കേൾക്കുന്നതെന്ത്? ശ്രദ്ധിക്കുന്നതാരെ?

കേൾക്കുന്നതെന്ത്? ശ്രദ്ധിക്കുന്നതാരെ?
പാസ്റ്റർ വി.പി. ഫിലിപ്പ്
മാധ്യമങ്ങളുടെ അതിപ്രസരം ഇന്നിന്റെ ജീവിതത്തിൽ ഒരു വലിയ വെല്ലുവിളിയായിരിക്കുന്നു. ഒരു വാർത്ത ഒരുപാടു തവണ കേൾക്കേണ്ടിവരുന്നു. ആ വാർത്തയുടെ വിശകലനവും വിധിനിർണ്ണയവും പല ചാനലുകളിൽ ആവർത്തിയ്ക്കപ്പെടുന്നു. ഒടുവിൽ അവതാരകർ തന്നെ പറയുന്നു "ഈ വാർത്ത നമ്മെ ആശങ്കപ്പെടുത്തുന്നു", "ഈ ദേശത്തുള്ളവർ ആശങ്കയിലാണ്".
സൈബർ വാർത്താ തരംഗത്തിന്റെ ഇടയിൽ അസ്വസ്ഥത അനുഭവിക്കുന്ന തലമുറയിൽ നാം കേൾക്കേണ്ട ശബ്ദം യേശുക്രിസ്തുവിന്റേതാണ്. ദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തുവിന് എല്ലാ തലമുറയോടും നൽകുവാൻ ഒരു സന്ദേശമുണ്ട്. ശബ്ദകോലഹാലങ്ങളുടെ നടുവിൽ നാം ആർക്ക് ചെവി കൊടുക്കുന്നു എന്നതാണ് പ്രാധാനം. വ്യത്യസ്ത തലങ്ങളിൽ സന്ദേശം സ്വീകരിക്കുവാൻ കഴിയും. കണ്ടും കേട്ടും അനുഭവച്ചും സന്ദേശങ്ങൾ സ്വീകരിക്കാം അഥവാ പഞ്ചേന്ദ്രിയങ്ങളിലൂടെ സന്ദേശം സ്വീകരിക്കാം.
ചെവികൊണ്ട് 20%മാനവും കണ്ണുകൊണ്ട് 40%ഉം കണ്ണും ചെവിയും ഉപയോഗിച്ച് 60%ഉം കണ്ണും ചെവിയും ശാരീരിക പങ്കാളിത്തവും വഴി 90%ഉം കാര്യങ്ങൾ ഗ്രഹിക്കുവാൻ ഒരാൾക്ക് കഴിയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇതിൽ കേൾക്കുന്നവരിൽ 20%ഉം കാണുകയും കേൾക്കുകയും ചെയ്യുന്നവയിൽ 50%ഉം ഒരാൾ ഓർത്തിരിക്കും. 20%മാനം മാത്രമുളള ചെവിയുടെ സാധ്യത ഒരാൾക്ക് എത്രമാത്രം ഉപയോഗിക്കുവാൻ കഴിയും എന്നത് പ്രസക്തമായ ചോദ്യമാണ്. ഈ പശ്ചാത്തലത്തിൽ, 'ഇവൻ എന്റെ പ്രിയ പുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു ഇവന് ചെവി കൊടുപ്പിൻ (മത്തായി 17:15) എന്ന പിതാവാം ദൈവത്തിന്റെ നിർദ്ദേശം പൂർണ്ണമായ ശ്രദ്ധയ്ക്കും അനുസരണത്തിനുമുള്ള ആഹ്വാനമാണ്. യേശുക്രിസ്തുവിന്റെ സ്‌നാന സമയത്ത് വെള്ളത്തിൽ നിന്ന് യേശു കയറുമ്പോൾ സ്വർഗ്ഗത്തിൽ നിന്ന് സമാനമായ ശബ്ദം ഉണ്ടായി; ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു (മത്താ. 3:17). നാം ആർക്ക് ചെവി കൊടുക്കുന്നു തിരക്കേറിയ ജീവിതത്തിന് ഇടയിൽ ദൈവ ശബ്ദം കേൾക്കുവാൻ കഴിയുന്നുണ്ടോ? നാം കേൾക്കേണ്ട ശബ്ദം യേശുനാഥന്റേതാണ്.
- ജ്ഞാനികളുടെ ചെവി
ശരിയായി കേൾക്കുവാൻ കഴിയണമെങ്കിൽ നമ്മുടെ ചെവി ജ്ഞാനികളുടെ ചെവിയായിരിക്കണം. 'ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു' (സദൃ. 18:15). ജ്ഞാനത്തോടെ കേട്ടങ്കിൽ മാത്രമേ, കേട്ട അറിവുകൾ പരിജ്ഞാനമായി തീരുകയുള്ളൂ. ദൈവത്തിന്റെ വചനം കേട്ട് അനുസരിക്കുന്നത് ഒരുവന്റെ ജീവിതത്തിലെ ഭാഗ്യമാണ്. 'ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചു കളഞ്ഞാൽ അവന്റെ പ്രാർത്ഥന തന്നെയും വെറുപ്പാകുന്നു' (സദൃ. 28:9). - യഹോവ അയച്ച പ്രവാചകൻ
ദൈവം യിസ്രയേൽ ജനത്തിനുവേണ്ടി മോശയോട് ഇങ്ങനെ അരുളിചെയ്തു; 'നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരൻമാരുടെ ഇടയിൽ നിന്ന് എഴുന്നേൽപ്പിച്ചു തരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം...അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോട് ഞാൻ ചോദിക്കും' (ആവ. 18:15-19). ആരാണ് ഈ പ്രവാചകൻ എന്ന് പത്രോസ് വിശദീകരിക്കുന്നു; '...-നിങ്ങൾക്ക് മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കുകയും ചെയ്യും. ദൈവം ലോകാരംഭംമുതൽ തന്റെ വിശുദ്ധ പ്രവാചകൻമാർ മുഖാന്തരം അരുളിചെയ്തത് ഒക്കെയും യഥാസ്ഥാനത്ത് ആകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽ നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേൽപ്പിച്ച് തരും; അവൻ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്ക് കേൾക്കേണം. ആ പ്രവാചകന്റെ വാക്ക് കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്ന് ഛേദിക്കപ്പെടും എന്ന് മോശെ പറഞ്ഞുവല്ലോ' (അപ്പോ. പ്രവൃ. 3:20-23). ദൈവം മാനവകുലത്തിന് നൽകിയ ഏറ്റവും വലിയ പ്രവാചകൻ യേശുക്രിസ്തു ആണ്. നാം കേൾക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ശബ്ദം യേശുവിന്റെ ശബ്ദമാണ്. - കെട്ടുകഥ കേൾക്കുന്ന കാലം
ആധുനിക സമൂഹത്തിന്റെ പ്രത്യേകത നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധ പൗലോസ് തിമഥിയോസിന് എഴുതുമ്പോൾ ഇങ്ങനെ വിശദ്ധീകരിച്ചു; 'അവർ പഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറ് സ്വന്ത മോഹങ്ങൾക്ക് ഒത്തവണ്ണം ഉപദേഷ്ടക്കാൻമാരെ പെരുക്കുകയും സത്യത്തിന് ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും' (2തിമോ. 4:3,4). ശരിയായ വാർത്ത അറിയുവാനും അതുവഴി ജ്ഞാനം സമ്പാദിക്കുവാനോ അല്ല ഇന്ന് മനുഷ്യൻ ശ്രമിക്കുന്നത്. കെട്ടുകഥകളും മായാവികഥകളും മനുഷ്യൻ ഇഷ്ടപ്പെടുന്നു. ഇല്ലാത്തത് ഉണ്ടാക്കി പറയുന്നതാണ് മനുഷ്യന് ഇഷ്ടം. കൂടുതൽ 'വൈറൽ' ആകുന്നത് മനുഷ്യൻ ഇഷ്ടപ്പെടുന്നു. അവയിൽ കൂടുതലും നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കുന്നവയായിരിക്കും. എന്നാൽ സത്യത്തിനു ചെവികൊടുക്കുവാനാണ് വേദപുസ്തക ആഹ്വാനം. - നിത്യജീവന്റെ മൊഴികൾ എവിടെ?
നിത്യ ജീവന്റെ മൊഴികൾ യേശുക്രിസ്തു പങ്കുവെച്ചു. അത്ഭുതം കാണുകയും അപ്പം തിന്നുകയും ചെയ്ത ജനത്തിന് യേശുവിന്റെ വാക്ക് കഠിനവാക്ക് ആയിരുന്നു. ഇത് ആർക്ക് കേൾപ്പാൻ കഴിയും എന്ന് അവർ ചോദിച്ചു. എന്നാൽ പത്രോസിന്റെ പ്രസ്താവന പ്രസക്തമായിരുന്നു. 'ശിമോൻ പത്രോസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും നിത്യജീവിന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു' (യോഹ. 6:68,69). യേശുവിന്റെ മൊഴികൾക്ക് ചെവികൊടുക്കുവാൻ ശിഷ്യന്മാർക്ക് കഴിഞ്ഞു. യഥാർത്ഥ ശിഷ്യൻ ആകൃഷ്ടനാകേണ്ടത് അത്ഭുതങ്ങളിലും അടയാളങ്ങളിലും അല്ല. മറിച്ച് യേശുവിന്റെ ജീവമൊഴികളിലാണ്. അന്നും ഇന്നും മാനവസമൂഹം കേൾക്കേണ്ട മൊഴികൾ യേശുക്രിസ്തുവിന്റെ നിത്യ ജീവന്റെ മൊഴികളാണ്. നിത്യതയിലേക്കുള്ള വഴിയായ ക്രിസ്തു തിരുമൊഴിയായി ആ വചനങ്ങൾ നമുക്ക് നൽകിയിരിക്കുന്നു. പാപത്തെയും ശാപത്തെയും മരണത്തേയും അതിജീവിക്കുവാൻ യേശുവിന്റെ മൊഴികൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. - കേൾക്കുക, പ്രമാണിക്കുക
യേശുവിന്റെ വചനങ്ങൾ കേട്ട ഒരു സ്ത്രീ ഉച്ചത്തിൽ യേശുവിനോട് പറഞ്ഞു; 'നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ' എന്നാൽ യേശുവിന്റെ മറുപടി ഇതായിരുന്നു 'അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ' (ലൂക്കോ. 11:27,28). യഥാർത്ഥ കേൾവി അനുസരണയിലേക്ക് നയിക്കണം. വചനം ലാഘവത്തോടെ കേട്ടിരുന്നാൽ പോരാ, അത് പ്രമാണിക്കുന്നവരാണ് ഭാഗ്യവന്മാർ. കേൾക്കുക, ശ്രദ്ധിക്കുക, അനുസരിക്കുക ഇവയാണ് ശിഷ്യന്മാരെ ഭാഗ്യവാന്മാരാക്കി തീർക്കുന്നത്.
യേശുവിന്റെ സ്വരം കേട്ട് അത് പ്രമാണിച്ച് ഈ ഭൂമിയിൽ നടക്കുന്നവർ 'ഇവിടെ കയറി വരിക' എന്നൊരു സ്വരം കേൾക്കുവാൻ പോകയാണ്. അത് എല്ലാവർക്കും കേൾക്കുവാൻ കഴിയുകയില്ല. ജീവിത സമയത്ത് യേശുവിന്റെ വചനം കേൾക്കുകയും, പ്രമാണിക്കുകയും ചെയ്യുന്നവർ ആ ശബ്ദം കേൾക്കും. കേൾക്കുവാൻ കഴിയുന്നുണ്ടോ യേശു നാഥന്റെ സ്വരം? അവന്റെ മൊഴികളാണ് നിത്യജീവന്റെ മൊഴികൾ
Advertisement