സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണം: ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
പത്തനംതിട്ട: തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസം.21 ന് ഞായറാഴ്ച രാവിലെ 10 ന് നടത്താൻ തീരുമാനിച്ച സർക്കാർ നടപടി പുനഃപരിശോധിക്കമെന്ന് എൻസിഎംജെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഞായറാഴ്ച ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് പ്രാർത്ഥനാ ദിവസമാണ്. പള്ളി ആരാധനകളിലും കുർബ്ബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ തീരുമാനം.
ഇടവക ഭാരവാഹികളും സണ്ടേസ്കൂൾ അധ്യാപകരും പള്ളി ക്വയർ അംഗങ്ങളും ഒക്കെ ആണ് പല പഞ്ചായത്ത് അംഗങ്ങളും. ഡിസംബർ 21 വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ( സെൻ്റ് തോമസ്) രക്തസാക്ഷി മരണം പ്രാപിച്ചതിൻ്റെ ഓർമ്മദിനം കൂടിയാണ്. യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് കാലത്തെ ഞായറാഴ്ചയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ .പ്രകാശ് പി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

