യേശുവിന്റെ വിശ്വാസം പ്രതിഫലിപ്പിക്കുന്നതായിരിക്കണം എഴുത്ത് !

യേശുവിന്റെ വിശ്വാസം പ്രതിഫലിപ്പിക്കുന്നതായിരിക്കണം എഴുത്ത് !

ഫാദർ ബോബി ജോസ് കട്ടിക്കാട് 

ഴുത്തുകാർ യേശുവിലുള്ള വിശ്വാസം (Faith in Christ ) അല്ല യേശുവിന്റെ വിശ്വാസം( Faith of Christ) എഴുതണം.  കാരണം യേശുവിന്റെ വിശ്വാസം യേശുവിലുള്ള വിശ്വാസത്തിൽ തന്നെ അടങ്ങിയിരിക്കുന്നു. ഉദാഹരണമായി ഒരാൾക്ക് ഒരു കൈപ്പിഴ പറ്റുന്നു, അത് തിരുത്താൻ അയാൾക്ക് അവസരം കൊടുക്കുന്നു, അതിൽ കൂട്ടാളികൾ ആകുമ്പോൾ യേശുവിന്റെ ഗന്ധം കിട്ടുന്നു, നമ്മുടെ പ്രതിസന്ധിയിൽ നാം വിയർക്കുമ്പോൾ ഉള്ള ഗന്ധം. ഇതാണ് യേശുവിലുള്ള വിശ്വാസം. യേശുവിനുള്ള വിശ്വാസം വൺ ടൈം ഇൻവെസ്റ്റ്മെന്റ് ആണ്. എന്നാൽ യേശുവിന്റെ വിശ്വാസം നാം ഓരോ ദിവസവും നിക്ഷേപിക്കുന്നതാണ്. അതിനായി നാം കഠിനാധ്വാനം ചെയ്യണം. 

എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്ന് തിരുവെഴുത്ത് പറയുന്നതുപോലെ ജീവന്റെ നദികൾ ഒഴുകും എന്ന് വിളിച്ചു പറഞ്ഞു (യോഹന്നാൻ 7:37).

വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്ന് ജീവന്റെ ഉറവകൾ പുറപ്പെടും. നമ്മുടെ എഴുത്തിലും ജീവന്റെ ഉറവകൾ പുറപ്പെടണം.

1. പ്രത്യാശ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകണം

വി.പൗലോസ് പറയുന്നത് പ്രത്യാശ തന്നെയാണ് യേശു. ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതായിരിക്കണം നമ്മുടെ എഴുത്ത്. ഉപ്പു തൂണായി, അനങ്ങാൻ പറ്റാതെ നിൽക്കുന്നവരെ മുന്നോട്ടു കൊണ്ടുപോകണം. എൻ്റെ ജീവിതത്തിന്റെ അമ്പതാമത്തെ വയസ്സിൽ ഡിപ്രഷൻ ഉണ്ടായി. മൂന്ന് വർഷം മുറിയിൽ അടച്ചിരുന്നപ്പോൾ മിശിഹാ എന്ന വാക്ക് സ്വാധീനിച്ചതും സ്പർശിച്ചതും ജീവിതത്തെ മുന്നോട്ടു നയിച്ചു. മിശിഹാ എന്ന ഒറ്റ വാക്ക് , വാതിൽ അടച്ചിരുന്നപ്പോൾ അകത്തു വന്ന ആ സാന്നിദ്ധ്യം മുന്നോട്ട് നയിച്ചു.

2. കുലീനമായത് സ്വീകരിക്കാനുള്ളതാകണം എഴുത്ത്

നമുക്ക് രക്ഷകനെയാണ് ആവശ്യം. പെസഹായ്ക്ക് വിളമ്പുന്ന മൂന്നാമത്തെ കപ്പ് വീഞ്ഞ് വിളമ്പുന്നത് ആണെങ്കിൽ നാലാമത്തെ കപ്പ് ക്രിസ്തു പറഞ്ഞതുപോലെ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് നീക്കേണമേ എന്ന് പറഞ്ഞതാണ്. പാനപാത്രങ്ങൾ കുടിക്കാൻ ഉള്ളതാണ്. ജീവിതത്തിൽ മാറ്റാനാവാത്ത പാനപാത്രത്തെ സ്വീകരിക്കണം. കുലീനമായി നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാൻ പറ്റുന്ന ഒരു ധാര നമ്മുടെ എഴുത്തിൽ ഉണ്ടാകണം.

3. എഴുത്ത് ശുദ്ധീകരിക്കുന്നതാകണം

നമ്മുടെ എഴുത്തിൽ ഒരു നവീകരണ പ്രക്രിയ ഉണ്ടാകണം. ശുദ്ധീകരണ പ്രക്രിയ ഉള്ളതാകണം എഴുത്ത്. സോഷ്യൽ മീഡിയയിലെ എഴുത്തുകൾ പലതും ശുദ്ധിയില്ലാതെ വരുമ്പോൾ നമ്മുടെ എഴുത്തുകൾ വ്യത്യസ്തമായിരിക്കണം. ഇരുട്ടിനെ പിഴിഞ്ഞ് വെളിച്ചം ഉണ്ടാക്കുന്നതുപോലെ ആയിരിക്കണം നമ്മുടെ എഴുത്ത്.

4. എഴുത്ത് സാന്ത്വനത്തിൻ്റേത് ആയിരിക്കണം

നമ്മുടെ എഴുത്തുകൾ വേദനിക്കുന്നവന് ആശ്വാസവും തണുപ്പും സ്വാന്തനവും പകർന്നതായിരിക്കണം .അത് മുറിവുകളെ ഉണക്കണം.

5. ജീവിതത്തിന്റെ ഉദ്ദേശ്യം/ എഴുത്തിന്റെ ഉദ്ദേശ്യം 

എഴുത്ത് ഒരു ദൈവവിളിയായി എടുക്കണം. എഴുത്തുകാർ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇന്നോളം നിങ്ങൾ ആലോചിച്ചിട്ടില്ലാത്ത ഇന്നുവരെ നിങ്ങൾ വായിച്ചെടുക്കാത്ത മൗലികമെന്ന ഒരുപക്ഷേ കാലം രേഖപ്പെടുത്തുവാൻ പോകുന്ന നവീനമായ വാക്ക് ദൈവം നിങ്ങൾക്ക് തരും. നമ്മുടെ ബുദ്ധിക്ക് കണ്ടെത്താനാവാത്ത അർത്ഥവും ദൈവം നമ്മളിൽ നിക്ഷേപിക്കും. എഴുത്ത് ഒക്കേഷനായി ഏറ്റെടുക്കണം. ലോകത്തിൽ മനുഷ്യൻ എന്ന് പറയുന്ന ഭണ്ഡാരത്തിൽ നിങ്ങൾക്കിടാവുന്ന ഏറ്റവും നല്ല കാണിക്കയാണ് നിങ്ങളുടെ വാക്ക്. ലോകത്തോട് നാം പറയേണ്ടത് 'time is too short' വളരെ കുറച്ച് സമയമേ നമുക്കുള്ളൂ എന്നതാണ്. നാം എന്ത് ഈ ലോകത്തിൽ ബാക്കിവച്ചിട്ട് മടങ്ങിപ്പോകുന്നു എന്ന് അന്വേഷിക്കണം.

6. നദികൾ ദാഹം ഉണർത്തേണ്ടതാണ്

നാം മറന്നു പോകുന്ന ദാഹം ഉണർത്തുന്നത് ആയിരിക്കണം നമ്മുടെ എഴുത്തുകൾ. നിങ്ങൾ കാലത്തിന്റെ ദാഹത്തെ ഉണർത്തണം. നമ്മുടെ എഴുത്തും പുസ്തകശാലയും ഒരു ബഥേൽ ആകണം. 

യേശുവിന്റെ വിശ്വാസം അഗാധമാക്കാൻ വേണ്ടിയുള്ള അനുബന്ധ ശുശ്രൂഷയായി എഴുത്തിനെ നാം ഏറ്റെടുക്കണം.

(ഗ്ലോബൽ മലയാളി പെന്തക്കോസ് മീഡിയ അസോസിയേഷൻ കോൺഫറൻസിൽ ഫാദർ ബോബി ജോസ് കട്ടിക്കാട് നടത്തിയ പ്രഭാഷണത്തിൽ നിന്നും)

തയ്യാറാക്കിയത് : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ