പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവ് ഇവാ.ജോർജ് പീറ്റർ ചിറ്റൂർ കർത്തൃസന്നിധിയിൽ
പാലക്കാട് : പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും ബ്രദറൺ സഭകളുടെ പ്രമുഖ സീനിയർ സുവിശേഷകനും വേദാദ്ധ്യാപകനുമായ ഇവാ. ജോർജ് പീറ്റർ ചിറ്റൂർ (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 28 ന് ശനിയാഴ്ച രാവിലെ 9 ന് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം കൊഴിഞ്ഞാമ്പാറയിലുള്ള സഭാസെമിത്തേരിയിൽ നടക്കും.
അരനൂറ്റാണ്ടിലേറെയായി ക്രൈസ്തവ സാഹിത്യ രംഗത്തും ഗാനരചനയിലും സുവിശേഷ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ഇവാ. ജോർജ് പീറ്ററിൻ്റെ പാട്ടുകൾ ഏറെ ശ്രദ്ധേയവും ക്രൈസ്തവ കൈരളിക്ക് പ്രിയപ്പെട്ടവയും ആയിരുന്നു.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ സഭാ വ്യത്യാസം കൂടാതെ പാടി ആശ്വസിച്ചിരുന്ന ഒട്ടേറെ ഗാനങ്ങൾക്ക് പിറവി നല്കാൻ ദൈവം കരങ്ങളിലെടുത്ത അനുഗ്രഹീത ഗാനരചയിതാവായിരുന്നു ജോർജ് പീറ്റർ ചിറ്റൂർ.
യേശു എനിക്ക് എത്ര നല്ലവനാം, കർത്താവിൽ എന്നും എൻ്റെ ആശ്രയം, വിശ്വാസ ജീവിത പടകിൽ ഞാൻ, എത്ര നല്ലവൻ യേശുപരൻ തുടങ്ങി പാടിപതിഞ്ഞ 150-പരം ഗാനങ്ങളുടെ രചയിതാവാണ്. നിരവധി കവിതകളും രചിച്ചിട്ടുണ്ട്. 'മോചനം' എന്ന കവിത സമാഹാരവും 'അഭിഷിക്തനും അഭിഷേകവും' എന്ന ഗ്രന്ഥവും ഏറെ പ്രസിദ്ധമാണ്. 'ആശ്വാസ ഗാനങ്ങൾ' എന്ന പേരിൽ നിരവധി ഓഡിയോ സംഗീത ആൽബങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ സാഹിത്യ അക്കാദമി, ബൈബിൾ സാഹിത്യ പ്രവർത്തകസമിതി തുടങ്ങി നിരവധി സംഘടനകളുടെ അവാർഡുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സുവിശേഷ ധ്വനി മാസികയുടെ എഡിറ്റോറിയൽ ബോർഡംഗവും മലബാർ മെസഞ്ചറിന്റെ ചീഫ് എഡിറ്ററുമായി പ്രവർത്തിച്ചു. സുൽത്താൻബത്തേരി, അട്ടപ്പാടി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ (പാലക്കാട്) എന്നീ സ്ഥലങ്ങളിൽ സഭകൾ സ്ഥാപിച്ചു.
പരേതനായ സുവിശേഷകൻ ടി.ടി. വർഗീസിന്റെ മകൾ പരേതയായ റോസമ്മയാണ് ഭാര്യ. മക്കൾ: സുവി.സജി (ചിറ്റൂർ), ബിജു (അബുദാബി). മരുമക്കൾ: മിനി, ഷേർളി.
Advertisement






















































