“പ്രവാചകർ”  നമുക്ക് എന്തിനാണ്? തിരുവചനാടിസ്ഥാനത്തിൽ ഒരു നിരീക്ഷണം

“പ്രവാചകർ”  നമുക്ക്  എന്തിനാണ്? തിരുവചനാടിസ്ഥാനത്തിൽ ഒരു നിരീക്ഷണം

“പ്രവാചകർ”  നമ്മുക്ക് എന്തിനാണ്? തിരുവചനാടിസ്ഥാനത്തിൽ ഒരു നിരീക്ഷണം


ന്നത്തെ മിക്ക ഉപവാസപ്രാത്ഥനകളിലും, റിവൈവൽ യോഗങ്ങളിലും “പ്രവാചകൻ” എന്ന പദം വളരെ സാധാരണമായി കേൾക്കപ്പെടുന്നു. പലർക്കും പ്രവാചകൻ എന്നു പറഞ്ഞാൽ ഭാവി പറയുന്ന ഒരാൾ എന്ന ധാരണയാണ് ആദ്യം വരുന്നത്. ജീവിതത്തിൽ എന്ത് സംഭവിക്കും, ജോലി ലഭിക്കുമോ, മക്കളുടെ ഭാവി എങ്ങനെയാകും, വിദേശത്തേക്ക് പോകാനാകുമോ, കുടുംബത്തിന് മുന്നേറ്റമുണ്ടാകുമോ എന്നീ ചോദ്യങ്ങൾക്ക് ഉത്തരമറിവാൻ ആളുകൾ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നു.  എന്നാൽ വചനത്തിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ പ്രവാചകന്റെ പ്രധാന ദൗത്യം മനുഷ്യരുടെ ഭാവിയെക്കുറിച്ചുള്ള കൗതുകം തീർക്കുക എന്നതല്ല. ദൈവത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക, അവരെ പാപത്തിൽ നിന്ന് ദൈവത്തിലേക്ക് തിരിച്ചു നയിക്കുക, ആത്മീയ ഉണർവ് സൃഷ്ടിക്കുക എന്നിവയാണ് യഥാർത്ഥ പ്രവാചകശുശ്രൂഷയുടെ ലക്ഷ്യം.

ലളിതമായ ഒരു ചോദ്യത്തിൽ നിന്നും ഈ ലേഖനം തുടങ്ങുന്നതാണ് ഉത്തമം. നമ്മുടെ ഇടയിൽ ആർക്കാണ് പ്രവാചകനിലൂടെ ദൈവത്തോടുള്ള ആദ്യ സ്നേഹത്തിൽ നിന്നകന്നുപോയ നമ്മെ തിരികെ കൊണ്ടുവരാൻ ഉള്ള ദൂത് കേൾക്കേണ്ടത്. യഥാർത്ഥത്തിൽ, ദൂത് കേൾക്കാൻ പോകുന്നത് നമ്മുടെ ഭാവിയെ ഉദ്ദേശിച്ചല്ലേ!. നിഷ്‍കളങ്കമായി ഒന്ന് നമ്മെ തന്നെ ശോധനചെയ്തു നോക്കുക. വീട് വെക്കുമോ, വാഹനം മേടിക്കുമോ, മക്കളുടെ വിവാഹം നടക്കുമോ, നല്ല ജോലി കിട്ടുമോ, വിദേശത്തു പോകാൻ പറ്റുമോ, പരീക്ഷക്ക്‌ വിജയിക്കുമോ, അങ്ങനെ പോകുന്നു ഒരു പട്ടിക.
ബൈബിളിലെ പ്രവാചകർ ജനങ്ങളുടെ വ്യക്തിപരമായ ഭാവി പറയുന്നവരായി നിലകൊണ്ടില്ല. അവർ ജനങ്ങളെ പശ്ചാത്താപത്തിലേക്കും നീതിയിലേക്കും വിശുദ്ധിയിലേക്കും ദൈവഭക്തിയിലേക്കും നയിച്ചു. ചിലപ്പോൾ അവർ വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റി സംസാരിച്ചു. പക്ഷേ അത് മനുഷ്യരുടെ കൗതുകം നിറവേറ്റാനല്ല, അവരെ തിരുത്താനും മുന്നറിയിപ്പ് നൽകാനും വേണ്ടിയായിരുന്നു. അതുകൊണ്ട് ബൈബിളിന്റെ വെളിച്ചത്തിൽ പ്രവാചകത്വത്തിന്റെ അർത്ഥം ഭാവി അറിയിക്കൽ അല്ല, ജീവിതദിശ ദൈവത്തിലേക്ക് തിരിച്ചു നയിക്കലാണ്.

പ്രവാചകൻ എന്നത് സ്വയം എടുത്തൊരു പദവിആകരുത്. ആരെങ്കിലും ചാർത്തി നൽകുന്ന ഒരു പദവിയും ആകരുത്. അത് ദൈവം നല്കുന്ന ഒരു വിളിയും ഉത്തരവാദിത്വവുമാണ്. യഥാർത്ഥ പ്രവാചകന്റെ ആദ്യ യോഗ്യത ദൈവത്തിന്റെ വിളിയാണ്. ബൈബിളിലെ പ്രവാചകർ ജനപ്രീതി തേടി ഈ സ്ഥാനത്ത് എത്തിയവർ അല്ല. അവർ ദൈവം വേർതിരിച്ചു വിളിച്ചവരായിരുന്നു. അതിനാൽ പ്രവാചകന്റെ അധികാരം മനുഷ്യരിൽ നിന്നല്ല, ദൈവത്തിൽ നിന്നാണ്. അതോടൊപ്പം ഒരു പ്രവാചകൻ ദൈവവചനത്തോടു വിശ്വസ്തനായിരിക്കണം. അവൻ സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും അല്ല, ദൈവം ഏല്പിച്ച സന്ദേശമാണ് പ്രസംഗിക്കേണ്ടത്. ആ സന്ദേശം ജനങ്ങൾക്ക് ഇഷ്ടപ്പെടാത്തതായാലും സത്യത്തിൽ നിന്ന് പിൻമാറാൻ പാടില്ല. അവന്റെ ജീവിതം തന്നെ അവൻ പറയുന്ന സന്ദേശത്തിന് സാക്ഷിയായിരിക്കണം. വിശുദ്ധിയും വിനയവും നീതിയും ദൈവഭക്തിയും ഇല്ലാത്ത ജീവിതം പ്രവാചകത്വത്തിന്റെ യാഥാർത്ഥ്യത്തെ സംശയാസ്പദമാക്കുന്നു. വചനത്തിൽ ഉടനീളം കാണുന്ന ഒരു പ്രവാചക ശബ്ദം അല്ല നമ്മുക്ക് നമ്മുടെ ഇടയിൽ ഇന്ന് കാണാൻ കഴിയുന്നത്.
ഇന്നത്തെ സഭാസമൂഹത്തിൽ “പ്രവാചകൻ” എന്ന പേരിൽ പ്രവർത്തിക്കുന്നവരെ പല ഇടങ്ങളിലും കാണാം. എന്നാൽ ബൈബിളിലെ പ്രവാചകരുടെ മാതൃകയുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യാസങ്ങൾ കാണാൻ കഴിയും. പലപ്പോഴും പ്രവാചകശുശ്രൂഷ എന്ന പേരിൽ നടക്കുന്ന കാര്യങ്ങൾ ആത്മീയ ഉണർവിനേക്കാൾ വ്യക്തിപരമായ പ്രതീക്ഷകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഇടങ്ങളിൽ വ്യക്തിപരമായ പ്രവചനങ്ങൾ, പ്രത്യേക പ്രാർത്ഥനകൾ, സ്വകാര്യ സെഷനുകൾ എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. ഇതിലൂടെ ആത്മീയ ശുശ്രൂഷ വ്യക്തിപരമായ ആഗ്രഹങ്ങൾ നിറവേറ്റുന്ന ഒരു സംവിധാനമായി മാറുന്ന അപകടം ഉണ്ടാകുന്നു.

നമ്മുടെ ഇടയിൽ കുറച്ചു അന്യഭാഷാ പറയുകയും, കുറച്ചു ശബ്ദം ഉണ്ടാക്കി, പരുക്കൻ സ്വരത്തിലും, ഭീഷണിയുടെ സ്വരത്തിലും പ്രസംഗിക്കുന്നവർ പ്രവാചകൻ എന്നോ, ഉണർവ് പ്രാസംഗികൻ എന്നോ നാം അറിയാതെ വിളിച്ചു പോകും. അതിന്റെ കൂടെ കുറച്ചു പൊതുവായ പ്രവചനം കൂടെ പറഞ്ഞാൽ പറയുകയും വേണ്ട. പ്രശ്നങ്ങൾ ഇല്ലാത്തവർ ആരും തന്നെ ഇല്ല.  പത്തു പേര് കൂടി വന്നാൽ, എന്തെങ്കിലും പ്രശ്നങ്ങൾ പൊതുവെ വിളിച്ചു പറഞ്ഞാൽ ആർക്കെങ്കിലും ഒക്കെ അത് കൊള്ളും. അത് എന്നെ കുറിച്ചാണല്ലോ പറഞ്ഞു എന്ന് തോന്നിയ ഒരുവൻ തന്നെ പറയും ഇയാൾ ഒരു പ്രവാചകൻ തന്നെ. പിന്നെ ഉള്ള കാര്യം പറയേണ്ടിയില്ലല്ലോ.

കേരളത്തിലെ സഭാസമൂഹത്തിൽ പ്രത്യേകിച്ച് 1980 കളിലും 1990 കളിലും ഒരു പ്രത്യേക സാഹചര്യം രൂപപ്പെട്ടു. ആ കാലഘട്ടത്തിൽ പെന്തെക്കോസ്ത് സമൂഹത്തിൽ നിന്നുള്ള പലരും അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിച്ചു. നല്ല സാമ്പത്തിക സാഹചര്യവും മെച്ചപ്പെട്ട ജീവിതവും മാത്രമല്ല, സഭയിലും സമൂഹത്തിലും ഒരു പ്രത്യേക സ്ഥാനവും പ്രതിഷ്ഠയും നേടുക എന്ന ആഗ്രഹവും ഉണ്ടായിരുന്നു. ഇതോടൊപ്പം പ്രവാചകസമ്മേളനങ്ങളും നവോത്ഥാനയോഗങ്ങളും കൂടുതൽ പ്രചാരത്തിലായി. പല കുടുംബങ്ങളും ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുകയും അവരുടെ കുടുംബത്തിന്റെ ഭാവി, വിദേശാവസരം, ജീവിതത്തിലെ മുന്നേറ്റം എന്നിവയെക്കുറിച്ച് കേൾക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ പലപ്പോഴും ചിന്തിക്കും, വിദേശരാജ്യത്തു പോയി നല്ല നിലയിൽ സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ടവരെങ്കിലും ഈ ഭാവി പ്രവചനം കേൾക്കുന്നത് നിർത്തും എന്ന്. പക്ഷെ അവരുടെ ഇടയിൽ ആണ് ഈ " പ്രവാചകൻ" മാർക്ക്‌ ഭയങ്കര ഡിമാൻഡ്.

ചില നവോത്ഥാനപ്രസംഗകർ ഈ ആഗ്രഹത്തെ ഉപയോഗപ്പെടുത്തി നിരവധി പ്രവചനങ്ങൾ പറയുകയും ചെയ്തു. വിദേശത്തേക്ക് പോകും, വലിയ അനുഗ്രഹം ലഭിക്കും, കുടുംബം ഉയരും, മക്കൾ മുന്നേറും തുടങ്ങിയ വാക്കുകൾ ആളുകളിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചു. എന്നാൽ അവയിൽ എല്ലാം യാഥാർത്ഥ്യമായിരുന്നോ എന്നത് ഇന്നും ചോദിക്കപ്പെടുന്ന ഒരു കാര്യമാണ്. സമൂഹത്തിൽ ഇതിനകം ഉണ്ടായിരുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും ചേർന്നപ്പോൾ ഇത്തരം പ്രവചനങ്ങൾ എളുപ്പത്തിൽ വിശ്വസിക്കപ്പെട്ടു.

വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയ ശേഷം പോലും ഈ പ്രവണത അവസാനിച്ചില്ല. പലരും വീണ്ടും പ്രവാചകരെ ക്ഷണിക്കുകയും ഭാവിയെക്കുറിച്ച് കേൾക്കാനുള്ള ആഗ്രഹം തുടരുകയും ചെയ്തു. കേരളത്തിൽ ഇരിക്കുമ്പോൾ ഭാവിയെക്കുറിച്ച് കേൾക്കാൻ പ്രവാചകർ ആവശ്യമെന്ന് തോന്നിയവർ വിദേശത്ത് എത്തിയ ശേഷവും അതേ ആവശ്യം തുടരുന്നു. ഇതിലൂടെ ഒരു കാര്യം വ്യക്തമാകുന്നു. ഭാവിയെക്കുറിച്ചുള്ള മനുഷ്യന്റെ ആഗ്രഹത്തിന് ഒരിക്കലും അവസാനമില്ല. എന്നാൽ ഈ പ്രവണത ആത്മീയ സ്ഥിരത നൽകുന്നതിനേക്കാൾ മനുഷ്യരെ കൂടുതൽ ആശ്രിതരാക്കാൻ ഇടയാക്കുന്നു. ഇങ്ങനെ ഉള്ള പ്രവചങ്ങൾ കേട്ടിട്ടു, സ്വന്തം കഠിനാധ്വാനം കൊണ്ടോ, ആഗ്രഹം കൊണ്ട് ചില സ്ഥാനങ്ങളിൽ എത്തിപെടുന്നു. അത് പ്രവാചകൻ പറഞ്ഞ പ്രവചനം ആയി കണക്കാക്കി, ദൈവ ഹിതം നിറവേറി എന്ന് അവകാശപ്പെടുന്നു.

ആത്മീയ ജീവിതത്തിലെ ഒരു പ്രധാന സത്യം ഇതാണ്: ഒരാൾ യഥാർത്ഥത്തിൽ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ വലിയ യോഗങ്ങളോ നിരവധി പ്രവചനങ്ങളോ ആവശ്യമില്ല. ബൈബിളിലെ ഒരു വചനം പോലും മനുഷ്യന്റെ ഹൃദയം മാറ്റാൻ മതിയാകും. ദൈവവചനം ഹൃദയത്തെ സ്പർശിക്കുമ്പോൾ മനുഷ്യൻ പാപത്തിൽ നിന്ന് തിരിഞ്ഞ് സത്യത്തിലേക്ക് വരാൻ കഴിയും. ഒരു വാക്ക്, ഒരു വിളി, ഒരു ആത്മീയ ബോധ്യം പോലും ജീവിതത്തിന്റെ ദിശ മാറ്റാൻ കഴിയും.

എന്നാൽ ഇന്നത്തെ പല സാഹചര്യങ്ങളിലും ഒരു വിചിത്രമായ അവസ്ഥയാണ് കാണുന്നത്. അനവധി നവോത്ഥാനയോഗങ്ങളും പ്രവാചകസമ്മേളനങ്ങളും നടക്കുന്നു. ആളുകൾ ആവേശത്തോടെ അവയിൽ പങ്കെടുക്കുന്നു. മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങളും പ്രവചനങ്ങളും നടക്കുന്നു. എന്നാൽ അതിന് ശേഷം ആളുകളുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റം ഉണ്ടാകുന്നുണ്ടോ എന്നത് ഗൗരവമായി ചോദിക്കേണ്ടതാണ്. പലപ്പോഴും ഇത്തരം യോഗങ്ങൾ കഴിഞ്ഞാലും ആളുകളുടെ ജീവിതത്തിൽ ചെറിയ മാറ്റം പോലും കാണാൻ കഴിയുന്നില്ല. അവർ നേരിട്ടിരുന്ന അതേ പ്രശ്നങ്ങളും ആശങ്കകളും ബന്ധനങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു.

അതിലും ശ്രദ്ധേയമായ കാര്യം, മാറ്റമില്ലെങ്കിലും ആളുകൾ വീണ്ടും വീണ്ടും ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നു എന്നതാണ്. അവർ വീണ്ടും എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയോടെ പോകുന്നു. അടുത്ത യോഗത്തിൽ പുതിയ “ദൂത്” കേൾക്കാമെന്ന് കരുതുന്നു. എന്നാൽ യഥാർത്ഥ ആത്മീയ മാറ്റം ഉണ്ടാകാതെ ഇത്തരം യോഗങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നുവെങ്കിൽ അതിനെ യഥാർത്ഥ നവോത്ഥാനം എന്ന് വിളിക്കാനാകുമോ എന്നത് ചോദിക്കേണ്ടതാണ്.

അതിനാൽ ആത്മീയ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വലിയ യോഗങ്ങളോ വലിയ പ്രവചനങ്ങളോ അല്ല. ദൈവത്തിന്റെ വചനത്തോട് ഉള്ള വ്യക്തിപരമായ പ്രതികരണമാണ്. ഒരാൾ സത്യസന്ധമായി ദൈവവചനം കേൾക്കുകയും അതനുസരിച്ച് ജീവിതം മാറ്റാൻ തയ്യാറാകുകയും ചെയ്താൽ ഒരു വാക്യം മാത്രം മതിയാകും. യഥാർത്ഥ ആത്മീയ ഉണർവ് ആരംഭിക്കുന്നത് മനുഷ്യന്റെ ഹൃദയം ദൈവവചനത്തിനു മുന്നിൽ തുറക്കുമ്പോഴാണ്.
വിദേശരാജ്യങ്ങളിലേക്കു കുടിയേറിയ പല വിശ്വാസികളുടെയും ജീവിതത്തിൽ മറ്റൊരു പ്രത്യേക പ്രവണത കാണാൻ കഴിയും. അവിടെ സ്ഥിരതയുള്ള ജോലി, നല്ല സാമ്പത്തിക നില, സുരക്ഷിതമായ ജീവിതസാഹചര്യം എന്നിവ ലഭിച്ചിട്ടുണ്ടെങ്കിലും, പലർക്കും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കൗതുകവും തുടരുന്നു. ഇതിന്റെ ഫലമായി ചില സഭകളും കൂട്ടായ്മകളും വീണ്ടും വീണ്ടും “പ്രവാചകയോഗങ്ങൾ” അല്ലെങ്കിൽ “നവോത്ഥാനയോഗങ്ങൾ” സംഘടിപ്പിക്കുന്നു. പ്രത്യേകിച്ച് ഭാവിയെക്കുറിച്ച് പറയുന്നവരായി അറിയപ്പെടുന്ന ചില പ്രസംഗകരെയാണ് ഇത്തരം യോഗങ്ങളിലേക്ക് ക്ഷണിക്കുന്നത്. അവർ കുടുംബത്തിന്റെ ഭാവി, ജോലി, മറ്റൊരു രാജ്യത്തിലേക്കുള്ള അവസരം, സാമ്പത്തിക മുന്നേറ്റം എന്നിവയെക്കുറിച്ച് പറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത്തരത്തിലുള്ള വാഗ്ദാനങ്ങളാണ് ആളുകളെ ആകർഷിക്കുന്നത്. ഒരാൾ തന്റെ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും പ്രത്യേകമായി പറയുമെന്ന് കരുതുമ്പോൾ സ്വാഭാവികമായും ആളുകൾ ആകർഷിക്കപ്പെടുന്നു. അതിനാൽ ഇത്തരം യോഗങ്ങളിൽ വലിയ ജനക്കൂട്ടം കാണുന്നത് അതിശയകരമല്ല. എന്നാൽ ഇവിടെ ഒരു അടിസ്ഥാനചോദ്യമുയരുന്നു: ഈ പ്രവചനങ്ങൾ കേൾക്കുന്നത് മനുഷ്യന്റെ ആത്മീയജീവിതത്തെ യഥാർത്ഥത്തിൽ വളർത്തുന്നുണ്ടോ?
പലപ്പോഴും സംഭവിക്കുന്നത് ഇതിനു വിരുദ്ധമാണ്. ഇത്തരം യോഗങ്ങൾ ചിലപ്പോൾ മനുഷ്യരുടെ മനസ്സിൽ സമാധാനത്തേക്കാൾ കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുന്നു. ഒരാൾക്ക് തന്റെ ജീവിതത്തെക്കുറിച്ച് ഒരു പ്രവചനം ലഭിച്ചാൽ, അത് സത്യമായിരിക്കുമോ എന്ന ചിന്ത തുടരും. അത് സംഭവിച്ചില്ലെങ്കിൽ നിരാശ ഉണ്ടാകും. ചിലപ്പോൾ മറ്റൊരാൾക്കു പറയുന്ന വാക്കുകൾ കേട്ട് ആളുകൾ സ്വന്തം ജീവിതത്തെക്കുറിച്ച് സംശയപ്പെടാനും തുടങ്ങും. ഇതിലൂടെ ആത്മീയ സ്ഥിരതയ്ക്ക് പകരം ആശയക്കുഴപ്പവും താരതമ്യവും അസന്തോഷവും വളരാൻ ഇടയാകുന്നു.

അതുകൊണ്ട് ഒരു ഗൗരവമായ ചിന്ത ഇവിടെ ആവശ്യമാണ്. ഇത്തരം പ്രവാചകയോഗങ്ങൾ എന്തിനാണ് സംഘടിപ്പിക്കുന്നത്? യഥാർത്ഥത്തിൽ ദൈവത്തിന്റെ വചനത്തിലേക്ക് ആളുകളെ നയിക്കാനാണോ, അല്ലെങ്കിൽ ഭാവിയെക്കുറിച്ചുള്ള കൗതുകം നിറവേറ്റാനാണോ? ബൈബിളിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ വിശ്വാസിയുടെ ജീവിതത്തിന്റെ കേന്ദ്രം ദൈവവചനവും ദൈവത്തോടുള്ള ബന്ധവുമാണ്. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ അതിന് ഉത്തരങ്ങൾ തേടുന്ന രീതിയാണ് വിശ്വാസജീവിതത്തിന്റെ ദിശയെ നിർണ്ണയിക്കുന്നത്.

ചിലപ്പോൾ ആളുകൾ സമാധാനം തേടി ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നു. പക്ഷേ അവർ അറിയാതെ തന്നെ അവരുടെ ജീവിതത്തിലേക്ക് കൂടുതൽ ആശയക്കുഴപ്പവും സമ്മർദ്ദവും ക്ഷണിക്കുകയാണ് ചെയ്യുന്നത്. കാരണം മനുഷ്യന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും പ്രവചനങ്ങളിലൂടെ വ്യക്തമായ ഉത്തരങ്ങൾ ലഭിക്കില്ല. ജീവിതത്തിന്റെ ഉറപ്പ് മനുഷ്യരുടെ വാക്കുകളിൽ അല്ല, ദൈവത്തോടുള്ള വിശ്വാസത്തിലാണ്.

യഥാർത്ഥ ആത്മീയജീവിതം മനുഷ്യനെ സമാധാനത്തിലേക്കാണ് നയിക്കുന്നത്. ദൈവത്തിന്റെ സാന്നിധ്യം മനുഷ്യന്റെ ഹൃദയത്തിൽ ഉറച്ച വിശ്വാസവും ആശ്വാസവും നൽകുന്നു. എന്നാൽ ഭാവിയെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണവും പ്രവചനങ്ങളിലേക്കുള്ള ആശ്രയവും പലപ്പോഴും മനുഷ്യനെ കൂടുതൽ അസ്ഥിരനാക്കും.

അതുകൊണ്ട് വിശ്വാസികൾ ഒരു പ്രധാന ചോദ്യമെങ്കിലും സ്വയം ചോദിക്കണം: നാം ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യുന്നത് എന്തിനാണ്? ദൈവ വചനം കേൾക്കാൻ ആണോ,അല്ലെങ്കിൽ ഭാവിയെക്കുറിച്ചുള്ള വാക്കുകൾ കേൾക്കാനാണോ? യഥാർത്ഥ സമാധാനം ലഭിക്കുന്നത് ദൈവത്തിന്റെ സാന്നിധ്യത്തിൽ നിന്നാണ്. മനുഷ്യരുടെ വാക്കുകൾ കേട്ട് ഭാവിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും സമാധാനത്തേക്കാൾ കൂടുതൽ സംഘർഷങ്ങളെയും ആശങ്കകളെയും ജീവിതത്തിലേക്ക് കൊണ്ടുവരും. അതുകൊണ്ടു വചനത്തിന്റെ അടിസ്ഥാനം ഇല്ലാത്ത പ്രവാചകൻ നമ്മുക്ക് ആവശ്യം ഇല്ല. ഭാവി പ്രവചനം കേൾക്കാൻ ആണെങ്കിൽ വേറെ എത്രയോ അധികം മാർഗങ്ങൾ ഉണ്ട്. എന്തിനാണ് ഉണർവിന്റെ പേരും പറഞ്ഞതു വെറുതെ പണവും സമയവും  പാഴാക്കുന്നത്. ദൈവത്തിൽ ആശ്രയം വെക്കുക. ദൈവമാണ് എല്ലാത്തിന്റെയും ഉടയവൻ.

Advertisement