തകർക്കപ്പെടുമ്പോൾ ഭംഗി വർദ്ധിക്കുന്നു
റവ. ജോർജ് മാത്യു പുതുപ്പള്ളി
തകർക്കപ്പെട്ട ഒരുവനെക്കാൾ മനോഹരനായ മറ്റൊരുവനില്ല. ദൈവത്താൽ തകർക്കപ്പെട്ട ഒരുവനിലെ വഴങ്ങാത്ത ഹൃദയവും സ്വയസ്നേഹവും ദൈവസ്നേഹത്തിന്റെ മനോഹാരിതയ്ക്ക് വഴി മാറിക്കൊടുക്കുന്നു. പഴയനിയമത്തിലെ യാക്കോബ് അമ്മയുടെ ഗർഭത്തിൽവച്ചു തന്നെ സഹോദരനോടു പോരാടുന്നതായി കാണുന്നു. അവൻ കൗശലക്കാരനും തന്ത്രശാലിയും ചതിയനുമായിരുന്നു. എന്നാലും അവന്റെ ജീവിതം ദുഃഖവും വ്യസനവും നിറഞ്ഞതായിരുന്നു.
യുവാവായിരുന്നപ്പോൾ തന്നെ യാക്കോബിന് വീട്ടിൽനിന്നും ഓടിപ്പോകേണ്ടി വന്നു. ലാബാൻ ഇരുപതു സംവത്സരം അവനെ ചതിച്ചു. അവൻ സ്നേഹിച്ച മകൻ യോസേഫ് വിൽക്കപ്പെട്ടു. വർഷങ്ങൾക്കുശേഷം ബെന്യാമിൻ മിസ്രയീമിൽ തടവുകാരനാക്കപ്പെട്ടു. അനിഷ്ടസംഭവങ്ങൾ ഒന്നിനു പിറകെ ഒന്നായി നേരിട്ടു. അങ്ങനെ തുടർച്ചയായി ദൈവം അവനോട് ഇടപെട്ടു. ജീവിതാവസാനത്തിന്റെ ഒടുവിലത്തെ ചില സംവത്സരങ്ങളിൽ അവൻ തികച്ചും സ്ഫടികതുല്യം നിർമലനായിത്തീർന്നു. ഫറവോനോടുള്ള മറുപടി എത്ര അന്തസുറ്റതായിരുന്നു. തന്റെ വടിയുടെ അറ്റത്ത് ചാരിക്കൊണ്ട് ദൈവത്തെ നമസ്കരിച്ചപ്പോൾ അവന്റെ അന്ത്യം എത്ര മാന്യതയുള്ളതായിരുന്നു.
തന്റെ മക്കൾക്കു നൽകിയ അനുഗ്രഹങ്ങൾ എത്ര വ്യക്തമായിരുന്നു. അവന്റെ ചരിത്രത്തിലെ ഒടുവിലത്തെ പേജുകൾ നാം വായിക്കുമ്പോൾ തല വണക്കി ദൈവത്തെ നമസ്കരിക്കേണ്ടതാണ്. ഇവിടെ ഇതാ, പക്വത പ്രാപിച്ച ഒരുവൻ ! ദൈവത്തെ പരിജ്ഞാനത്തിൽ അറിയുന്ന ഒരുവൻ ! ചില സംവത്സരങ്ങളിലെ ദൈവത്തിന്റെ ഇടപെടലിന്റെ ഫലമായി യാക്കോബിന്റെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുകൊണ്ടിരുന്നു. തന്റെ വാർദ്ധക്യത്തിന്റെ ആ ചിത്രം മനോഹാരിത നിറഞ്ഞതായിരുന്നു.
നാം ഓരോരുത്തർക്കും യാക്കോബിന്റെ ഇതേ പ്രകൃതമുണ്ട്. നമ്മുടെ ഏക പ്രത്യാശ പുറമെയുള്ള മനുഷ്യനെ ക്ഷയിപ്പിച്ച് അകത്തെ മനുഷ്യനെ പുഷ്ടി വരുത്തി കർത്താവ് നമ്മെ പുതു മനുഷ്യരാക്കും എന്നതാണ്. കർത്താവ് നമ്മെ പഴയ മനുഷ്യന്റെ സ്വഭാവത്തിൽനിന്നു പുറത്തു കൊണ്ടുവരുമെന്നതാണ്. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. ഇതാ, പഴയതെല്ലാം നശിച്ചുപോയി എല്ലാം പുതിയതായിത്തീരുന്നു. കർത്താവിനെ സേവിക്കുന്നവരുടെ അനുഭവം ഇതായിരിക്കും. ഇത് ഏറെ ശ്രേഷ്ഠമായ മാർഗമാണ്. വിലയേറിയ മാർഗമാണ്. പുതിയ സൃഷ്ടിയായെങ്കിൽ മാത്രമേ ശുശ്രൂഷിപ്പാനും ആത്മാക്കളെ കർത്താവിങ്കലേക്കു നടത്തുവാനും കഴിയുകയുള്ളൂ. മറ്റുള്ളതിന്റെയെല്ലാം വില പരിമിതമാണ്. പുറമെയുള്ള മനുഷ്യൻ തകർക്കപ്പെടുന്നില്ലെങ്കിൽ വിശുദ്ധ വേദപുസ്തകത്തിൽ നിന്നുള്ള ബുദ്ധിപരമായ അറിവുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
ചിന്തക്ക് : 'അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു. പിന്നെ തന്റെ അപ്പനു സുഗന്ധവർഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു : വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗം ഇട്ടു. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു. സുഗന്ധവർഗം ഇടുവാൻ അത്ര ദിവസം വേണ്ടിവരും. മിസ്രയീമ്യർ അവനെക്കുറിച്ച് എഴുപതു ദിവസം വിലാപം കഴിച്ചു' (ഉല്പത്തി 50 : 1...3).

