ക്രിസ്ത്യൻ അവകാശങ്ങൾ പഠിപ്പിക്കാൻ ബിജെപി; കോട്ടയത്ത് പഠനക്ലാസ്

ക്രിസ്ത്യൻ അവകാശങ്ങൾ പഠിപ്പിക്കാൻ ബിജെപി; കോട്ടയത്ത്   പഠനക്ലാസ്

കോട്ടയം: ക്രിസ്ത്യൻ അവകാശങ്ങളേക്കുറിച്ച് പഠിപ്പിക്കാൻ പഠനക്ലാസുമായി സംസ്ഥാന ബിജെപി. കോട്ടയത്ത് ബുധനാഴ്‌ച നടന്ന ക്രിസ്റ്റ്യൻ ഔട്ട്റീച്ച് പരിപാടിയിലാണ് സിബിസിഐ (കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ) സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ ന്യൂനപക്ഷമോർച്ച ഭാരവാഹികൾക്കുവേണ്ടി ക്ലാസ് എടുത്തത്.

ക്രിസ്ത്യൻ അവകാശം, മതസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലായിരുന്നു ക്ലാസ് നടന്നത്. കാത്തലിക് അവകാശങ്ങൾ എന്തൊക്കെ?, ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം എന്തൊക്കെ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടന്നത്. ഒരുമണിക്കൂറോളം നീണ്ട ക്ലാസിൽ പതിനഞ്ചുമിനിറ്റോളം രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.

ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വം അതിൽ വലിയ താൽപര്യത്തോടെ ഇടപെട്ടിരുന്നു. ഇത് സംഘപരിവാർ സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹിന്ദു ഐക്യവേദിയും മറ്റും രാജീവ് ചന്ദ്രശേഖറിനെതിരേ അതിരൂക്ഷ വിമർശനമായിരുന്നു അന്ന് ഉന്നയിച്ചത്. ക്രൈസ്തവ വോട്ട് ലക്ഷ്യംവെച്ച് പഠനക്ലാസ് സംഘടിപ്പിക്കുന്നതിലേക്കും മറ്റും ബിജെപി കടക്കുമ്പോൾ അതിനെതിരേ തീവ്രഹിന്ദു നിലപാടുള്ള സംഘപരിവാർ സംഘടനകൾ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.