നിരവധി പാട്ടു പാടുന്ന പക്ഷികളെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ഫോറസ്റ്റ് ഉദ്യോസ്ഗസ്ഥര്‍ വിവരിച്ചു തരും. ആര്‍ട്ടിക് ടെണ്‍ നെസ്റ്റിംഗ് കോളനി മറ്റൊരു ആകര്‍ഷണമാണ്. മെന്‍ഡന്‍ഹാള്‍ ഗ്ലേസിയര്‍ സന്ദര്‍ശിക്കുന്നത് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ്. മെന്‍ഡന്‍ഹാള്‍ ഗ്ലേസിയര്‍ 13 മൈല്‍ വരെ നീളുന്ന ഒരു വലിയ ഹിമ നദിയാണ്. ഉജ്ജ്വലമായ നീല മഞ്ഞുപാളികളും അതിമനോഹരമായ കോസ്റ്റ് പര്‍വതനിരകളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും ഉള്‍ക്കൊള്ളുന്ന മെന്‍ഡന്‍ ഹാള്‍ ഗ്ലേസിയര്‍ പ്രകൃതിദത്തമായ ഒരു അത്ഭുതമാണ്.

ടോംഗാസ് ദേശീയ വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ജുനോ ഐസ്ഫീല്‍ഡിന്‍റെ ഭാഗമാണിത്. മെന്‍ഡന്‍ഹാള്‍ ഗ്ലേസിയര്‍ പരുക്കന്‍, മഞ്ഞു മൂടിയ വിള്ളലുകള്‍ നിറഞ്ഞതാണ്. കൃഷ്ണ മൃഗങ്ങളെയും സാല്‍മണ്‍ അരുവികളെയും ബാള്‍ഡ് ഈഗിളിനെയും കാണാന്‍ കഴിയും. മനോഹരമായ ഒരു വ്യൂ പോയിന്‍റി ലേക്ക്, ഹിമാനിയുടെ ഫോട്ടോകള്‍ എടുക്കുന്നതിന് സാധിക്കുന്നതാണ്. സ്ട്രോളറുകള്‍ക്കും വീല്‍ചെയറുകള്‍ക്കും പ്രവേശനം സാധ്യമാക്കുന്ന പാതയാണ്. ഹിമാനിയെക്കുറിച്ച് കൂടുതലറിയാനും 15 മിനിറ്റ് വീഡിയോ കാണാനും യു.എസ്. ഫോറസ്റ്റ് സര്‍വീസ് വിസിറ്റര്‍ സെന്‍ററിലേക്ക് പോകുവാന്‍ കഴിയും. വീശിയടിക്കുന്ന കാറ്റ് മലമടക്കുകളെ തൊട്ടുതലോടി കടന്നു പോകുന്നുണ്ടായിരുന്നു. 

(തുടരും)