'നഷ്ടപ്പെട്ട ഗോത്രം' ഇനി 'വാഗ്ദത്തഭൂമി'യിൽ; മണിപ്പുരിൽനിന്ന് ബിനെയി മെനഷേ വിഭാഗക്കാർ ഇസ്രയേലിലേക്ക്
ന്യൂഡൽഹി /ടെൽ അവീവ്: ഇസ്രയേൽ ഇന്ത്യയിൽ ഒരു ഓപ്പറേഷൻ നടത്തുകയാണ്. 'ഓപ്പറേഷൻ വിങ്സ് ഓഫ് ഡോൺ'(Operation Wings of Dawn) എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വടക്ക് കിഴക്കൻ മലനിരകളിൽ നിന്ന് ആരംഭിക്കുന്നു, മണിപ്പുരിലെ ഏകദേശം 5,000 ബിനെയി മെനഷേ വിഭാഗക്കാരെ ടെൽ അവീവിലേക്ക് പുനരധിവസിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ ദൗത്യം. ചിലർക്ക് ഇത് ഒരു അക്രമബാധിത പ്രദേശത്ത് നിന്ന് മറ്റൊന്നിലേക്കുള്ള യാത്രയാണ്. അതേസമയം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഇസ്രയേലിന്റെ "നഷ്‌ടപ്പെട്ട ഗോത്രങ്ങളിൽ" ഒന്നിന്റെ വേരുകൾ കണ്ടെത്തുന്ന ബിനെയി മെനഷേ വിഭാഗത്തിലെ ഭൂരിഭാഗം ആളുകൾക്കും ഇത് അവരുടെ പൂർവ്വിക ഭവനത്തിലേക്കുള്ള ഒരു ദീർഘമായ യാത്രയുടെ അവസാനമാണ്. ഇസ്രയേൽ സർക്കാർ വ്യാഴാഴ് ഡൽഹി വഴി ഏകദേശം 250 അംഗസമൂഹത്തെ വ്യോമമാർഗം അയച്ചു. കഴിഞ്ഞ വർഷം, ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഇന്ത്യയിൽ നിന്നുള്ള ഏകദേശം 4,600 അംഗങ്ങളുടെ കുടിയേറ്റത്തിന് ധനസഹായം നൽകുന്ന ഒരു സംരംഭം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഏകദേശം 5,000 പേർ ഇതിനോടകം ഇസ്രയേലിലേക്ക് കുടിയേറിയിട്ടുണ്ട്. "പ്രതിവർഷം 1,200 പേർ എന്ന നിരക്കിൽ മുഴുവൻ സമൂഹത്തിനും ഇസ്രയേലിലേക്കുള്ള കുടിയേറ്റം അനുവദിക്കുന്ന ഒരു ഓപ്പറേഷന്റെ തുടക്കമാണിത്," ഇസ്രയേൽ മന്ത്രി ഓഫർ സോഫർ എഎഫ്‌പിയോട് പ്രതികരിച്ചു.
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച്, പുരാതന ഇസ്രയേൽ 12 ഗോത്രങ്ങളായി തിരിച്ചിരുന്നു. പത്ത് ഗോത്രങ്ങൾ യാക്കോബിന്റെ മക്കളുടെ പേരിലും രണ്ട് എണ്ണം അദ്ദേഹത്തിന്റെ ചെറുമക്കളായ എഫ്രയിമിന്റെയും മെനഷേയുടെയും പേരിലും അറിയപ്പെട്ടു, ഇവർ ജോസഫിന്റെ മക്കളായിരുന്നു. ബിനേയി മെനഷേ വിഭാഗം മെനഷേയുടെ പിൻഗാമികളാണെന്ന് അവകാശപ്പെടുന്നു. ബിസി 722-ൽ ഇസ്രയേൽ രാജ്യത്തെ പരാജയപ്പെടുത്തിയതിന് ശേഷം അസ്സീറിയക്കാർ അവരെ പ്രവാസികളാക്കി.
പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന എന്നിവിടങ്ങളിലൂടെ നൂറ്റാണ്ടുകൾ നീണ്ട പലായനത്തിനു ശേഷം, ഏകദേശം 10,000 അംഗങ്ങളുള്ള ഈ സമൂഹം ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗത്ത് എത്തി മണിപ്പുരിലും മിസോറാമിലും സ്ഥിരതാമസമാക്കി. ബിനേയി എന്നാൽ കുട്ടികൾ എന്നും മെനഷേ എന്നാൽ പേരക്കുട്ടികൾ എന്നുമാണ് അർഥമാക്കുന്നത്," ഐഐടി-ഡൽഹിയിലെ സാമൂഹ്യശാസ്ത്ര ഗവേഷകനായ അസാഫ് റെൻത്‌ലൈ പറഞ്ഞു.
ചരിത്രപരമായി, ജൂതന്മാർ ഇന്ത്യയെ ഒരു സുരക്ഷിത സ്ഥലമായി കണ്ടിരുന്നു, കാരണം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ അവർ നേരിട്ട മതപരമായ പീഡനം അവർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്നില്ല. മണിപ്പുരിൽ, ബിനേയി മെനഷേ വിഭാഗത്തെ കുക്കി വിഭാഗമായി കണക്കാക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കൻ മിഷനറിമാരുടെ സ്വാധീനത്തിൽ ഭൂരിഭാഗം കുക്കി വിഭാഗക്കാരും ക്രിസ്തുമതം സ്വീകരിച്ചു. എന്നിരുന്നാലും, ബിനേയി മെനഷേ വിഭാഗം ജൂതമതവും അതിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്നു.
ഈ സമൂഹം ഇസ്രയേലിലേക്ക് മാറാൻ ആഗ്രഹിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ മതവും ഉൾപ്പെടുന്നു. "ഇവിടെ ഞങ്ങൾക്ക് ഞങ്ങളുടെ എല്ലാ ആചാരങ്ങളും പിന്തുടരാൻ കഴിയില്ല. ചില പ്രാർഥനകൾക്ക് ഒരു മിൻയാൻ അല്ലെങ്കിൽ ക്വാറം ആവശ്യമാണ്, ഇത് മലനിരകളിൽ കണ്ടെത്താൻ പ്രയാസമാണ്. ഞങ്ങളുടെ മതവിശ്വാസത്തിത്തിന് വേണ്ടി ഞങ്ങൾ ഇസ്രയേലിലേക്ക് പോകാൻ ആഗ്രഹിക്കുന്നു," മണിപ്പുർ നിവാസിയായ ബെഞ്ചമിൻ ഹൗകിപ് ദി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു, മിൻയാൻ എന്നത് 10 മുതിർന്ന യഹൂദരുടെ ക്വാറത്തെ വിവരിക്കുന്ന ഒരു ഹീബ്രു പദമാണ്. ഇത് മതപരമായ കടമകൾക്ക് ആവശ്യമാണ്.
പരമ്പരാഗത ഭക്ഷണത്തിന്റെയും സാംസ്‌കാരിക വിഭവങ്ങളുടെയും ലഭ്യതയും ഈ സമൂഹം നേരിടുന്ന ഒരു പ്രതിസന്ധിയാണ്. അംഗങ്ങൾ ഇതിനകം ഡോലിംഗോ ആപ്പിൽ ഹീബ്രു പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. 2005-ന് മുമ്പ് ഇന്ത്യയിൽ നിന്ന് പുനരധിവസിപ്പിക്കപ്പെട്ട ബിനേയി മെനഷേ വിഭാഗത്തിൽ ഭൂരിഭാഗവും ഹെബ്രോൺ പോലുള്ള സ്ഥലങ്ങളിലും ഗാസയിലെ ഇസ്രയേലി സെറ്റിൽമെന്റുകളിലും താമസിച്ചു. വ്യാഴാഴ്‌ച എത്തിയ 250 അംഗങ്ങൾ വടക്കൻ ഇസ്രയേലിൽ താമസിക്കും, ലെബനനിൽ നിന്നുള്ള ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം കഴിഞ്ഞ ആഴ്ച നേരിട്ട പ്രദേശങ്ങളാണിവ. നിലവിൽ വെടിനിർത്തൽ നിലവിലുണ്ട്.
പ്രധാനപ്പെട്ടതും സയണിസ്റ്റ് തീരുമാനവുമാണ് എന്നാണ് കഴിഞ്ഞ വർഷം ഈ വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള സംരംഭം പ്രഖ്യാപിക്കുമ്പോൾ, നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. ബിനേയി മെനഷേ പുനരധിവാസം വടക്കൻ, ഗലീലി മേഖലകളെ ശക്തിപ്പെടുത്തും എന്ന് നെതന്യാഹു പറഞ്ഞിട്ടുണ്ട്. ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇസ്രായേൽ പൗരത്വം നേടുന്നതിന് അവർക്ക് പരിവർത്തനം ചെയ്യേണ്ടി വരും.
ഇസ്രയേൽ അവരെ പുനരധിവസിപ്പിക്കാൻ എന്തുകൊണ്ട് ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് ചില കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുണ്ട്. ഗാസയിലെ ഹമാസുമായും ഇറാനുമായും ദീർഘകാലമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ തൊഴിലാളിക്ഷാമം നേരിടുകയാണ്. 2023-ൽ ഹമാസിന്റെ ആക്രമണത്തോടെ ആരംഭിച്ച സംഘർഷങ്ങളിൽ അതിന്റെ ഭൂരിഭാഗം തൊഴിലാളികളെയും നഷ്‌ടപ്പെട്ടു. യുദ്ധത്തെത്തുടർന്ന് നേപ്പാൾ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ കുറവും സമ്പദ്വ്യവസ്ഥയെ ബാധിച്ചു.
ബിനേയി മെനഷേ വിഭാഗത്തിന്റെ പുനരധിവാസം ഇസ്രയേലിന്റെ തൊഴിലാളിവിഭാഗത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. ഗലീലി പോലുള്ള അതിർത്തി പ്രദേശങ്ങളിൽ ഈ വിഭാഗത്തെ കുടിയിരുത്താനുള്ള ഇസ്രയേൽ സർക്കാരിന്റെ നീക്കം അറബ്-ഇസ്രയേലി ജനസംഖ്യയുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ഒരു ശ്രമമായി കണക്കാക്കപ്പെടുന്നു.
വാസ്തവത്തിൽ, 2023-ലെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പാരമ്യത്തിൽ, മണിപ്പുരിലും മിസോറാമിലും നിന്ന് പുനരധിവസിപ്പിക്കപ്പെട്ട 200-ൽ അധികം ബിനേയി മെനഷേ ആളുകൾ ഇസ്രയേലി സൈന്യത്തോടൊപ്പം മുൻനിരയിൽ പോരാടി. ഇന്ത്യൻ വംശജരായ യഹൂദർക്ക് നിർണായക പങ്കുണ്ടായിരുന്നു. ഈ വിഭാഗത്തിന്, സാമ്പത്തിക ഘടകവും നിർണായകമാണ്. മണിപ്പുരിൽ, ഭൂരിഭാഗം അംഗങ്ങളും കൃഷിയിലോ തൊഴിലാളികളായോ ജോലി ചെയ്യുന്നു. ഇസ്രയേലിലേക്ക് പുനരധിവസിക്കപ്പെട്ടവർ ട്രക്കുകൾ ഓടിക്കുകയോ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയോ ചെയ്യുന്നു, ഇന്ത്യയിലെ ഏകദേശം 1,200 ഡോളറിന് പകരം ഏകദേശം 55,000 ഡോളർ സമ്പാദിക്കുന്നു.
മണിപ്പുരിലെ ഭൂരിപക്ഷവിഭാഗമായ മെയ്ത്തികളും കുക്കി വിഭാഗക്കാരും തമ്മിൽ 2023 മേയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷങ്ങൾ അവരുടെ വരുമാനത്തെ കൂടുതൽ ബാധിച്ചു. സംഘർഷങ്ങൾക്ക് ശേഷം ജീവിതം കൂടുതൽ ദുഷ്‌കരമായതായി ഹൗകിപ് പറഞ്ഞു. "മറ്റ് കാര്യങ്ങളും അവിടെ (ഇസ്രയേലിൽ) മെച്ചമാണ് - വിദ്യാഭ്യാസം പോലുള്ളവ," മണിപ്പുരിലെ ഹീബ്രു അധ്യാപികയായ എൻഗാംതെൻലാൽ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
എങ്കിലും, ഇസ്രയേലിലെ സാങ്കേതികമായി വികസിതമായ ചുറ്റുപാടുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇസ്രയേലിൽ സ്ഥിരതാമസമാക്കിയ ഈ വിഭാഗത്തിൽപ്പെട്ടവർ വർണ്ണവിവേചനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വിശാലമായ പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. വർണ്ണവിവേചനം ഒരു പ്രധാന പ്രശ്നമാണ്, ഈ വിഭാഗത്തിലെ അംഗങ്ങൾ അവരുടെ വ്യത്യസ്‌തരൂപം കാരണം പലപ്പോഴും "ചൈനീസ്" എന്ന് ലേബൽ ചെയ്യപ്പെടുന്നു.
അതേസമയം ബിനേയി മെനഷേ വിഭാഗത്തിന് ഇസ്രയേലിലേക്കുള്ള യാത്ര വളരെ പ്രധാനമാണ്. "ഇന്ത്യ ഞങ്ങളുടെ ജന്മസ്ഥലമാണ്, പക്ഷേ ഇസ്രയേൽ ഞങ്ങളുടെ നിയതിയാണ്. അതാണ് ഞങ്ങളുടെ വാഗ്ദത്തഭൂമി. ഞങ്ങൾ അവിടെ എത്തണം," ബിനേയി മെനഷേ വിഭാഗത്തിലെ ഒരംഗം പ്രതികരിച്ചതിങ്ങനെ.

