മതഭ്രാന്തന്മാരെ നിയന്ത്രിക്കേണ്ടത് ഭരണകർത്താക്കൾ:കാതോലിക്കാബാവ

മതഭ്രാന്തന്മാരെ നിയന്ത്രിക്കേണ്ടത് ഭരണകർത്താക്കൾ:കാതോലിക്കാബാവ

കോട്ടയം: വടക്കേ ഇന്ത്യയിൽ ക്രിസ്താനികൾക്ക് നേരേ നടക്കുന്ന അതിക്രമങ്ങളിൽ ആർഎസ്എസിനെയും ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. പനയമ്പാല സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ചടങ്ങിനിടെയാണ് വിമർശനം.

ആർഎസ്എസിന്റെ പോഷക സംഘടനകളായ വിഎച്ച്പിയും ബജ്റംഗ്‌ദളും ക്രിസ്ത്യാനികളെയും മതന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നത് വാസ്തവമാണെന്ന് കാതോലിക്കാബാവ പറഞ്ഞു. കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിയുടെ പുറത്തുള്ള ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്തുന്നു. ഇനി പള്ളിക്കുള്ളിലേക്ക് ആക്രമണം ഉണ്ടാകാം.

മതഭ്രാന്തൻമാരെ നിയന്ത്രിക്കേണ്ടത് ഭരണകർത്താക്കളാണ്. മതസ്വാതന്ത്ര്യം ആർക്കും നിഷേധിക്കാൻ സാധിക്കില്ല. എന്നാൽ, ഭരണകർത്താക്കൾ ശബ്‌ദമുയർത്താതെ, അപലപിക്കാതെ ഇരിക്കുന്നത് കാണുമ്പോൾ ഇത് അവരുടെ പദ്ധതിയുടെ ഭാഗമാണെന്നേ ക്രിസ്ത്യാനികൾക്ക് മനസ്സിലാക്കാൻ സാധിക്കൂ. അപലപിക്കുന്നില്ലങ്കിൽ നിശ്ശബ്ദമായി അത് അംഗീകരിക്കുന്നതാണെന്ന് എല്ലാവർക്കും അറിയാം. അക്രമികൾ പറയുന്നത് വിദേശമതം ഇന്ത്യയിൽ വേണ്ടാ എന്നാണ്. അമേരിക്കയിൽ ട്രംപ് പറയാറുണ്ട് -അമേരിക്ക ഫോർ അമേരിക്കൻസ് എന്ന്. അതേപോലെയുള്ള പ്രചാരണമാണിത്-കാതോലിക്കാബാവ പറഞ്ഞു. പ്രസംഗത്തിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംഘവും ബാവയുമായി കൂടിക്കാഴ്‌ച നടത്തി. നേരത്തേ നിശ്ചയിച്ച സന്ദർശനമായിരുന്നുവെന്ന് ബിജെപി പ്രതികരിച്ചു.

‘ഹിന്ദുക്കളും ഇന്ത്യയിൽ കുടിയേറി പാർത്തവർ'

ഹിന്ദുക്കളും ഇന്ത്യയിൽ കുടിയേറി പാർത്തവരെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. പനയമ്പാല സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ശതാബ്ദിച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശികളാരും ഇവിടെ പാടില്ലെന്ന് ആർഎസ്എസ് പറയുന്നു. എത്ര തെറ്റാണ് ഇവർ പറയുന്നത്. ക്രിസ്തുവിനുമുൻപ് 2000 ബിസിയിൽ ഇറാനിൽനിന്ന് ഇവിടെ കുടിയേറിപ്പാർത്ത ആര്യന്മാർ ബ്രാഹ്മണീയ ആരാധന ഉണ്ടാക്കിക്കഴിഞ്ഞ് രൂപപ്പെട്ടതാണ് ഹിന്ദുമതം. ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ആര്യനും ഇല്ല, ഒരു ഹിന്ദുവും ഇല്ല. എല്ലാവരും ഇറാൻ പ്രദേശത്തുനിന്ന് വന്നവരാണ്.

അന്ന് സിന്ധുനദീതടസംസ്‌കാരം ഇവിടെ ഉണ്ടായിരുന്നു. അത് ക്രിസ്‌തുവിന് മുൻപ് 4000 ബിസിയിൽ ദ്രാവിഡന്മാർ മുഖാന്തരം ഉണ്ടായതാണ്. ദ്രാവിഡന്മാരും ഇവിടത്തുകാരല്ല.

എഡി 52 മുതൽ ഇവിടെ ജീവിക്കുന്നവരാണ് ക്രിസ്താനികൾ. ഈ രാജ്യത്തെ പൗരന്മാരാണ്. ഇവിടെ ഇസ്രയേലിൽനിന്നുള്ള ക്രിസ്ത്യാനികളില്ല. അറബി രാജ്യങ്ങളിൽനിന്നുള്ള ക്രിസ്ത്യാനികളില്ല. ഈ ഒറിജിൻ ഉള്ളവരാണ്. മുസ്ലിങ്ങളും അങ്ങനെത്തന്നെ. വിദേശികൾ പോകണമെന്നു പറയുന്നത് അറിവില്ലായ്മയാണ്. ആ അറിവില്ലായ്മയ്ക്ക് ഓശാനപാടുന്ന ഭരണകൂടം ഇവിടെയുള്ളപ്പോൾ ന്യൂനപക്ഷങ്ങൾ തമസ്കരിക്കപ്പെടും.

ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർഎസ്എസിന്റെ ആപ്തവാക്യമുണ്ടെങ്കിൽ അത് ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല.

ക്രിസ്ത്യാനികൾക്ക് അതിനുവേണ്ടി രക്തസാക്ഷികളാകുന്നതിന് ഒരു മടിയുമില്ല.- അദ്ദേഹം പറഞ്ഞു.

Advt.

Advt.